Image Credit: Instagram
സിനിമയിലെ നായികമാരെ കുറിച്ച് നടന്‍ ശിവജി നടത്തിയ പ്രസ്താവനയില്‍ വന്‍ വിവാദം. നായികമാര്‍ മര്യാദയ്ക്കുള്ള വസ്ത്രം ധരിക്കണമെന്നും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്നുമായിരുന്നു ശിവജിയുടെ വാക്കുകള്‍. തെലുങ്ക് ചിത്രമായ ധന്‍ഡോറയുടെ റിലീസിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഈ അഭിപ്രായ പ്രകടനം. ' എല്ലാ നായികമാരോടും എനിക്കൊന്നേ പറയാനുള്ള ദയവ് ചെയ്ത് മേനീപ്രദര്‍ശനം നടത്തരുത്. ശരീരം മുഴുവന്‍ മറയ്ക്കുന്ന സാരിയോ മറ്റ് വസ്ത്രങ്ങളോ ധരിക്കുക. ശരിക്കുമുള്ള സൗന്ദര്യം സാരിയിലാണ്. അല്ലാതെ ശരീരത്തിലെ ഓരോന്ന് പുറത്ത് കാണിക്കുന്നതിലല്ല'- എന്നായിരുന്നു പ്രസംഗത്തിനിടെ താരം പറഞ്ഞത്.
ഗ്ലാമറസായി വസ്ത്രം ധരിച്ചെത്തുമ്പോള്‍ ആരും ഇത് തുറന്ന് പറയാന്‍ തയാറാവില്ലെന്നും വ്യക്തി സ്വാതന്ത്ര്യമെന്ന് കരുതി വിടുമെന്നും പക്ഷേ ഉള്ളില്‍ അങ്ങനെയാവില്ല ചിന്തിക്കുന്നതെന്നും ശിവജി പറഞ്ഞു. ' സ്ത്രീ പ്രകൃതിയെ പോലെയാണ്. പ്രകൃതി മനോഹരിയായിരിക്കുമ്പോള്‍ നമ്മള്‍ ബഹുമാനിക്കുന്നു. സ്ത്രീ എനിക്ക് എന്‍റെ അമ്മയെപ്പോലെയാണ്. എന്‍റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്നിരിക്കുന്നതും അമ്മയാണ്'– താരം പറഞ്ഞു. സൂപ്പര്‍താരം സാവിത്രിയും സൗന്ദര്യയുമെല്ലാമായിരുന്നു പഴയകാലത്ത് സൗന്ദര്യത്തിന്‍റെയും ആഢ്യത്വത്തിന്‍റെയും പര്യായങ്ങളെങ്കില്‍ ഇന്ന് അത് രശ്മിക മന്ദാനയാണെന്നും അവരുടെ വേഷവിധാനമാണ് സൗന്ദര്യത്തെ എടുത്ത് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സ്വാതന്ത്ര്യം വിലയേറിയതാണ്. അത് നിങ്ങളുടെ പെരുമാറ്റത്തെ മുന്‍നിര്‍ത്തിയാണ് ആളുകള്‍ വിലയിരുത്തുന്നത്. ഗ്ലാമറിനൊക്കെ ഒരതിര് വേണം'- ശിവജി തുറന്നടിച്ചു.
വന്‍ വിമര്‍ശനമാണ് പരിപാടിയിലെ ശിവജിയുടെ വാക്കുകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ' അനാവശ്യ ഉപദേശമാണ്' ശിവജിയുടേത് എന്നായിരുന്നു ഗായിക ചിന്‍മയിയുടെ പ്രതികരണം. അങ്ങേയറ്റം മ്ലേച്ഛമായ ഭാഷയാണ് ശിവജി സ്ത്രീകളെ കുറിച്ച് സംസാരിക്കാന്‍ ഉപയോഗിച്ചതെന്നും ചിന്‍മയി കുറ്റപ്പെടുത്തി. പ്രഫഷനല്‍ സ്പേസുകളില്‍ ഇത്തരം പദപ്രയോഗങ്ങള്‍ നടത്തുന്നതില്‍ ലജ്ജ തോന്നുന്നില്ലേയെന്നും അവര്‍ സമൂഹമാധ്യമത്തിലൂടെ ചോദ്യമുയര്‍ത്തി. ' ജീന്‍സും ഹൂഡിയും ധരിച്ചാണ് ശിവജി വന്നിരിക്കുന്നത്. ഇന്ത്യന്‍ സംസ്കാരം പിന്തുടരാന്‍ ധോത്തി മാത്രം ധരിച്ച് വന്നുകൂടായിരുന്നോ? സ്ത്രീകളെ ഇങ്ങനെയൊക്കെയാണ് ഇവരെല്ലാം കാണുന്നത് എന്നത് അവിശ്വസനീയമാണ്' എന്നും ചിന്‍മയി കുറിച്ചു.