ഷൈന്‍ ടോം ചാക്കോയില്‍നിന്ന് തനിക്കും മോശം അനുഭവമുണ്ടായെന്ന് സൂത്രവാക്യം സിനിമയില്‍ അഭിനയിച്ച നടി. മനോരമ ന്യൂസിനോടാണ് പുതുമുഖ നടി അപര്‍ണ ജോണ്‍സിന്‍റെ വെളിപ്പെടുത്തല്‍. സെറ്റില്‍ വച്ച് സ്ത്രീയ്ക്ക് മാനസികബുദ്ധിമുട്ട് ഉണ്ടാക്കുന്നവിധം ഷൈന്‍ പെരുമാറുകയും സംസാരിക്കുകയും ചെയ്തു. ഷൈന്‍ സംസാരിക്കുമ്പോള്‍ വെളുത്ത പൊടി വായില്‍നിന്ന് വീഴുന്നുണ്ടായിരുന്നു. അത് ലഹരിമരുന്നാണോ എന്നറിയില്ലെന്നും അപര്‍ണ പറഞ്ഞു.
അതേസമയം, സിനിമാ ലോകത്തെ ലഹരിക്ക് തടയിടാന്‍ ശനിയാഴ്ച സിനിമാ സംഘടനകളുടെ യോഗം വിളിച്ച് പൊലീസ്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരുടെയും വിതരണക്കാരുടെയും പട്ടിക തയാറാക്കി. ലഹരി ഉപയോഗത്തേക്കുറിച്ച് വിവരം നല്‍കുന്ന നടികള്‍ ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിച്ച് കേസെടുക്കുന്ന പദ്ധതി തയാറാക്കിയെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം. ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ കേസില്‍ പിന്നോട്ടില്ലെന്നും എ.ഡി.ജി.പി മനോരമ ന്യൂസിനോട് പറഞ്ഞു.
ഷൈന്‍ ടോം ചാക്കോയുടെ ഓട്ടത്തിന് മുന്‍പ് തന്നെ സിനിമയിലെ ലഹരിയേക്കുറിച്ച് പൊലീസ് അന്വേഷിച്ചിറങ്ങിയിരുന്നു. ലഹരി ഉപയോഗം വ്യാപകമെന്നാണ് കണ്ടെത്തല്‍. ലൊക്കേഷനും കാരവനും ഹോട്ടലുമെല്ലാം മറകളാക്കി അഭിനേതാക്കള്‍ മുതല്‍ അണിയറപ്രവര്‍ത്തകര്‍ വരെ ലഹരി ഉപയോഗിക്കുന്നു. ക്ഷീണം കൂടാതെ കൂടുതല്‍ സമയം ജോലിയെടുക്കലടക്കം പലലക്ഷ്യങ്ങള്‍. സ്ഥിരമായി ഉപയോഗിക്കുന്നവരുടെയും ഏതാനും വിതരണക്കാരുടെയും പട്ടികയും തയാറാക്കി. ഇനി പൊലീസിന്‍റെ ആക്ഷന്‍ സമയമാണ്. സിനിമ സംഘടനകള്‍ സഹകരണം അറിയിച്ചതിനാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനേക്കുറിച്ച് ആലോചിക്കാന്‍ ശനിയാഴ്ച കൊച്ചിയില്‍ സംയുക്ത യോഗം ചേരും.
ലഹരിയേക്കുറിച്ചറിഞ്ഞിട്ടും നിയമനടപടിക്ക് തയാറാകാത്ത വിന്‍ സിയേപോലുള്ളവര്‍ക്ക് ആത്മവിശ്വാസം നല്‍കാനും പദ്ധതിയുണ്ട്. വിവരം അറിയിച്ചാല്‍ പേര് രഹസ്യമായി സൂക്ഷിച്ച്, അവരെ ഉള്‍പ്പെടുത്താതെ പൊലീസ് സ്വമേധെയാ കേസെടുത്തോളാമെന്നാണ് പൊലീസിന്‍റെ ഉറപ്പ്.
ലഹരി ഇടപാടില്‍ പങ്കുള്ളതുകൊണ്ടാണ് ഷൈന്‍ ഓടിയതെന്ന് തന്നെയാണ് പൊലീസിന്‍റെ നിലപാട്. രാസപരിശോധനാഫലത്തിനൊപ്പം ഷൈനിന്‍റെ മൊഴികളിലെ പൊരുത്തക്കേടുകള്‍ കേന്ദ്രീകരിച്ച് തെളിവ് ശേഖരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.