rishab-profile

സിനിമാ മോഹവുമായി കര്‍ണാടകയിലെ ഒരു കുഗ്രാമത്തില്‍ നിന്ന് മുംബൈയിലെത്തിയ പയ്യന്‍ .  അവസരം തേടി അന്ധേരിയിലെ  പ്രൊഡക്ഷന്‍ ഹൗസില്‍ പ്രൊഡക്ഷന്‍ ബോയിയായിപ്പോലും ജോലി ചെയ്തു.  ആ പയ്യന്‍ പിന്നെ   കന്നട സിനിമമേഖലയുടെ കോണ്‍സപ്റ്റ് തന്നെ മാറ്റിയെഴുതി. പ്രകൃതിയും മനുഷ്യനുമായുള്ള പ്രണയവും സംഘർഷവും പറയുന്ന കാന്താര ചാപ്റ്റര്‍ 1 തിയറ്ററുകളില്‍ ആവേശ  തിരമാല തീര്‍ക്കു‌കയാണ്. അതിനൊപ്പം ഭൂതക്കോലം കെട്ടിയാടിയ ഋഷഭ് ഷെട്ടിയെന്ന താരത്തിന്‍റെ ഭൂതകാലം കൂടി  ഒന്നറിയണം. കനലില്‍ ഉറഞ്ഞാടുന്ന തീച്ചാമുണ്ഡി തെയ്യം അനുഭവിച്ചതിനേക്കാള്‍ വലിയ പൊള്ളലാണ് ഈ നടന്‍ ഒരു കാലത്ത് അനുഭവിച്ചത്.

കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ കേരാഡി ഗ്രാമത്തില്‍ ജനനം. ഔദ്യോഗിക നാമം പ്രശാന്ത് ഷെട്ടി. പഠിക്കുന്ന കാലം മുതല്‍ക്കേ സിനിമയായിരുന്നു മോഹം. എന്നാല്‍ അവിടേക്ക് എത്തിപ്പെടുക അത്ര എളുപ്പമല്ലെന്ന് തുടക്കത്തിലേ  തിരിച്ചറിഞ്ഞു. സിനിമയിലേക്കുള്ള ആദ്യ ചുവടുവയ്പ്പിന്‍റെ ഭാഗമായി നാടകരംഗത്തേക്ക് തിരിഞ്ഞു. എഴുത്തും സംവിധാനവും ഒരുപോലെ ഋഷഭ് ഷെട്ടിയ്ക്കു വഴങ്ങി. പഠനത്തിനായി ബാംഗ്സൂരിലേക്ക് പറിച്ചു നടപ്പെട്ടപ്പോഴും സിനിമാമോഹങ്ങള്‍ കൈവിട്ടില്ല പല ജോലികളും ചെയ്തു. വാട്ടര്‍ കാനുകളുടെ വില്‍പ്പന, റിയല്‍ എസ്‌റ്റേറ്റ്, ഹോട്ടല്‍ പണി..2008 ല്‍  മുബൈ അന്ധേരി വെസ്റ്റിലെ  ഒരു പ്രൊഡക്ഷൻ ഹൗസിൽ ഓഫിസ് ബോയ് ആയും ഡ്രൈവറായും ജോലി ചെയ്തു

സിനിമയിലേക്കുള്ള എന്‍ട്രിക്കായി വിശ്രമമില്ലാത്ത അധ്വാനം. കയ്യിലുള്ള സമ്പാദ്യം മുഴുവന്‍ സ്വരുക്കൂട്ടി ബാം പൂരിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു സംവിധാനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. തുടര്‍ന്ന് കന്നട സിനിമകളില്‍ സംവിധാന സഹായിയായി. പതുക്കെ ചില സിനിമകളില്‍ സഹസംവിധായകനായി. ഇതിനിടെ സാന്‍ഡല്‍വുഡ് സ്റ്റാറായ രക്ഷിത് ഷെട്ടിയെ പരിചയപ്പെട്ടത് വഴിത്തിരിവായി. ഇരുവരും അടുത്ത സുഹൃത്തുക്കളായി.  പവന്‍കുമാറിന്‍റെ  ലൂസിയ എന്ന സിനിമയില്‍ ഒരു പൊലീസ് ഓഫീസറായി ചെറിയ വേഷത്തില്‍ അഭിനയത്തിനു തുടക്കം. പന്നെ തുഗ്ലക്ക് എന്ന സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷം . രക്ഷിത്ത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു കണ്ടന്തയില്‍ ശ്രദ്ധേയ റോള്‍.

