2025ലെ ആദ്യ സൂപ്പർഹിറ്റ് സിനിമയാണ് ‘രേഖാചിത്രം’. 'കാതോട് കാതോരം' എന്ന സിനിമയ്ക്കിടയിലെ ഒരു പാട്ട് സീനിൽ നിന്ന് കൊരുത്തെടുത്ത ത്രെഡാണ് ‘രേഖാചിത്ര’മായി പരിണമിച്ചത്. പുതുവഴിയിലൂടെ പുതുമയുള്ള കഥ പറഞ്ഞ ജോഫിൻ ടി.ചാക്കോ മനോരമ ന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കുന്നു.
അരവിന്ദിന്റെ അതിഥികളിൽ തുടക്കം
‘വായൈ മൂടി പേസവും’ എന്ന് തമിഴ് ചിത്രത്തിന്റെ സഹസംവിധായകനായി പ്രവർത്തിക്കുമ്പോഴാണ് സുഹൃത്ത് രാമു സുനിലിന് രേഖാചിത്രത്തിന്റെ ആശയം ലഭിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റുകളുടെ കഥയിലൂടെ ഒരു സിനിമ പറയണമെന്ന് തോന്നി. പിന്നീട് വർഷങ്ങൾക്കുശേഷം ‘അരവിന്ദിന്റെ അതിഥികൾ’ എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഇതിന്റെ കഥ എന്നോട് പറയുന്നത്. ‘കാതോട് കാതോരം’ എന്ന സിനിമ തന്നെയായിരുന്നു മനസിൽ. പടത്തെപ്പറ്റി ചിന്തിച്ചപ്പോഴേ ആൾട്ടർനേറ്റിവ് ഹിസ്റ്ററി എന്ന ജോണറിൽപ്പെടുന്ന പടമാകുമെന്ന് അറിയുമായിരുന്നു. പിന്നെ അതങ്ങ് സംഭവിച്ചു.
‘പ്രീസ്റ്റി’ന് ശേഷം വേഗം ‘രേഖാചിത്ര’ത്തിന്റെ പണിയിലേക്ക് കടന്നു. ‘രേഖാചിത്രം’ സംഭവിക്കണമെങ്കിൽ മമ്മൂക്കയുടെ സമ്മതം വേണം. അദ്ദേഹത്തോട് സംസാരിച്ച് സമ്മതം വാങ്ങിയ ശേഷമാണ് തിരക്കഥ എഴുതാൻ തുടങ്ങിയത്. ‘പ്രീസ്റ്റി’ന് ശേഷം അടുത്ത സിനിമയ്ക്കായി നാല് വർഷം എടുത്തത് അറിഞ്ഞേയില്ല. പിതാവിന്റെ പിന്തുണ അന്ന് ഒരുപാട് അനുഗ്രഹമായിരുന്നു.
എ.ഐ ശരിക്കും പ്ലാൻ ബി: എ.ഐ അല്ലായിരുന്നുവെങ്കിൽ ശരിക്കും പ്ലാൻ എ ആയിരുന്നു മനസിൽ. മമ്മൂക്കയെത്തന്നെ സിനിമയിൽ എത്തിക്കുക എന്നതായിരുന്നു ആദ്യം ഉദ്ദേശിച്ചത്. പിന്നീടാണ് എ.ഐ മനസിലേക്ക് വന്നത്. പക്ഷേ ഔട്ട്പുട്ട് എങ്ങനെയാകുമെന്ന് അറിയില്ലല്ലോ? അതുകൊണ്ട് അദ്ദേഹം അത് കാണണമെന്ന് പറഞ്ഞിരുന്നു. ആദ്യം പരീക്ഷണത്തിന് വേണ്ടി മോക് ഷൂട്ട് ചെയ്ത ശേഷമാണ് ശരിക്കും എ.ഐ രംഗങ്ങൾ ചിത്രീകരിക്കാൻ തുടങ്ങിയത്. റിലീസിന് ഒരാഴ്ച മുൻപാണ് എ.ഐ ഔട്ട് മമ്മൂക്കയെ കാണിച്ചത്.
