image credit: .instagram.com/isha_konnects
തെലുങ്ക് ചിത്രം ‘ചന്ദ്രലേഖ’യുടെ ഷൂട്ടിങ്ങിനിടയില്‍ നടന്‍ നാഗാര്‍ജുന തന്നെ 14 തവണ മുഖത്തടിച്ചെന്ന് നടി ഇഷ കോപികര്‍. ‘ഹിന്ദി റഷ്’ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇഷയുടെ വെളിപ്പെടുത്തല്‍. ദേഷ്യം നന്നായി ചിത്രീകരിക്കാന്‍ വേണ്ടിയാണ് 14 ടേക്ക് എടുത്തതെന്ന് താരം പറയുന്നു. താനാണ് മുഖത്തടിക്കാന്‍ ആവശ്യപ്പെട്ടതെന്നും തനിക്ക് ബുദ്ധിമുട്ടില്ലെന്നും പറഞ്ഞു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ട ശേഷമാണ് മൃദുവായെങ്കിലും അടിക്കാന്‍ അദ്ദേഹം തയ്യാറായത്. ഒടുവില്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ മുഖത്ത് അടിയുടെ പാട് ഉണ്ടായിരുന്നെന്നും ഇഷ പറഞ്ഞു. ഇഷയുടെ രണ്ടാമത്തെ ചിത്രമായിരുന്നു ചന്ദ്രലേഖ. 'ചന്ദ്രലേഖ'യിലുടെയാണ് ഇഷ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കൃഷ്ണ വംശി സംവിധാനം ചെയ്ത കോമഡി ഡ്രാമയില്‍ നാഗാര്‍ജുന, രമ്യ കൃഷ്ണന്‍, മുരളി മോഹന്‍, ചന്ദ്രമോഹന്‍, ഗിരി ബാബു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മലയാള ചിത്രം 'ചന്ദ്രലേഖ'യുടെ റീമേക്കാണിത്. ഡോണ്‍, എല്‍ഒസി കാര്‍ഗില്‍, സലാം–ഇ–ഇഷ്ക്ക്, എ ട്രിബ്യൂട്ട് ടു ലൗ തുടങ്ങിയ ചിത്രങ്ങളിലും ഇഷ അഭിനയിച്ചിട്ടുണ്ട്.
ശിവകാര്‍ത്തികേയനും രാകുല്‍ പ്രീത് സിങും പ്രധാന വേഷങ്ങളിലെത്തി, 2024 ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ചിത്രം ‘അയാലനാ’ണ് ഇഷയുടേതായി തിയറ്ററിലെത്തിയ അവസാന ചിത്രം. ശരദ് കേല്‍ഖര്‍, കരുണാകരന്‍, യോഗി ബാബു, ഭാനുപ്രിയ, ബാല ശരവണന്‍, ഡേവിഡ് ബ്രോങ്ടണ്‍ ഡേവിസ് എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. ചിത്രം 76.5 കോടി രൂപ ആഗോളകലക്ഷന്‍ നേടി. ഇഷ ഇതുവരെ തന്റെ അടുത്ത പ്രോജക്ട് പ്രഖ്യാപിച്ചിട്ടില്ല.