Image Credit: Screengrab from X
പ്രഭാസ് നായകനായ സൂപ്പര്‍ ചിത്രം രാജാ സാബിന്‍റെ പ്രമോഷന്‍ ചടങ്ങിനിടെ നടി നിധി അഗര്‍വാളിന് നേരെ കയ്യേറ്റം. 'സഹാന സഹാന' എന്ന പാട്ടിന്‍റെ ലോഞ്ച് ഹൈദരാബാദിലെ ലുലു മാളില്‍ വച്ച് നടക്കുന്നതിനിടെയാണ് അക്രമം നടന്നത്. ചടങ്ങിന് ശേഷം വേദിയില്‍ നിന്നിറങ്ങിയ താരത്തെ ആള്‍ക്കൂട്ടം കയറിപ്പിടിക്കുകയായിരുന്നു. കാറില്‍ കയറാനൊരുങ്ങവേ ഒരു കൂട്ടം ആളുകള്‍ നടിയെ പിടിച്ച് വലിച്ച് വസ്ത്രമടക്കം അലങ്കോലപ്പെടുത്തുകയുമായിരുന്നു. നടി ആകെ അസ്വസ്ഥതയായി കാറിലേക്ക് കയറുന്നത് വിഡിയോയില്‍ കാണാം.
സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വളരെ പണിപ്പെട്ടാണ് താരം കാറിനടുത്തേക്ക് എത്തിയത്. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കിണഞ്ഞു ശ്രമിച്ചുവെങ്കിലും ആള്‍ക്കൂട്ടം നിയന്ത്രാണാതീതമായിരുന്നു. ഒടുവില്‍ വസ്ത്രം വാരിപ്പിടിച്ച് കാറിനുള്ളിലേക്ക് കയറിയ താരം സ്ഥലത്ത് നിന്ന് രക്ഷപെടുകയായിരുന്നു.
താരങ്ങളെ ഇത്തരം ചടങ്ങിനായി എത്തിക്കുമ്പോള്‍ അതീവ ജാഗ്രത വേണമെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലേക്ക് ഇറങ്ങരുതെന്നും ആളുകള്‍ കുറിച്ചു. താരങ്ങളും മനുഷ്യരാണെന്നും അവരുടെ വ്യക്തിത്വത്തെയും സ്വകാര്യതയെയും മാനിക്കണമെന്നും മാന്യമായി പെരുമാറാന്‍ ആരാധകര്‍ തയാറാവണമെന്നും കമന്‍റുകളുണ്ട്. അതേസമയം, ആരാധകരെ മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്നും സംഘാടകരാണ് സുരക്ഷ ഒരുക്കേണ്ടിയിരുന്നതെന്നും ചിലര്‍ കുറിച്ചു. ഇത് ഫാന്‍സല്ല, കഴുകന്‍മാരാണെന്ന് ചിലരും വിഡിയോയ്ക്ക് ചുവടെ കുറിച്ചിട്ടുണ്ട്.
മാരുതി സംവിധാനം ചെയ്ത രാജാ സാബ് പ്രഭാസിന്‍റെ ആദ്യത്തെ ഹൊറര്‍ ചിത്രം കൂടിയാണ്. സഞ്ജയ് ദത്ത്, മാളവികാ മോഹനന്‍, റിദ്ധികുമാര്‍ തുടങ്ങിയവരാണ് പ്രഭാസിനും നിധിക്കും പുറമെയുള്ള പ്രമുഖര്‍. വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 2022 ല്‍ ഷൂട്ട് തുടങ്ങിയ ചിത്രം 2026 ജനുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും.