ആദ്യ ദിനം റെക്കോർഡ് കലക്‌ഷനുമായി ദിലീപ് ചിത്രം ‘ഭഭബ’. 7.2 കോടിയാണ് ആദ്യദിനം കേരളത്തിൽ നിന്നും ചിത്രം വാരിക്കൂട്ടിയത്. ഒരു ദിലീപ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന കലക്‌ഷൻ കൂടിയാണിത്. ഒടിയൻ, കെജിഎഫ്2, ലിയോ, എമ്പുരാൻ, കൂലി എന്നീ സിനിമകളാണ് ഇതിനു മുമ്പ് കേരള ബോക്സ്ഓഫിസിൽ നിന്നും ആദ്യദിനം 7 കോടിക്കു മുകളിൽ കലക്‌ഷൻ നേടിയത്.
അഡ്വാൻസ് ബുക്കിങിലും ‘ഭഭബ’യ്ക്കു മികച്ച പ്രതികരണം ലഭിച്ചിരുന്നു. മണിക്കൂറില്‍ പതിനായിരത്തിനു മുകളിൽ ടിക്കറ്റുകളാണ് ബുക്ക്മൈ ഷോ പ്ലാറ്റ്ഫോമിലൂടെ വിറ്റുപോയത്. ഏകദേശം ഒരു കോടിക്കു മുകളിലാണ് ആദ്യ ദിനം മാത്രം പ്രി സെയ്ൽ ബിസിനസ്സിലൂടെ ചിത്രം നേടിയത്. ക്രിസ്മസ് റിലീസുകളിൽ ആദ്യം എത്തുന്ന സിനിമ കൂടിയാണിത്.
‘വേൾഡ് ഓഫ് മാഡ്‌നെസ്സ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. "ഭയം ഭക്തി ബഹുമാനം" എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് "ഭ.ഭ.ബ" എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. ആക്‌ഷൻ, കോമഡി, ഗാനങ്ങൾ, ത്രിൽ എന്നിവ കോർത്തിണക്കി ഒരുക്കിയ ഈ ആഘോഷ ചിത്രം ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.