മോഹൻലാലിൻ്റെ തുടരും കണ്ട് തിയറ്റർ വിട്ടിറങ്ങുമ്പോഴും പ്രേക്ഷക മനസ് നിറയെ ജോർജ് സാറാണ്. 'ഹലോ. ജോർജ് സാറാണേ' എന്ന് സ്വയം പരിചയപ്പെടുത്തി ചിരിച്ചുകൊണ്ട് സ്ക്രീനിലേക്ക് എത്തിയ കൊടും വില്ലൻ. സംവിധായകൻ തരുൺ മൂർത്തിയും കഥാകൃത്ത് കെ ആർ സുനിലും ചേർന്ന് ജോർജ് സാറിലൂടെ മലയാളിക്ക് തന്നത് ലാലേട്ടന് ഒത്ത വില്ലനെയാണ്... കയ്യടക്കത്തോടെ ആ റോൾ ഗാംഭീരമാകിയത് പരസ്യചിത്രങ്ങളിൽ ലോക ശ്രദ്ധ നേടിയ പ്രകാശ് വർമയാണ്. ചിത്രത്തിൻ്റെ വിശേഷങ്ങളും അനുഭവങ്ങളും ആദ്യമായി മനോരമ ന്യൂസിനോട് പങ്കുവച്ച് പ്രകാശ് വർമ.
ലാലേട്ടനൊത്ത വില്ലന്‍; തുടരുമിന്‍റെ ഭാഗമായത്....
തിരക്കഥാകൃത്ത് കെ.ആര്‍.സുനിലുമായുള്ള ബന്ധമാണ് സിനിമയിലേക്ക് എത്തിച്ചത്. സുനില്‍ എന്‍റെ വീട്ടില്‍ വന്ന സമയം ഞാന്‍ അറിയാതെ എന്‍റെ ഫോട്ടോസെടുത്ത് തരുണിന് അയച്ചുകൊടുത്തു. 'വളരെ നല്ലൊരു മനുഷ്യന്‍റെ ക്യാരക്ടര്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് പറ്റിച്ചാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്'. ബോംബെയില്‍ വച്ച് ചര്‍ച്ചകള്‍ നടന്നു. പിന്നീട് ബാംഗ്ലൂരിലെ വീട്ടിലെത്തിയാണ് കഥ പറഞ്ഞത്. തരുണിന്‍റെ കഥ പറച്ചിലാണ് എടുത്തുപറയേണ്ടത്, ആ സംവിധായകന്‍ കഥ വിവരിക്കുന്നത് അസൂയ തോന്നിപ്പിക്കും വിധമാണ്. അതില്‍ ഞാന്‍ വീണുപോയി. കരിയറില്‍ അങ്ങനെയൊരു കഥ പറച്ചില്‍ ആദ്യമാണ്. അത്ര ഡീറ്റെയില്‍ഡ് ആന്‍റ് ബ്യൂട്ടിഫുള്‍ ആണ് ആ പറച്ചില്‍... കഥ കേട്ടുകഴിഞ്ഞപ്പോള്‍ സീനാകെ മാറി. ലാലേട്ടന്‍, ശോഭന, മണിയന്‍പിള്ള രാജു, ബിനു പപ്പു തുടങ്ങി വലിയ താരനിര. ഇവര്‍ക്കൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് ആലോചിച്ച് ആകെ ടെന്‍ഷനായി. എവിടെയും എളുപ്പമുള്ള പാതകള്‍ തിരഞ്ഞെടുക്കാത്ത ഞാന്‍ ഈ ബുദ്ധിമുട്ടേറിയ വഴി തിരഞ്ഞെടുക്കാന്‍ തന്നെ തീരുമാനിച്ചു. പേടി മനസില്‍ വച്ച് യെസ് പറഞ്ഞു. ചലഞ്ച് ഏറ്റെടുത്തു. എന്നെപോലെ ഇതുവരെ സിനിമയില്‍ അഭിനയിക്കാത്ത ഒരാള്‍ക്ക് ഈ കഥാപാത്രം നല്‍കി എന്നത് തന്നെ തരുണും ലാലേട്ടനും സുനിലും രജപുത്ര രഞ്ജിത്തും ബിനുവും എടുത്ത വെല്ലുവിളിയാണ്.അതാണ് അവരുടെ ബ്രില്യന്‍സും.
