TOPICS COVERED

ദിലീപ് ചിത്രം ഭഭബ കഴിഞ്ഞ ഡിസംബര്‍ 18നാണ് റിലീസ് ചെയ്​തത്. വലിയ പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പിന്നാലെ വലിയ വിമര്‍ശനവും ചിത്രം നേരിട്ടിരുന്നു. ചിത്രത്തില്‍ പശുവിനെ തട്ടിക്കൊണ്ടുപോകുന്ന സംഭാഷണത്തിനൊപ്പം ദിലീപിന്‍റെ കഥാപാത്രം ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകുന്ന രംഗം ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെടുത്തിയാണ് ഈ രംഗത്തിന് വിമര്‍ശനം നേരിട്ടത്. 

ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തുക്കളായ ഫാഹിം സഫറും നൂറിന്‍ ഷെരിഫും സംവിധായകന്‍ ധനഞ്ജയ് ശങ്കറും. സിനിമയുടെ പശ്ചാത്തലത്തില്‍ മാത്രമാണ് ഈ രംഗം ഉള്‍പ്പെടുത്തിയതെന്നാണ് ഫാഹിം സഫര്‍ പറഞ്ഞത്. വില്ലന്‍റെ ചിന്താഗതിയില്‍ നിന്നുമാണ് ആ രംഗം കാണിച്ചിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫില്‍മി ബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 

'സിനിമയുടെ പരിസരത്തില്‍ നിന്നുകൊണ്ടാണ് ആ സീനിനെ നോക്കി കാണേണ്ടത്.  ഈ സിനിമക്ക് ഒരു നർമ്മ സ്വഭാവം ഉണ്ടെങ്കിലും വിനീതേട്ടന്‍ ഇതില്‍ വില്ലനാണ്. വില്ലന്‍റെ ചിന്താഗതിയിൽ നിന്നുള്ള ഒരു വിഷ്വലൈസേഷൻ ആണ് സിനിമയിലെ ആ രംഗം. ആ സീൻ പോലും ഒരു റഫറൻസ് ആണ്. വില്ലന്‍റെ ചിന്താഗതിയിൽ നിന്നുണ്ടാവുന്ന രംഗമാണ്. ശരിയായിട്ടല്ല അയാള്‍ ചിന്തിക്കുന്നത്. അപ്പോൾ തന്നെ കൂടെ ഉള്ള കഥാപാത്രം ആ ചിന്താഗതിയെ എന്താണ് സർ എന്ന് പറഞ്ഞു ബ്രേക്ക് ചെയ്യുന്നുണ്ട്. അതൊന്നും കൃത്യമായിട്ട് ആൾക്കാരിലേക്ക് എത്തിയിട്ടുണ്ടാവില്ല ... സീനിൽ ഇല്ലാത്ത ഡയലോഗ് ഒക്കെ ചേർത്തിട്ടാണ് ചിലർ ഇപ്പൊൾ പറയുന്നത്. സിനിമയെ വിമർശിക്കരുത് അല്ലെങ്കിൽ നിങ്ങൾ ഇതുപോലെയേ സിനിമ കാണാവൂ എന്നൊന്നും പ്രേക്ഷകരോട് പറയുന്നില്ല. അതൊക്കെ ഓരോരുത്തരുടെ പെർസ്പെക്ടീവ് ആണ്. പക്ഷേ ആ കോണ്ടക്സ്റ്റിനോട് ചേർന്നിട്ടുള്ള സീൻ മാത്രമേ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ,' ഫാഹിം സഫര്‍ പറഞ്ഞു. 

നൂറിന്‍റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൊക്കെ സൈബര്‍ അറ്റാക്ക് രൂപത്തിലാണ് കമന്‍റുകള്‍ വന്നതെന്നും ഫാഫിം പറഞ്ഞു. 'കൃത്യമായ അഭിപ്രായം പറയാന്‍ ഒരു ഹെല്‍ത്തി കമ്യൂണിക്കേഷന്‍ ഉണ്ട്. ആ ബൗണ്ടറിക്കപ്പുറത്തേക്ക് വ്യക്തിപരമായി അറ്റാക്ക് ചെയ്യുന്നത് പോലെ, വിഷമിപ്പിക്കുന്നതിലേക്ക് എത്തുമ്പോള്‍ വിഷമമാവുന്നുണ്ട്. നല്ല രീതിയില്‍ പറയുന്നവരുണ്ട്. പക്ഷേ ഇതിനെ മുതലെടുത്ത് വേറെ രീതിയിലേക്ക് ആക്കുന്നവരുമുണ്ട്,' നൂറിനും ഫാഹിമും പറഞ്ഞു. 

ENGLISH SUMMARY:

Dileep's 'BBB' faced mixed reviews and criticism upon release. The film's writers, Fahim Zafar and Noorin Shereef, have responded to the controversies, clarifying the context of certain scenes.