തമിഴിൽ പറ്റിയത്: തമിഴിൽ എ.ഐയ്ക്ക് പെര്‍ഫോം ചെയ്യാനുണ്ട്. അവിടെ എ.ഐ സംസാരിക്കുന്നുണ്ട്, ചുണ്ടനക്കമുണ്ട്. എ.ഐ ചെയ്യാൻ തീരുമാനിച്ചപ്പോൾ വി.എഫ്.എക്സ് സൂപ്പർവൈസർ ആൻഡ്രുവിനോട് ‘എന്തൊക്കെ സാധ്യമാകില്ല’ എന്നാണ് അദ്യം ചോദിച്ചത്. സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് എ.ഐയ്ക്ക് അത്ര പ്രചാരം ഇല്ലായിരുന്നു. ഹോളിവുഡിലെ ‘ഗോഡ്‍ഫാദർ’ സിനിമയിൽ മലയാളി താരങ്ങളെ കൊണ്ടുവന്ന എ.ഐ വിഡിയോ ആ സമയത്താണ് വൈറലായത്. അത് ചെയ്ത ആളോടും സംസാരിച്ച് കൂടുതൽ മനസിലാക്കി.
ആദ്യം മുതൽ ആസിഫ് അലി തന്നെ: ആസിഫ് അലിയെ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. ഞാൻ ആദ്യമായി സഹസംവിധായകനായ ‘ബൈസിക്കിൾ തീവ്‌സ്’ മുതൽ ആസിഫിക്കയുമായി നല്ല ബന്ധമാണ്. ‘പ്രീസ്റ്റി’ന്റെ കഥ ആദ്യം പറഞ്ഞത് അദ്ദേഹത്തോടാണ്. 2018ൽ തന്നെ ‘രേഖാചിത്ര’ത്തിന്റെ ഐഡിയ അദ്ദേഹത്തോട് പറഞ്ഞിരുന്നു. രണ്ടുമൂന്ന് ഘട്ടങ്ങളായിട്ടാണ് ഈ കഥ വികസിച്ചത്. അന്നേ ആസിഫിക്ക തന്നയായിരുന്നു മനസിൽ.
എല്ലാറ്റിനും വ്യക്തമായ പ്ലാൻ: 90 ലൊക്കേഷനുകളാണ് ഈ സിനിമയ്ക്ക് വേണ്ടി വന്നത്. ഇത്രയേറെ ലൊക്കേഷൻ ഷിഫ്റ്റ് ഉണ്ടായിട്ടും 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാനായി. ഒടിടി പ്ലാറ്റ്ഫോമുകള്‍ വലിയ തോതില്‍ സിനിമകള്‍ എടുക്കാന്‍ തുടങ്ങുന്നതിന് മുന്‍പുള്ള കാലത്താണ് ഇത് ഷൂട്ട് ചെയ്തത്. അതുകൊണ്ട് ബജറ്റ് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കൃത്യമായി പ്ലാൻ ചെയ്താണ് ഷൂട്ട് ചെയ്തത്. രാവിലെ 6 മണി മുതൽ രാത്രി 9.30വരെ എല്ലാവരും ഒരുമിച്ചുനിന്നു.
‘ഉത്തമൻ’ കണ്ട് തലയിൽ കയറിയ സിനിമ: ‘ഉത്തമൻ’ സിനിമ എന്റെ ചേച്ചിയുടെ വീട്ടിലാണ് ഷൂട്ട് ചെയ്തത്. അന്ന് അതിന്റെ ഷൂട്ടിങ് കണ്ടത് മുതല്‍ മനസിൽ സിനിമയുണ്ട്. അച്ഛന്റെ നാല്‍പ്പത്താറാം വയസിലാണ് ഞാൻ ജനിക്കുന്നത്. അധ്യാപകനായിരുന്നു അദ്ദേഹം. എനിക്ക് എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ടായിരുന്നു. ‘രേഖാചിത്ര’ത്തിന്റെ പ്രീ–പ്രൊഡക്ഷന്‍ സമയത്താണ് അച്ഛന്‍ മരിച്ചത്. അതെനിക്ക് പറഞ്ഞറിയിക്കാനാവാത്ത ഷോക്കായിരുന്നു.
