saiaara-hit

TOPICS COVERED

വന്‍വിജയമാണ്  ബോളിവുഡ് സിനിമയായ സയാരാ നേടിയത്. പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെയും ആനീത് പദ്ദയും പ്രധാനവേഷങ്ങള്‍ ചെയ്ത സിനിമയുടെ വിജയം അപ്രതീക്ഷിതമായിരുന്നു. കുറഞ്ഞ ചിലവില്‍ നിര്‍മിച്ച സയാര  ഈ വര്‍ഷത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബോക്സ് ഓഫിസ് കലക്ഷനാണ് നേടിയത്.  749 കോടിയുമായി ഛാവ മുന്നിട്ടുനില്‍ക്കുമ്പോള്‍ 502 കോടിയുമായി സയാര ജൈത്രയാത്ര തുടരുകയാണ്. സുപ്പര്‍സ്റ്റാര്‍ സിനിമകള്‍ പോലും സയാരയുടെ മുന്നില്‍  കൂപ്പുകുത്തിപ്പോയി. 

സയാരയുടെ വിജയം ഒരു ബോളിവുഡ് സൂപ്പര്‍താരത്തിന്‍റെ ഉറക്കം കെടുത്തിയെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍നിര  സിനിമാനിരൂപകനും   മാധ്യമപ്രവര്‍ത്തകനുമായ കോമല്‍ നഹ്ത. ഫരീദൂര്‍ ഷാര്‍യാറുമായുള്ള അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. സിനിമയെക്കുറിച്ച് നഹ്ത എഴുതിയ ലേഖനം ഒട്ടേറെപ്പേര്‍ വായിച്ചിരുന്നു. സിനിമ ബ്ലോക്ക്ബസ്റ്ററാകുമെന്ന് നഹ്ത പ്രവചിച്ചത് സത്യമാവുകയും ചെയ്തു. ഇതിനിടെ നഹ്ത സൂപ്പര്‍താരങ്ങള്‍ അതിഥികളായ ഒരു പാര്‍ട്ടിക്ക് പോയി. ഇവിടെ വച്ച് നഹ്ത  സൂപ്പര്‍താരങ്ങളില്‍ ചിലരുമായി  സിനിമകളുടെ വിജയങ്ങളെ കുറിച്ച് സംസാരിച്ചു. അവരില്‍ നാല്‍പതുകാരനായ ഒരു ബോളിവുഡ് സൂപ്പര്‍താരവുമുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഈ താരത്തിന്‍റെ ഒരു സിനിമ പുറത്തുവന്നത്. പുതിയ റിലീസുകളെ കുറിച്ചു  പ്രേക്ഷക പ്രതികരണത്തെ കുറിച്ചുമായിരുന്ന പ്രധാനചര്‍ച്ച. ഈയടുത്തിറങ്ങിയതില്‍ ഏറ്റവും മികച്ച സിനിമ സയാരയാണെന്നും സിനിമയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും നഹ്ത പറഞ്ഞതോടെ താരത്തിന്‍റെ മുഖം വാടി. 

സയാരയുടെ വിജയം താരത്തിന്‍റെ ഉറക്കം കെടുത്തി. ഒട്ടേറെ തവണ നഹ്തയെ വിളിച്ച് താരം  പ്രതികരണം ആരാഞ്ഞു. കലക്ഷന്‍ സംബന്ധിച്ച വിശദാംശങ്ങളും തേടി . നാല്‍പതുകാരനായി ഈ താരത്തെ കുറിച്ച്  താന്‍  ഈ അടുത്തിടെ എഴുതിയിട്ടുണ്ടെന്നും പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും  നഹ്ത വ്യക്തമാക്കി. താരങ്ങളുടെ അരക്ഷിതാവസ്ഥയും അസൂയയും എത്രയുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും  നഹ്ത പറഞ്ഞു. ഒരകാലത്ത് ഈ നടനും ഒരു പുതുമുഖമായിരുന്നു.  പുതുമുഖ സിനിമകളെ സ്വീകരിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യേണ്ടത്. എത്ര ആളുകളെ ഉള്‍ക്കൊള്ളാനും ബോളിവുഡില്‍ ഇടമുണ്ട്. 

സംസാരത്തിനിടെ നടന്‍ തന്‍റെ സങ്കടം അടക്കാനാകാതെ എണീറ്റ് പോയെന്നും നഹ്ത കൂട്ടിച്ചേര്‍ത്തു. ഈ നടന്‍ മാത്രമല്ല മറ്റ് സംവിധായകരും നിര്‍മാതാക്കളും തന്നെ സിനിമയെക്കുറിച്ച് വിളിച്ച് ചോദിച്ചിരുന്നെന്ന് നഹ്ത വെളിപ്പെടുത്തി. സിനിമയെക്കുറിച്ച് മോശം വാര്‍ത്തകള്‍ കേള്‍ക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. സിനിമ നല്ലതാണെന്ന് പറഞ്ഞാല്‍ അവര്‍ സംഭാഷണം പെട്ടെന്ന് മതിയാക്കി പോകും. സിനിമ മോശമെന്ന് പറഞ്ഞാല്‍ അവര്‍ ഏറെ നേരം സംസാരിക്കുമെന്നും നഹ്ത കൂട്ടിച്ചേര്‍ത്തു. സയാര ഇറങ്ങിയ സമയത്ത് 20 പേര്‍ തന്നെ വിളിച്ചിരുന്നെന്നും സയാരയുടെ വിജയത്തില്‍ അവര്‍ക്ക് ആശങ്ക ഉള്ളതായി വ്യക്തമായെന്നും നഹ്ത പറഞ്ഞു. അവരോട് അവരുടെ സിനിമയുടെ പ്രൊമോഷന്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ താന്‍ ഉപദേശം നല്‍കിയെന്നും നഹ്ത പറഞ്ഞു. 

ENGLISH SUMMARY:

The unexpected blockbuster success of the low-budget Bollywood film "Sayara," starring newcomers Ahaan Pandey and Aniet Padha, has reportedly caused distress among established industry figures. The film, which grossed over 502 crore rupees, is the second-highest earner of the year. According to leading film critic Komal Nahta, a prominent 40-year-old superstar was particularly troubled by "Sayara's" success. In an interview with Faridoon Shahryar, Nahta revealed that he had an encounter with the actor at a party where the actor became visibly upset after hearing about "Sayara's" positive reception. The star repeatedly called Nahta to inquire about the film's box office collections, revealing a sense of insecurity and jealousy. Nahta also noted that other directors and producers called him, showing more interest in negative news about the film than its success.