കന്നട നടനും സംവിധായകനുമായ രാജ് ബി ഷെട്ടി, തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. കമല്‍ഹാസന്‍റെ പ്രൊഡക്ഷന്‍ ഹൗസായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച്  ശിവകാര്‍ത്തികേയന് നായകനാകുന്ന 'സിയോൺ' എന്ന ചിത്രത്തിലാണ് രാജ് ബി ഷെട്ടി അഭിനയിക്കുന്നത്. താരത്തിന്‍റെ പിറന്നാല്‍ ദിനത്തില്‍ പോസ്റ്റര്‍ പുറത്തിറക്കിയാണ് സിയോണ്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആശംസകള്‍ നേര്‍ന്നത്. 

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'അമരൻ' എന്ന ചിത്രത്തിന് ശേഷം രാജ് കമൽ ഫിലിംസ് ഇന്‍റർനാഷണല്‍ നിര്‍മിച്ച് ശിവകാര്‍ത്തികേയന്‍ നായകനാകുന്ന സിയോണ്‍ ശിവകുമാർ മുരുകേശനാണ് സംവിധാനം ചെയ്യുന്നത്. രാധിക ശരത് കുമാറിനെ വേറിട്ട കഥാപാത്രമായി അവതരിപ്പിച്ച 'തായ് കിഴവി' ഒരുക്കി ശ്രദ്ധേയനാണ് ശിവകുമാർ മുരുകേശന്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ മാസ് ആക്ഷൻ ഫാമിലി എന്റർടെയ്നർ ആയാണ് സിയോണ്‍ ഒരുക്കുന്നത്. 

കന്നട സിനിമാ ലോകത്ത് നവതരംഗ സിനിമകളുടെ തോഴനായി എത്തിയവരില്‍ ശ്രദ്ധേയനായ രാജ് ബി ഷെട്ടി മലയാളത്തില്‍ നേരത്തെ തന്നെ ഭാഗമായിട്ടുണ്ട്. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത 'ടര്‍ബോ'യിലെ 'വെട്രിവേല്‍', സമീപകാലത്ത് മലയാള സിനിമ കണ്ട ശക്തനായ വില്ലന്‍ കഥാപാത്രങ്ങളിലൊന്നാണ്. പിന്നീട് 'കൊണ്ടല്‍', 'രുധിരം' എന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു.

കന്നടത്തില്‍ മികച്ച വിജയവും പ്രശംസയും നേടിയ സു ഫ്രം സോ എന്ന ചിത്രത്തിലും പ്രധാന റോളില്‍ രാജ് ബി ഷെട്ടിയെ പ്രക്ഷകര്‍ കണ്ടു. മൊഴിമാറ്റം നടത്തി കേരളത്തിലെ തിയറ്ററുകളില്‍ ചിരി പടര്‍ത്തിയ ചിത്രത്തിന്‍റെ നിര്‍മാതാവും രാജ് ബി ഷെട്ടി ആയിരുന്നു. 

സമീപകാലത്ത് അനുരാഗ് കശ്യപിന്‍റെ 'ബാന്ദര്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ഭാഗമായി മാറിയിരുന്നു രാജ് ബി ഷെട്ടി. ബോബി ഡിയോള്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം ശ്രദ്ധേയ റോളിലാണ് ബി ടൗണിലും സാന്നിധ്യം അറിയിച്ചത്. താരത്തിന്‍റെ തമിഴ് അരങ്ങേറ്റം ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.  മുഖം വ്യക്തമാകാത്ത രാജ് ബി ഷെട്ടിയുടെ പോസ്റ്റര്‍ പങ്കുവെച്ച്,  "താരനിര കൂടുതൽ ശക്തമാകുന്നു. ആഘോഷം കൂടുതൽ വലുതാകുന്നു. ജന്മദിനാശംസകൾ രാജ് ബി ഷെട്ടി,  സ്വാഗതം" എന്നു കുറിച്ചായിരുന്നു സോഷ്യല്‍ മീഡിയയില്‍  രാജ് കമൽ ഫിലിംസ് ഇന്‍റർനാഷണല്‍ കുറിച്ചത്.  ഭാഗ്യശ്രീ ബോർസെ നായികയാകുന്ന സിയോണിന് സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കുന്നത്. 

ENGLISH SUMMARY:

Raj B Shetty is making his Tamil film debut in 'Seyon,' produced by Kamal Haasan's Raj Kamal Films International and starring Sivakarthikeyan. This marks a significant step for the acclaimed Kannada actor and director in the Tamil film industry.