എൻ.ഒ.സികൾ വന്ന വഴി: മമ്മൂക്ക ഓകെ പറഞ്ഞ ശേഷം ആദ്യം കണുന്നത് ജോൺപോൾ സാറിനെയായിരുന്നു. അദ്ദേഹം അഭിനയിക്കാനാണ് അദ്യം തീരുമാനിച്ചത്. പിന്നീട് സിദ്ധാർഥ് ഭരതനെ കണ്ടു. അന്ന് കെ.പി.എ.സി ലളിതച്ചേച്ചി ഉണ്ടായിരുന്നു. ആരെയും മോശക്കാരാക്കരുതെന്ന് എന്നുമാത്രമാണ് അദ്ദേഹം പറഞ്ഞത്. പിന്നീടാണ് ജോൺ പോൾ സാർ മരിക്കുന്നത്. അങ്ങനെയാണ് സഫാരി ടിവിയിലെ പ്രോഗ്രാമിലൂടെ സാറിനെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. അങ്ങനെ ഒട്ടേറെപ്പേരുടെ അനുമതി വാങ്ങിയ ശേഷമാണ് ചിത്രവുമായി മുന്നോട് പോയത്.
മുയലിനെ പിടിച്ച് തുടക്കം: സിനിമയോടുള്ള അഭിനിവേശമാണ് മുയൽ മീഡിയ എന്ന പേരിൽ സിനിമ മാർക്കറ്റിങിന് വേണ്ടി സ്റ്റാർട്ടപ് തുടങ്ങാൻ കാരണം. കോളജിൽ പഠിക്കുന്ന കാലത്താണ് സുഹൃത്തുമായി ചേർന്ന് മുയല്‍ മീഡിയ ആരംഭിച്ചത്. പിന്നീട് ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാകുന്നത് മമ്മൂക്കയുടെ ഡിജിറ്റൽ മാർക്കറ്റിങ് നോക്കുന്ന അബ്ദുല്‍ മനാഫ് എന്നയാളെ പരിചയപ്പെട്ടതാണ്. അദ്ദേഹവും മുയൽ മീഡിയയുമായി പിന്നീട് സഹകരിച്ചു.
ആന്റോ ജോസഫ് എന്ന ആന്റോ ചേട്ടൻ ഇല്ലായിരുന്നെങ്കിൽ ഞാൻ സംവിധായകനാകില്ല. മാർക്കറ്റിങ് ചെയ്യുന്ന ഒരാൾക്ക് സംവിധാനം ചെയ്യാനാകും എന്ന അദ്ദേഹത്തിന് തോന്നിയതാണ് സഹായകമായത്. അദ്ദേഹമാണ് എന്നെ വേണു സാറിന്റെ അടുത്ത് എത്തിച്ചത്. അദ്ദേഹത്തിന് കഥ വർക്കായാൽ പടം തിയേറ്ററിൽ ഓടുമെന്ന് ആന്റോ ചേട്ടന് ഉറപ്പാണ്.
മമ്മൂക്കയ്ക്ക് പാതിര മെസേജ്: 2013ലെ ക്രിസ്മസിന് പാതിരാ കുർബാനയ്ക്ക് പള്ളിയിൽ ഇരിക്കുമ്പോഴാണ് മമ്മൂക്കയ്ക്ക് വാട്സാപ്പിൽ മെസേജ് അയയ്ക്കുന്നത്. സുഹൃത്തിന്റെ സിനിമയ്ക്ക് വേണ്ടി കഥ കേൾക്കാമോ എന്നതായിരുന്നു ആവശ്യം. പെട്ടെന്ന് തന്നെ ജോർജിനെ വിളിക്ക് എന്ന് പറഞ്ഞ് നമ്പർ അയച്ചുതന്നു അദ്ദേഹം. അന്ന് ആ കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നെങ്കിലും ബജറ്റ് കാരണം പടം നടന്നില്ല.
ഇനിയും എൻ.ഒ.സികൾ: അടുത്തതായി രണ്ട് പ്രൊജക്ടുകൾ മനസിലുണ്ട്. ബോബി-സഞ്ജയുമായി ചേർന്ന് ഒന്ന് പ്ലാൻ ചെയ്യുന്നുണ്ട്. പിന്നെ ഇതുപോലെ ഒരുപാട് എൻ.ഒ.സികൾ ആവശ്യമുള്ള ചിത്രം എന്റെയും രാമുവിന്റെ മനസിലുണ്ട്.