25 വര്‍ഷത്തിലധികമായി പരസ്യ ചിത്രരംഗത്തും ക്യാമറയ്ക്ക് പുറകിലും സജീവമാണ്. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ കഥയും കഥാപാത്രങ്ങളും സംബന്ധിച്ച ക്ലാരിറ്റി എനിക്കുണ്ട്. ഒരു നടനായി പോകുമ്പോഴും ആ ക്ലാരിറ്റി വേണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു. പിന്നെ തരുണ്‍ എന്ന സംവിധായകന്‍ ഗംഭീരമാണ്, പ്രചോദിപ്പിക്കുന്നയാളുമാണ്, അതുകൊണ്ട് കാര്യങ്ങള്‍ എനിക്ക് ഈസിയായിരുന്നു. അവിടെ ഞാന്‍ എന്‍റെ എക്സ്പീരിയന്‍സ് എല്ലാം മാറ്റി വച്ചു. വളരെ ഹാപ്പിയായി അവര്‍ പറയുന്ന കഥ, നിര്‍ദേശം എല്ലാം മനസിലാക്കി ചെയ്യുകയായിരുന്നു.
കഥയില്‍ എഴുതിവച്ചിരിക്കുന്ന ജോര്‍ജ് സാറിനെ പൂര്‍ണതയിലെത്തിക്കാന്‍ മാക്സിമം ശ്രമിച്ചു, വളരെ സോഫ്റ്റായി കളിച്ചും ചിരിച്ചും തമാശയും പറഞ്ഞു വന്ന് ചെറിയ മാറ്റത്തിലൂടെ കൊടും വില്ലന്‍ കാരക്ടറായി മാറുന്ന അവസ്ഥ തന്നെയാണ് ആ കഥാപാത്രത്തെ ജനങ്ങളിലെത്തിച്ചതും. ചെറിയ ചലനങ്ങള്‍ പോലും സൂക്ഷ്മമായി ശ്രദ്ധിച്ചിരുന്നു. മുഖഭാവവും, വേഷത്തിലും ഉള്‍പ്പെടെ...വീണ്ടും വീണ്ടും സിനിമ കാണുന്ന ആളുകള്‍ക്ക് ഒരു കുറ്റവും പറയാന്‍ ഇടവരാത്ത രീതിയില്‍ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. എന്‍റെ ശബ്ദവും ആ വില്ലന് കൂടുതല്‍ പോസിറ്റീവായി എന്ന് കരുതുന്നു. ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞ് തരുണ്‍ പറഞ്ഞത് എനിക്കിപ്പോഴും ഓര്‍മയുണ്ട്.'എനിക്ക് എന്‍റെ ജോര്‍ജ് സാറിനെ കിട്ടി'. നിര്‍മാതാവ് രഞ്ജിത്തേട്ടന്‍,മണിയന്‍പിള്ള രാജു ചേട്ടന്‍ എല്ലാം പറഞ്ഞു, 'എവിടെയായിരുന്നു ഇത്രയും കാലം...' എവിടെയെങ്കിലും തെറ്റുമോ എന്ന ആശങ്ക പറയുമ്പോള്‍ ലാലേട്ടന്‍ ചോദിക്കും, 'ആരാ ഈ പറയുന്നേ...'എന്നൊക്കെ. ലാലേട്ടന്‍റെ കഥാപാത്രം തരുന്നൊരു കോണ്‍ഫിഡന്‍സ് ഉണ്ട്. ഒരോ ഷോട്ട് നന്നാവുമ്പോഴും അദ്ദേഹം എന്‍റെ കൈ മുറുകെ പിടിക്കും...