പുതിയ ചിത്രമായ 'മൈസ'യുടെ ചിത്രീകരണത്തിനിടയിൽ ഗുരുതരമായ പരുക്കേറ്റതിന് ശേഷം ആദ്യമായി തന്‍റെ ആരോഗ്യവിവരങ്ങള്‍ പങ്കുവെച്ച് നടി രശ്മിക മന്ദാന. തന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ഉറപ്പുനൽകാൻ താരം ഇൻസ്റ്റാഗ്രാമിലെത്തി. ചിത്രീകരണത്തിനിടയിൽ തന്റെ വലതു ഇടുപ്പിലെ ഒരു ടെൻഡോൺ വേർപെട്ടതിനെ തുടർന്ന് സുഖം പ്രാപിച്ചുവരികയാണെന്ന് രശ്മിക വെളിപ്പെടുത്തി.
ഒരു തുറന്ന കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് രശ്മിക തന്‍റെ പരുക്കിന്‍റെ വിവരങ്ങളും ആരോഗ്യാവസ്ഥയും ആരാധകരെ അറിയിച്ചത്. തനിക്ക് പരുക്കേറ്റ വിവരം ആദ്യം രഹസ്യമാക്കി വെക്കാൻ ആഗ്രഹിച്ചിരുന്നു എന്നും താരം സമ്മതിച്ചു. ‘‘പരുക്കുകൾ വളരെ മോശമാണ്. ആരും അറിയരുതെന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു.. എങ്കിലും കുഴപ്പമില്ല. ഞാൻ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു, എങ്കിലും ഹായ്! ഞാൻ ഇവിടെയുണ്ട്! ഇത് കുറച്ചു നാൾ മുൻപ് സംഭവിച്ചതാണ്, ഇത് എന്റെ തുടർച്ചയായ മൂന്നാമത്തെ പരുക്കാണ്. എന്റെ ശരീരത്തെ ഒരു യന്ത്രം പോലെ കാണാതെ ഒരു മനുഷ്യശരീരമായി പരിഗണിക്കാൻ ഞാൻ തീർച്ചയായും പഠിക്കണം’’ – എന്നായിരുന്നു രശ്മികയുടെ വാക്കുകള്‍.
തുടർന്ന് 'മൈസ'യുടെ ചിത്രീകരണത്തിനിടയിൽ എന്താണ് സംഭവിച്ചതെന്ന് താരം വിശദീകരിച്ചു. ഇടുപ്പിനെയും ഇരുവശത്തെയും കാലുമായി ബന്ധിപ്പിക്കുന്ന നാല് ടെന്‍ഡോണുകളില്‍ രശ്മികയുടെ വലത് ഇടുപ്പിലെ ടെന്‍ഡോണ്‍ വേര്‍പെട്ടുപോവുകയായിരുന്നു. മൈസ'യുടെ ഡാൻസ് ഷൂട്ടിംഗിനിടയിലാണ് ഇത് സംഭവിച്ചത്. ഇതുവരെ ചെയ്തതില്‍വെച്ച് ഏറ്റവും കഠിനമായ ചിത്രമായിരുന്നു ‘മൈസ’ എന്നും രശ്മിക പറഞ്ഞു.
പരുക്ക് വളരെ വേദനാജനകമാണെന്ന് തോന്നുമെങ്കിലും, താൻ ഇത് നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്നും സാഹചര്യത്തിന്റെ നല്ല വശമാണ് കാണുന്നതെന്നും രശ്മിക ആരാധകർക്ക് ഉറപ്പ് നൽകി.