ബോളിവുഡ് താരം ഗോവിന്ദയുടെ വിവാഹമോചനവാര്‍ത്തകള്‍ അടുത്തകാലത്തായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. അതിനിടെ ഗണേശചതുര്‍ഥി ആഘോഷങ്ങളില്‍ ഒന്നിച്ച് നൃത്തം ചെയ്ത് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് താരവും ഭാര്യ സുനിത അഹൂജയും. മകന്‍ യശ്വവര്‍ധനൊപ്പമാണ് ഇരുവരും ആഘോഷങ്ങളില്‍ പങ്കെടുത്തത്.
ഗോവിന്ദയും കുടുംബവും സന്തോഷപൂര്‍വം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ‘ഗണപതി ബപ്പ മോര്യ’ എന്ന് ഉരുവിടുന്നതും യശ്വർദ്ധൻ ഗണേശ വിഗ്രഹം വഹിച്ചുകൊണ്ട് നടന്നപ്പോൾ, ഗോവിന്ദയും സുനിതയും ധോൾ താളത്തിനൊത്ത് സന്തോഷത്തോടെ നൃത്തം ചെയ്യുന്നതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോകളില്‍ കാണാം.
വീട്ടിലെ ആഘോഷങ്ങളുടെ ചിത്രങ്ങളും ഗോവിന്ദയുടെ ഭാര്യ സുനിത പങ്കുവച്ചു. ചിത്രങ്ങളിൽ ഗോവിന്ദയും സുനിതയും ഗണേശ വിഗ്രഹത്തിനരികിൽ നിൽക്കുന്നതും, മറ്റ് നിമിഷങ്ങളിൽ സുനിതയും അമ്മയും യശ്വർധനുമൊത്തുള്ള ചിത്രങ്ങളും ഉണ്ടായിരുന്നു. നടി മനീഷ കൊയ്‌രാളയും അമ്മയും ആഘോഷങ്ങളിൽ ഗോവിന്ദയുടെ കുടുംബത്തോടൊപ്പം ചേർന്നു.
വേര്‍പിരിയലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളോടും സുനിത പ്രതികരിച്ചു. ‘"നിങ്ങൾ ഗണപതിക്കുവേണ്ടിയോ വിവാദത്തിനു വേണ്ടിയോ വന്നത്? ഞങ്ങളെ ഒരുമിച്ച് കണ്ടതിലൂടെ മാധ്യമങ്ങളുടെ മുഖത്ത് അടിയേറ്റില്ലേ? ഒരു ശക്തിക്കും ഞങ്ങളെ വേർപെടുത്താൻ കഴിയില്ല, എന്റെ ഭർത്താവ് എന്റേതാണ്, എന്റെ ഗോവിന്ദ എന്റേതാണ്. കേള്‍ക്കുന്നതൊന്നും വിശ്വസിക്കരുത്.’ എന്നായിരുന്നു മാധ്യമങ്ങളോടുള്ള സുനിതയുടെ വാക്കുകള്‍. ഗോവിന്ദയും സുനിതയും വിവാഹിതരായിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി. ടീന, യശ്വർധൻ എന്നിങ്ങനെ രണ്ടുമക്കളാണ് ദമ്പതികള്‍ക്ക്. 2015 ൽ 'സെക്കൻഡ് ഹാൻഡ് ഹസ്ബൻഡ്' എന്ന ചിത്രത്തിലൂടെ ടീന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചപ്പോൾ, യശ്വർധൻ ഉടൻ തന്നെ അഭിനയരംഗത്തേക്ക് കടക്കാൻ തയാറെടുക്കുകയാണ്.