Tamil Nadu BJP President Nainar Nagenthran meets Rajinikanth (@NainarBJP X/ANI Photo)
ബിജെപി മുന്‍ തമിഴ്നാട് അധ്യക്ഷനായിരുന്ന കെ.അണ്ണാമലൈ പാര്‍ട്ടി വിട്ട് പുതിയ പ്രസ്ഥാനം രൂപീകരിച്ചതിന് പിന്നാലെ നടത്തിയ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു... ‘രജനികാന്ത് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ തീരുമാനിച്ച സമയത്ത് എന്നെ വിളിച്ചിരുന്നു, പക്ഷെ അതിന് മുന്‍പ് കര്‍ണാടകയിലെ ബിജെപി നേതാവായ ബി.എല്‍.സന്തോഷ് എന്നെ ബിജെപിയിലേക്ക് ക്ഷണിച്ചു, ബിഎല്‍ സന്തോഷിന് ആദ്യം വാക്ക് കൊടുത്തതുകൊണ്ട് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നു’ അണ്ണാമലെയുടെ ഈ പ്രതികരണം തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ബിജെപിയുടെ ബി ടീമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ പറയപ്പെടുന്ന അണ്ണാമലൈയുടെ പ്രസ്ഥാനത്തിന് രജനിയുടെ ആശിര്‍വാദവുമണ്ടെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വരെ ചര്‍ച്ച സജീവമായി.അണ്ണാമലൈയുടെ ഈ പ്രസ്താവനയും ബിജെപി നേതാക്കളുടെ രജനിയുമായുള്ള കൂടിക്കാഴ്ചയും കൂടിയായപ്പോള്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ രജനികാന്തിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കുകയാണ്.
‘വീ ദ് ലീഡേഴ്സും മക്കള്‍ മേടൈയും’
2020ലാണ് അണ്ണാമലൈ വീ ദ് ലീഡേഴ്സ് ആംരിഭിക്കുന്നത്. ജൂണ‍്‍ 5 ന് ബിജെപിയില്‍ നിന്ന് രാജിവച്ച് വന്നതിന് പിന്നാലെ ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയ്ക്ക് വീ ദ് ലീഡേഴ്സിനെ മാറ്റാന്‍ ആരംഭിച്ചു. തമിഴ്നാട്ടിലെ യുവാക്കളുടെയും സാധാരണക്കാരുടെയും ഉന്നമനമാണ് ലക്ഷ്യം എന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. എപിജെ അബ്ദുല്‍ കലാമിന്റെ ആശങ്ങളിലൂന്നി യുവാക്കളില്‍ പരിശീലനം നല്‍കും. അതിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്പ്പ്. പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് വി ദ് ലീഡേഴ്സിന്റെ ഫോളോവേഴ്സിന്‍റെ എണ്ണം കുതിച്ച്, 18 ലക്ഷത്തിലേക്കെത്തി.
ഈ ദിവസം തന്നെയായിരുന്നു രജനി കാന്തിന്റെ ഭാര്യ ലത രജനികാന്ത് മറ്റൊരു പ്രസ്ഥാനം പ്രഖ്യാപിച്ചത്; ‘മക്കള്‍ മേടൈ’. സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും ഒത്തൊരുമയ്ക്കുമായി യുവാക്കള്‍, മുതിര്‍ന്നവര്‍, സമൂഹത്തിലെ ഉന്നത പദവി വഹിച്ചവര്‍, അധ്യാപകര്‍, വിരമിച്ച സൈനികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയുള്ള കൂട്ടായ്മ. പ്രസ്ഥാനത്തിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്നും സാമൂഹ്യ സേവനമാണെന്നുമായിരുന്നു ലത രജനികാന്തിന്റെ പ്രതികരണം.
രജനിയും ബിജെപിയും
തമിഴ്നാട്ടിലെത്തുന്ന ബിജെപി ദേശീയ നേതാക്കള്‍ അടക്കം രജനിയെ സന്ദര്‍ശിക്കാതെ മടങ്ങാറില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ഇല്ലെങ്കിലും രാഷ്ട്രീയത്തിലെ രജനിയുടെ സ്വാധീനം ഇത് വിളിച്ചു പറയുന്നുണ്ട്. മോദിയും അമിത് ഷായും മഹാഭാരതത്തിലെ കൃഷ്ണനും അര്‍ജുനനും പോലെയെന്ന് വരെ രജനി പറഞ്ഞിട്ടുണ്ട്. തമിഴ്നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനും ബിജെപി ദേശീയ സെക്രട്ടറിയും രജനിയെ വീട്ടലെത്തി സന്ദര്‍ശിച്ചത് വെറും സൗഹൃദ സന്ദര്‍ശനമായും കണക്കാക്കാനാകില്ല. 12 വര്‍ഷത്തെ ബിജെപി ഭരണത്തെ പ്രകീര്‍ത്തിച്ചുള്ള പ്രസിദ്ധീകരണവും രജനിക്ക് സമ്മാനിച്ച് സ്റ്റൈല്‍ മന്നനെ പൊന്നാട അണിയിച്ച ശേഷമാണ് ബിജെപി സംഘം മടങ്ങിയത്.
രജനി വരുമോ?
ഡിഎംകെയെ വിറപ്പിച്ച വിജയ് വിജയത്തിന് ശേഷം രജനികാന്തിനെ വട്ടംചുറ്റിയുള്ള വാര്‍ത്തകളാണ് തമിഴ് നാട് രാഷ്ട്രീയത്തില്‍ നിറയുന്നത്. 2021ല്‍ രജനികാന്ത് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഒരുങ്ങിയെങ്കിലും നീക്കം പിന്‍വലിച്ചിരുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറം വിജയ്‌യുടെ രാഷ്ട്രീയ വിജയവും ടിവികെയുടെ സര്‍ക്കാര്‍ രൂപീകരണവും രജനിയെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്. അത് രജനി തന്നെ പറഞ്ഞിട്ടുമുണ്ട്. വിജയ്‌യുടെ വിജയത്തില്‍ അസൂയ ഇല്ലെന്ന് പറഞ്ഞ രജനി അണിയറയില്‍ രാഷ്ട്രീയ ചരടുവലികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുണ്ടെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പരക്കുന്നുണ്ട്. അണ്ണാമലൈ അന്ന് പറഞ്ഞതും ബിജെപി ഇന്ന് ചെയ്യുന്നതും തമിഴ് രാഷ്ട്രീയത്തിലേക്കുള്ള രജനിയുടെ എന്‍ട്രി അകലെയല്ലെന്നാണ് വെളിവാക്കുന്നത്.