 എന്നാല്‍ ഇതൊന്നും ഋഷഭിനെ തൃപ്തിപ്പെടുത്തിയില്ല. കാത്തിരുന്ന സ്വപ്നത്തിലേക്കുള്ള ചുവട് വയ്പ്പായി മാത്രം ഈ അവസരങ്ങളെ കണ്ടു. സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് താന്‍ തന്നെ നായകനാകുന്ന വലിയ സ്വപ്നം, അതായിരുന്നു ഈ യുവാവ് കണ്ടത്. എന്നാല്‍ കടമ്പകളേറെ. പണം തന്നെ പ്രശ്നം. ഋഷഭ് ഷെട്ടിയെന്ന നടനെ വിശ്വസിച്ച് കോടികള്‍ മുടക്കാന്‍ ഒരു മേല്‍വിലാസം ഈ താരത്തിന് അന്നില്ലായിരുന്നു.

2016 ല്‍ രക്ഷിത് ഷെട്ടിയെ നായകനാക്കി റിക്കി എന്ന ആദ്യ സിനിമ സംവിധാനം ചെയ്ത് ശരാശരി വിജയം നേടി. അതിനു ശേഷം സംവിധാനം ചെയ്ത കിര്‍ക്ക് പാര്‍ട്ടി വന്‍ഹിറ്റായി. കോമഡി ചിത്രമായ ബെല്‍ബോട്ടത്തില്‍ നായകനായി. ചിത്രം ബോക്സ് ഓഫിസില്‍ ഹിറ്റായി. ഗരുഢ ഗമന വൃഷഭ വാഹനയിലെ ഗ്യാങ്സ്റ്റര്‍ ഹരിയെന്ന കഥാപാത്രം ഋഷഭ് ഷെട്ടിയെ ബഹുദൂരം മുന്നിലെത്തിച്ചു. മിഷന്‍ ഇംപോസിബിള്‍ , ഹരികതൈ അല്ലാ ഗിരികതൈ ചിത്രങ്ങള്‍ മോശമല്ലാത്ത അഭിപ്രായം നേടി.

കാന്താരയുടെ രൂപത്തില്‍ ഋഷഭിനായി കാലം കാത്തുവച്ച സമയമായിരുന്നു പിന്നെ വന്നത്. കന്നട-തെലുങ്ക് സിനിമ മേഖലയ്ക്കു അപരിചിതമായ കഥാപരിസരം പക്ഷെ പല നിര്‍മാതാക്കളും എഴുതിത്തള്ളി. എന്നാല്‍ സിനിമയുടെ കഥ കേട്ട നിര്‍മാണകമ്പനി ഹോംബാളെ ഫിലിംസ്  കാന്താരയുടെ സാധ്യത തിരിച്ചറിഞ്ഞു. വൈകാതെ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ അദ്ദേഹം തന്നെ തിരക്കഥയെഴുതി നായകനാകുന്ന കാന്താര എന്ന പ്രൊജക്ട് അനൗണ്‍സ് ചെയ്യപ്പെട്ടു.

രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വലിയൊരു ചിത്രമായിരിക്കും കാന്താരയെന്നു ആരും പ്രതീക്ഷിച്ചില്ല. ഭാഷയുടെ അതിര്‍ത്തികള്‍ കടന്ന് ആ ഭൂതക്കോലത്തിന്റെ ഗര്‍ജനം ആഗോളതലത്തില്‍ അലയടിച്ചു. താരത്തിന്റെ പ്രതിഫലവും കുതിച്ചുയര്‍ന്നു. ദൈവീകമായൊരു ഫാന്റസി സ്പർശത്തിലൂടെ നാടോടിക്കഥകളെ കൂട്ടിയിണക്കി അതിൽ പകയും പ്രതികാരവും പ്രണയവും ചാലിച്ച് ഒരുക്കിയ കാവ്യം.. അതാണ് കാന്താര. കാന്താര എന്നാല്‍ നിബിഡവനം എന്നര്‍ഥം. ചിത്രം കണ്ടു തുടങ്ങിയാല്‍ പ്രേക്ഷകരും ആ കൊടുംകാട്ടില്‍പ്പെട്ടു പോകും– അതാണ് ഋഷഭ് ഷെട്ടി മാജിക്.

ENGLISH SUMMARY:

Rishab Shetty, the actor and director, had a humble beginning before achieving stardom. He worked various jobs, including selling water cans and working as a production boy, before making his mark in Kannada cinema with movies like Kantara.