തെലുങ്ക് സൂപ്പര്താരവും തന്റെ ഭര്ത്താവുമായ വിജയ് ദേവരകൊണ്ടയോടുള്ള ആരാധനയെക്കുറിച്ച് സംസാരിച്ച് രശ്മിക മന്ദാന. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ തന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നുവെന്നും സ്ക്രീനിൽ കാണുമ്പോൾ ഇപ്പോഴും ഒരു ആരാധികയുടെ അതേ ആവേശമാണ് തനിക്ക് തോന്നുന്നതെന്നുമായിരുന്നു രശ്മികയുടെ വാക്കുകള്.
തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ 'രണബാലിയുടെ' അവസാന ഘട്ട പ്രൊമോഷൻ തിരക്കുകളിലാണ് രശ്മികയും വിജയ് ദേവരകൊണ്ടയും. ഒക്ടോബർ 16-ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിനിടയിലാണ് വിജയിയോടുള്ള തന്റെ ആരാധനയെക്കുറിച്ച് രശ്മിക സംസാരിച്ചത്. "സത്യത്തിൽ എനിക്ക് കല്യാണം കഴിഞ്ഞതുപോലെ തോന്നുന്നതേയില്ല, എനിക്കിപ്പോഴും ഒരു ആരാധികയെപ്പോലെയാണ് തോന്നുന്നത്" എന്നായിരുന്നു രശ്മിക പറഞ്ഞത്. "നിങ്ങളുടെ ജോലിയുടെ വലിയൊരു ആരാധികയാണ് ഞാൻ, നിങ്ങൾക്ക് അറിയാമല്ലോ. രണബാലിക്കായി നിങ്ങൾ എന്താണ് ചെയ്തതെന്ന് കാണാൻ ഞാൻ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എല്ലാ ആശംസകളും. നമുക്കെല്ലാവർക്കും എല്ലാ ആശംസകളും. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. സ്വയം ശ്രദ്ധിക്കുക, ദയയുള്ളവരായിരിക്കുക, സന്തോഷത്തോടെ ഇരിക്കുക, ആസ്വദിക്കുക, എപ്പോഴും പുഞ്ചിരിക്കുക, ശരിയല്ലേ? വളരെ സന്തോഷം." എന്നും രശ്മിക കൂട്ടിച്ചേര്ത്തു.
അടുത്തിടെയാണ് ‘രണബാലി’യുടെ ട്രെയിലർ പുറത്തിറങ്ങിയത്. രാഹുൽ സാംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം 1876-78 കാലഘട്ടത്തിലെ മദ്രാസ് ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് തന്റെ ഗ്രാമത്തെ സംരക്ഷിക്കാൻ ഒരു മനുഷ്യൻ നടത്തുന്ന പോരാട്ടമാണ് ചിത്രം പറയുന്നത്. 3 മിനിറ്റും 47 സെക്കൻഡും ദൈർഘ്യമുള്ള ട്രെയിലർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയും റയലസീമയിലെ ഗ്രാമീണ പശ്ചാത്തലം വ്യക്തമാക്കുകയും കഥയെ മുന്നോട്ട് നയിക്കുന്ന സംഘർഷങ്ങളുടെ ചെറിയൊരു സൂചന നൽകുകയും ചെയ്യുന്നുണ്ട്.
സിംഗനമല എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ കുതിരപ്പടയാളിയും പോരാളിയുമായ സിംഗനമല ബോബിലി രണബാലിയായാണ് വിജയ് ദേവരകൊണ്ട വേഷമിടുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ജെയമ്മയായി രശ്മികയും ബ്രിട്ടീഷ് കമ്മീഷണറായ സർ തിയോഡോർ ഹെക്ടറായി അർണോൾഡ് വോസ്ലൂവും അഭിനയിക്കുന്നു.