തനിക്കെതിരേ മോശം പെരുമാറ്റമുണ്ടായെന്ന വെളിപ്പെടുത്തലുമായി നടി മൗനി റോയ്. ഹരിയാനയിലെ ഒരു വിവാഹപരിപാടിക്കിടെയാണ് സംഭവം. മുത്തച്ഛന്മാരാവാൻ പ്രായമുള്ള ആളുകളിൽനിന്നുണ്ടായ മോശം പെരുമാറ്റം തന്നെ വേദനിപ്പിച്ചുവെന്ന് നടി സാമൂഹികമാധ്യമ പോസ്റ്റിൽ ആരോപിച്ചു.
അനുവാദമില്ലാതെ അരക്കെട്ടിൽ കയറിപ്പിടിച്ചുവെന്നാണ് ആരോപണം. കൈയെടുക്കാൻ അഭ്യർഥിച്ചപ്പോൾ നീരസം പ്രകടിപ്പിച്ചു. വേദിയിലെ പ്രകടനത്തിനിടെ രണ്ടുപേർ അസഭ്യം പറയുകയും ആംഗ്യങ്ങൾ കാണിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അനുവാദമില്ലാതെ ലോ ആംഗിളിൽ ചിത്രങ്ങൾ പകർത്തിയെന്നും നടി ആരോപിച്ചു.
'കഴിഞ്ഞ ദിവസം കർണാലിലെ ഒരു പരിപാടിയിൽ അതിഥികളുടെ, പ്രത്യേകിച്ച് എന്റെ മുത്തച്ഛന്റെ പ്രായമുള്ള രണ്ടുപേരുടെ പെരുമാറ്റം എന്നെ വല്ലാതെ വേദനിപ്പിച്ചു. പരിപാടി തുടങ്ങിയപ്പോൾ ഞാൻ വേദിയിലേക്ക് നടക്കവെ അമ്മാവന്മാരും മുഴുവൻ പുരുഷന്മാരടങ്ങുന്ന ആ കുടുംബവും എന്റെ അരക്കെട്ടിയിൽ കൈവെച്ച് ചിത്രമെടുത്തു. 'സർ, ദയവായി കൈയെടുക്കൂ', എന്ന് ഞാൻ പറഞ്ഞപ്പോൾ അത് ഇഷ്ടമായില്ല', നടി കുറിച്ചു.
‘എന്നപ്പോലെ ഒരാൾക്ക് ഇതാണ് അനുഭവമെങ്കിൽ, പുതുതായി വരുന്ന പെൺകുട്ടികൾക്ക് എന്തൊക്കെ നേരിടേണ്ടിവരുന്നുവെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയുന്നില്ല’, താരം പറയുന്നു.