haal-release

ഷെയ്ൻ നിഗം നായകനായ 'ഹാൽ' ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവിൽ പ്രേക്ഷകരിലേക്ക്. ക്രിസ്മസ് റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും. സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. 'ഒടുവിൽ കോടതി അനുമതിയോടെ പ്രേക്ഷകരിലേക്ക്' എന്നെഴുതിയ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. വീരയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന സിനിമയുടെ പേരിൽ ഉയർന്നുകേട്ട വിവാദങ്ങളുടെ വാർത്താ തലക്കെട്ടുകളും പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

സിനിമയിലെ ചില രം​ഗങ്ങൾ നീക്കം ചെയ്യണമെന്ന നിർദ്ദേശവുമായി സെൻസർ ബോർഡ് എത്തിയതോടെയാണ് ചിത്രം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നത്. ചിത്രത്തിൽ ബീഫ് ബിരിയാണി കഴിക്കുന്ന രം​ഗം ഉൾപ്പെടെ ആറിടങ്ങളാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സെൻസർബോർഡ് നി‍ർദ്ദേശിക്കുകയുണ്ടായത്. സെൻസർ ബോർഡിന്‍റെ ഈ നീക്കത്തിനെതിരെ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

ഹാലിന് പ്രദർശനാനുമതി നൽകണമെങ്കിൽ ആറിടങ്ങളിൽ വെട്ടിക്കുറയ്ക്കലുകൾ വരുത്തണമെന്നായിരുന്നു സിബിഎഫ്സിയുടെ നിലപാട്. എന്നാൽ ഇതിൽ നാല് കട്ടുകൾ സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ട് സിബിഎഫ്‌സിയും കാത്തലിക് കോൺഗ്രസും സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി ഇന്ന് തള്ളുകയുണ്ടായി. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. അപ്പീലിൽ തീരുമാനമെടുക്കാൻ ജഡ്ജിമാര്‍ ഹാല്‍ സിനിമ നേരിട്ട് കണ്ടിരുന്നു. സിനിമ ആസ്വദിച്ചു എന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് അംഗങ്ങളുടെ നിരീക്ഷണം.

ഇത്തരത്തിലുള്ള വിവാദങ്ങള്‍ക്ക് പിന്നാലെയാണിപ്പോൾ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്.

ENGLISH SUMMARY:

Hal Malayalam Movie faced several controversies before its release. It is now set to release as a Christmas release after receiving court clearance.