അതുമതി തുടര്‍ന്നും നന്നായി ചെയ്യാന്‍ ഉള്ള കോണ്‍ഫിഡന്‍സിന്. എനിക്ക് എല്ലാവരും ആ സെറ്റില്‍ തന്ന റെസ്പെക്ടും എടുത്തുപറയേണ്ടതാണ്. ഫാന്‍ ബോയ് മൊമന്‍റായിരുന്നു തുടരും.. ലാലേട്ടന്‍റെ വലിയ ആരാധകനെന്നതിലപ്പുറം അദ്ദേഹത്തെ കണ്ട് പഠിച്ചതാണ് ഇന്നും ചെയ്യുന്നത്. ലാലേട്ടന്‍റെ സൂക്ഷ്മ ചലനങ്ങള്‍ വരെ ശ്രദ്ധിക്കുമായിരുന്നു. വിരലിന്‍റെ ചലനങ്ങള്‍, തിരിയുന്നതിന്‍റെ ടൈമിങ്, എല്ലാം ലാലേട്ടനില്‍ നിന്ന് പഠിച്ചതാണ്. ഞാന്‍ തയ്യാറാക്കുന്ന പരസ്യചിത്രങ്ങളിലെ കഥാപാത്രങ്ങളിലും അതാണ് കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. ആ ഫാന്‍ ബോയ് ലാലേട്ടന് ഒപ്പം നിന്ന് സ്ക്രീന്‍ പങ്കിടുക എന്നത് എത്ര വലിയ ഭാഗ്യമാണ്. ഞാന്‍ ചെയ്യുന്ന തൊഴിലിനെ കുറിച്ച് നല്ല ബോധമുള്ള ആളാണ് ലാലേട്ടന്‍. ഫൈറ്റ് സീനിലെല്ലാം എന്നെ സംരക്ഷിക്കുന്നത് കാണുമ്പോള്‍ എനിക്ക് ആ ഇഷ്ടം കൂടും. ലാലേട്ടന്‍ അടിപൊളിയാണ്, അങ്ങനെ ഒരുപാട് പഠിക്കാനുണ്ട്.
ലാലേട്ടന്‍റെ ഡാന്‍സ് കാണാന്‍ തിയറ്ററില്‍ പോയിരുന്ന ഒരാളായിരുന്നു ഞാന്‍. ആ സീന്‍ എനിക്ക് വന്നുകിട്ടിയ മഹാഭാഗ്യമാണ്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട പാട്ട് വച്ച് ലാലേട്ടനെ പോലെ ഒരു മഹാനടന്‍റെ അടുത്ത് ഡാന്‍സ് ചെയ്യാന്‍ പറയുക എന്നതും എനിക്ക് പെര്‍ഫോം ചെയ്യാന്‍ പറ്റുക എന്നതും ഭാഗ്യമായി കാണുന്നു. 'ഇതെന്‍റെ കഥയാടാ...'ആ ഡയലോഗ് അറംപറ്റി ആ കഥാപാത്രത്തിന് ഒരു ബലം കൊടുത്തതാണ് ആ ഡയലോഗിലൂടെ...സിനിമയില്‍ ആ ഡയലോഗ് അത്ര പ്രധാനപ്പെട്ടതാണ്. ലാലേട്ടന്‍റെ കഥാപാത്രത്തിന് അത്രതന്നെ പ്രാധാന്യം നല്‍കുന്നതു കൂടിയാണ് ആ ഡയലോഗ്. മറ്റ് നടന്‍മാരോട് താരതമ്യം ചെയ്യുന്നത്... കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെങ്കിലും അങ്ങനെയൊരു താരതമ്യം വല്ലാതെ ഭയപ്പെടുത്തുന്നു. താരതമ്യം ചെയ്തു പറയുന്നതെല്ലാം ലെജന്‍ററി നടന്‍മാരോടാണ്. അവരോട് എക്കാലത്തും ബഹുമാനമാണ്. സിനിമ കണ്ട് ഇപ്പോള്‍ നിരവധി അവസരങ്ങള്‍ വരുന്നുണ്ട്. പക്ഷേ ബാക്കി വച്ച എന്‍റെ തന്നെ പ്രൊജക്റ്റുകളുണ്ട്. അത് കഴിഞ്ഞ ശേഷം ഇതുപോലെ നല്ല കഥാപാത്രങ്ങള്‍ വരികയാണെങ്കില്‍ ഉറപ്പായും ഇവിടെ തന്നെ കാണും.... തരുണ്‍ കഥപറഞ്ഞു വീഴ്ത്തി; ഇതെന്‍റെ കഥ തന്നെ മാറ്റിയെടാ; ജോര്‍ജ് സാര്‍ തുടരും