ജയിലില്‍ ജീവിതത്തിലെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ടിവി റിയാലിറ്റി ഷോ ആയ ‘അലയന്‍സി’ലാണ് ഈ വെളിപ്പെടുത്തലുകള്‍ ഉള്ളത് .ഷോയുടെ വരാനിരിക്കുന്ന എപ്പിസോഡിന്‍റെ പ്രമോ പുറത്തുവന്നു.
‘വർഷങ്ങൾക്ക് മുമ്പ് ഞാൻ ജയിലില്‍ കഴിഞ്ഞ കാലത്തെ അനുഭവങ്ങള്‍ വിവരണാതീതമാണ്. അത് വളരെ ചെറിയൊരു സ്ഥലമായിരുന്നു. 50 മുതൽ 70 വരെ ആളുകളാണ് ഒരു ബാത്ത്റൂം പങ്കുവെച്ചിരുന്നത്. അത് ഇന്ത്യൻ സ്റ്റൈൽ ടോയിലറ്റ് ആയിരുന്നു. ചിലപ്പോൾ അതിൽ പല്ലികളും കാണാമായിരുന്നു. അത് വക്കോളം നിറഞ്ഞിരിക്കുമായിരുന്നു.’ എന്നായിരുന്നു താരത്തിന്‍റെ വാക്കുകള്‍. പ്രമോയിലെ ഏറ്റവുമധികം വൈറലായിരുന്നു സല്‍മാന്‍ ഖാന്‍റെ ഈ തുറന്നുപറച്ചില്‍. 1998-ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് സൽമാൻ ഖാൻ പലതവണ കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ട്. 1998-ൽ മൂന്ന് ദിവസവും 2006-ൽ ആറ് ദിവസവും, 2007-ൽ മറ്റൊരു ആറ് ദിവസത്തെ ജയിൽ ശിക്ഷയും അനുഭവിച്ച സല്‍മാന്‍ ഖാന്‍ 2018-ൽ രണ്ട് ദിവസവും കസ്റ്റഡിയിൽ കഴിയുകയുമുണ്ടായി.
നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് റിയാലിറ്റി ഷോയുടെ സെറ്റില്‍ സല്‍മാന്‍ എത്തിയത്. കഴിഞ്ഞ എപ്പിസോഡുകളിൽ സഹോദരൻ സൊഹൈൽ ഖാനുമായുള്ള അദ്ദേഹത്തിന്‍റെ സംഭാഷണങ്ങളുടെ ചില ഭാഗങ്ങൾ പങ്കുവെച്ചുകൊണ്ട് പരിപാടിയുടെ അണിയറപ്രവർത്തകർ അദ്ദേഹത്തിന്റെ വരവിനെക്കുറിച്ച് സൂചനകൾ നൽകിയിരുന്നു. പരിപാടിയുടെ പ്രമോയില്‍ സൊഹൈൽ ഖാനും മുൻഭാര്യ സീമ സജ്‌ദെയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും താരം തുറന്നുപറയുന്നുണ്ട്. ഷോയിലെ വീട്ടിൽ പ്രവേശിച്ച സൽമാൻ മത്സരാർഥികളുമായി സംവദിക്കുകയും സഹമത്സരാർത്ഥികളുടെ പ്രായത്തെക്കുറിച്ച് പരാമർശം നടത്തിയ ബാലിയെ വിമർശിക്കുകയും ചെയ്തു.
ആമസോണ്‍ പ്രൈം വിഡിയോയിൽ സ്ട്രീം ചെയ്യുന്ന 'അലയൻസി'ന്റെ ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ് 7-ന് സംപ്രേഷണം ചെയ്യും. ആലി ഗോണി ഇതിനകം തന്നെ ആദ്യ ഫൈനലിസ്റ്റായി തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മിനി മാത്തൂറും നിതി ടെയ്‌ലറും അവസാന മൂന്ന് മത്സരാർത്ഥികളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.