നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി രണ്ടാംപ്രതി മാര്‍ട്ടിന്‍. കേസുമായി ബന്ധമില്ലെന്നാണ് അപ്പീലില്‍ പറയുന്നത്. സംഭവ ദിവസം അതിജീവിതയെ കൂട്ടിക്കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ട ഡ്രൈവർ എന്ന നിലയ്ക്ക് മാത്രമാണ് തന്നെ രണ്ടാം പ്രതിയായി ഈ കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും എട്ടാം പ്രതിയായ ദിലീപിനെ വിട്ടയച്ച അതേ മാനദണ്ഡങ്ങൾ തനിക്കും ബാധകമാണെന്നും മാര്‍ട്ടിന്‍ അപ്പീലില്‍ പറയുന്നു. എന്നാൽ വിചാരണ കോടതി ഇക്കാര്യം പരിഗണിച്ചിട്ടില്ലെന്നും മാര്‍ട്ടിന്‍ പറയുന്നു.

ലൈംഗിക അതിക്രമം നടന്ന സമയത്ത് താൻ അവിടെ ഉണ്ടായിരുന്നില്ല. ആ സമയം താൻ അവിടെ ഉണ്ടായിരുന്നു എന്ന് പ്രോസിക്യൂഷൻ പോലും ആരോപിച്ചിട്ടില്ല. തനിക്ക് എതിരെയുള്ള ഗൂഢാലോചന തെളിയിക്കാൻ സാധിച്ചിട്ടില്ല. താൻ ഗൂഢാലോചനയിൽ പങ്കെടുത്തു എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. പക്ഷേ അത്തരം ഒരു ഗൂഢാലോചന തെളിയിക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ തനിക്ക് എതിരായ വിധി റദ്ദാക്കണം എന്നാണ് മാർട്ടിന്റെ പ്രധാനപ്പെട്ട ആവശ്യം.

കേസിലെ രണ്ടാം പ്രതിയാണ് മാർട്ടിൻ. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള ആദ്യ ആറ് പ്രതികൾക്കാണ് വിചാരണ കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചിട്ടുള്ളത്. നേരത്തെ കേസിൽ അഞ്ചാം പ്രതിയും ആറാം പ്രതിയും അതായത് വടിവാള്‍ സലീമും പ്രദീപും അപ്പീൽ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം പ്രതിയായ മാർട്ടിനും ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

Martin, the second accused in the actress assault case, has approached the Kerala High Court seeking to set aside his 20-year prison sentence. In his appeal, Martin claims he was merely a driver and not part of the conspiracy. He argued that the standards applied to acquit Dileep should be applicable to him as well.