vijay-rashmika-love

തെന്നിന്ത്യ വീണ്ടുമൊരു താരവിവാഹത്തിന് ഒരുങ്ങുകയാണ്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാവുകയാണ്. ഈ മാസം 26ന് ഉദയ്പുരില്‍ വച്ച്് തീര്‍ത്തും സ്വകാര്യമായാണ് വിവാഹച്ചടങ്ങുകള്‍. വിവാഹത്തിന്‍റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെയാണ് രശ്മികയ്ക്ക് നേരെ മുന്‍ കാമുകന്‍ രക്ഷിത് ഷെട്ടിയുടെ സുഹൃത്ത് പ്രമോദിന്‍റെ പരിഹാസ്യമായ വാക്കുകള്‍ പുറത്തുവന്നത്. രശ്മികയുടെ ആരാധകരാവട്ടെ പ്രമോദിന്റെ വായടപ്പിക്കുന്ന മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ നല്‍കുന്നതും.

തന്നെ രശ്മിക കല്യാണത്തിന് ഇതുവരെ വിളിച്ചിട്ടില്ലെന്നും വിളിച്ചാല്‍ പോകുമെന്നുമായിരുന്നു പ്രമോദിന്‍റെ വാക്കുകള്‍. 'രശ്മികയുടെ കല്യാണക്കുറി കിട്ടിയിട്ടില്ല. കിട്ടിയാല്‍ പോകും. രശ്മിക വിളിക്കില്ലെന്ന് നമുക്കെല്ലാം അറിയാമല്ലോ. പിന്നെ രക്ഷിത് ഷെട്ടി... അവന്‍ കൊച്ചു കുട്ടിയൊന്നുമല്ല ചോക്കലേറ്റും കഴിച്ച് പഴയതൊക്കെ ഓര്‍ത്ത് കുറ്റബോധവും കരച്ചിലുമായി ഇരിക്കാന്‍' - പ്രമോദ് പരിഹാസച്ചിരിയോടെ മാധ്യമങ്ങളോട് പറ‍ഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. 

'എത്രകാലം രശ്മികയുടെ പേരും പറഞ്ഞ് നടക്കും?' എന്ന് ഒരാളും 'പ്രണയബന്ധം അവസാനിപ്പിച്ചിട്ട് ആരാണ് പഴയ കാമുകനെയും അയാളുടെ സുഹൃത്തുക്കളെയും സ്വന്തം കല്യാണത്തിന് വിളിക്കുന്നതെന്നും' തരംകിട്ടുമ്പോഴെല്ലാം രശ്മികയെ അപമാനിക്കാന്‍ നടക്കുന്ന നിങ്ങളെ ആര് വിളിക്കാനാണെന്നും' ആളുകള്‍ കുറിച്ചു. ഇപ്പോഴും ഇങ്ങനെ പറഞ്ഞ് നടക്കാന്‍ നാണമില്ലേയെന്ന് ഒരു എക്സ് യൂസറും 'രശ്മികയുടെ ആരാധകന്‍ ഒന്നുമല്ല, പക്ഷേ ഇത്തരം വെറുപ്പിനെയൊക്കെ നേരിട്ട് അവര്‍ വളര്‍ന്ന് നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന്' മറ്റൊരാളും കമന്‍റ് ചെയ്തിട്ടുണ്ട്.

2016ല്‍ 'കിരിക് പാര്‍ട്ടി'യെന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തില്‍ ഒപ്പം അഭിനയിച്ച രക്ഷിത് ഷെട്ടിയുമായി 2017ല്‍ താരത്തിന്‍റെ വിവാഹനിശ്ചയവും കഴിഞ്ഞു. അന്ന് രശ്മികയ്ക്ക് 21  വയസായിരുന്നു പ്രായം. രക്ഷിതിന് 34 ഉം. 2018  സെപ്റ്റംബറില്‍ ഇരുവരും വിവാഹനിശ്ചയം റദ്ദാക്കിയതായി അറിയിച്ചു. ഒത്തുചേര്‍ന്ന് പോകാന്‍ പറ്റാത്ത കാരണങ്ങളാലാണ് ബന്ധം ഉപേക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ വ്യാപക സൈബര്‍ ആക്രമണമാണ് രശ്മികയ്ക്കെതിരെ നടന്നത്. 

പൊതുപരിപാടികളിലും താരം അപമാനിക്കപ്പെട്ടു. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ഒക്ടോബറിലാണ് താരം വിജയ് ദേവരക്കൊണ്ടയെ വിവാഹം കഴിക്കുന്നതായും വിവാഹനിശ്ചയം കഴിഞ്ഞതായും വാര്‍ത്തകള്‍ പുറത്തുവരികയായിരുന്നു. 

 

ENGLISH SUMMARY:

As Rashmika Mandanna and Vijay Deverakonda prepare for their private wedding in Udaipur on February 26, 2026, a controversial statement from Pramod, a friend of Rashmika’s ex-fiancé Rakshit Shetty, has gone viral. Pramod mocked Rashmika, saying he hasn't received a wedding invite and claimed Rakshit is not mourning the past. Fans have slammed these remarks, questioning the obsession with Rashmika’s past even years after her 2018 breakup with Rakshit. Social media users are defending the 'Pushpa' star, criticizing the toxic trend of shaming women for moving on. The wedding is set to be an intimate ceremony following the couple's long-term relationship. Amidst the buzz, Rashmika's followers are calling out the 'shameful' comments made by her former partner's circle