സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തുടര്‍ച്ചയായി നടത്തുന്ന ആത്മീയ നേതാവാണ് അനിരുദ്ധാചാര്യ. സൈബര്‍ ലോകത്തും തെരുവിലുമടക്കം ഒട്ടേറെ സ്ത്രീകളാണ് അനിരുദ്ധാചാര്യക്കെതിരെ പ്രതിഷേധവുമായി രംഗത്തുവരാറുള്ളത്. ആധുനിക ആത്മീയാചാര്യന് പൂക്കി ബാബ എന്നും പേരുണ്ട്. ഇപ്പോഴിതാ പൂക്കി ബാബയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ദീഷ പട്ടാണിയുടെ സഹോദരിയും ഇന്ത്യന്‍ സൈന്യത്തിലെ മുന്‍ മേജറുമായ ഖുഷ്ബൂ പട്ടാണി.
സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ഖുഷ്ബൂവിന്‍റെ പ്രതികരണം. പൂക്കി ബാബ ഒരു വിഡിയോയില്‍ 25 വയസിന് മുകളിലുള്ള സ്ത്രീകള്‍ ലിവ് ഇന്‍ റിലേഷനുകളിലാണ് ജീവിക്കുന്നത്, അവര്‍ക്ക് ഒന്നല്ല ചുരുങ്ങിയത് നാല് പുരുഷന്‍മാരോട് എങ്കിലും ബന്ധം ഉണ്ടാകും എന്ന് പൂക്കി ബാബ പറയുന്നു. താന്‍ പൂക്കി ബാബയുടെ അടുത്തെങ്ങാനും ഉണ്ടായിരുന്നെങ്കില്‍ അയാള്‍ പറഞ്ഞതിന്‍റെ അര്‍ഥം എന്തെന്ന് താന്‍ വ്യക്തമാക്കിക്കൊടുത്തേനെ എന്നും ഇയാള്‍ ഒരു ദേശദ്രോഹിയാണെന്നും, ഇത്തരം നായ്ക്കളെ ഒരിക്കലും പിന്തുണയ്ക്കരുതെന്നും ഖുഷ്ബൂ പറയുന്നു. പൂക്കി ബാബയെ പിന്തുണയ്ക്കുന്നവര്‍ നട്ടെല്ലില്ലാത്തവരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ടാണ് പൂക്കി ബാബ ലിവ് ഇന്‍ റിലേഷനുകളിലെ സ്ത്രീകളെക്കുറിച്ച് മാത്രം സംസാരിക്കുന്നത്. എന്തുകൊണ്ട് ഇത്തരം ബന്ധങ്ങളിലുള്ള പുരുഷന്‍മാരെക്കുറിച്ച് സംസാരിക്കുന്നില്ല. എന്തുകൊണ്ടാണ് ലിവ് ഇന്‍ ബന്ധങ്ങളോട് അത്ര വെറുപ്പ്. രണ്ട് വ്യക്തികള്‍ക്ക് വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാന്‍ തോന്നിയാല്‍ എന്താണ് പ്രശ്നമെന്നും ഖുഷ്ബൂ ചോദ്യമുന്നയിക്കുന്നു.
ഖുഷ്ബൂവിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേരാണ് വിഡിയോയ്ക്ക് താഴ കമന്‍റ് ചെയ്തത്. ഇത്രയും മഹാനായ ആളെക്കുറിച്ച് ഇത്ര മോശം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ഒരാള്‍ കമന്‍റ് ചെയ്യുന്നു. എന്നാല്‍ ഈ സ്വാമി ഒരു മര്യാദയില്ലാത്തവനാണ് ഇയാളെ ശിക്ഷിക്കണമെന്നും കമന്‍റുകളുണ്ട്.