100 കോടി നേട്ടം പിന്നിട്ട് സൂര്യ ചിത്രം 'സീന്‍'. ആദ്യ മൂന്ന് ദിവസങ്ങൾ കൊണ്ട് ആഗോളതലത്തിൽ 117 കോടി രൂപയാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍. കേരളത്തിലും തമിഴ്നാട്ടിലും വിദേശത്തും വലിയ തരംഗമാണ് ചിത്രം സൃഷ്ടിക്കുന്നത്.
ബോക്സ് ഓഫീസ് ട്രാക്കിങ് വെബ് സൈറ്റായ സാക്നില്‍ക് റിപ്പോര്‍ട്ട് പ്രകാരം വെള്ളിയാഴ്ച 22.25 കോടി നേടി സൂര്യയുടെ ഈ വർഷത്തെ ഏറ്റവും മികച്ച ഓപ്പണിങ് ചിത്രം സ്വന്തമാക്കിയിരുന്നു. രണ്ടാം ദിവസമായ ശനിയാഴ്ച 23.65 കോടിയും മൂന്നാം ദിവസമായ ഞായറാഴ്ച 27.45 കോടിയും ചിത്രം ഇന്ത്യയിൽ നിന്ന് മാത്രമായി വാരിക്കൂട്ടി.
ആദ്യ 3 ദിവസത്തെ ആകെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 63.15 കോടി രൂപ നെറ്റ് കളക്ഷനും (73.35 കോടി ഗ്രോസ്) വിദേശ രാജ്യങ്ങളിൽ നിന്ന് 43.75 കോടി രൂപയും ചിത്രം നേടിയിട്ടുണ്ട്. ഇതോടെ ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 117.10 കോടി രൂപയായി. തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് ഏകദേശം 8.83 കോടി കൂടി ചിത്രം നേടിക്കഴിഞ്ഞു.
'രോമാഞ്ചം', 'ആവേശം' എന്നീ തരംഗ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ ഒരുക്കിയ സിനിമയായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തിയത്. പ്രതീക്ഷ കാത്ത ചിത്രത്തിന് പ്രേക്ഷകരും മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. നസ്രിയയും നസ്ലിനും ചിത്രത്തില്‍ സൂര്യക്കൊപ്പം പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.