ഫഹദ് ഫാസില്‍– വടി വേലു ചിത്രം മാരീസനെ പുകഴ്ത്തി നടന്‍ കമല്‍ ഹാസന്‍. സിനിമയുടെ നിര്‍മാണ മികവ് കണ്ട് തനിക്ക് ആരാധന തോന്നിപ്പോയെന്ന കമല്‍ ഹാസന്‍ പറഞ്ഞു. അണിയറപ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ട് അവരുമായി സംസാരിച്ചുവെന്നും എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ കമല്‍ പറഞ്ഞു.
'മാരീസൻ കണ്ടു. ചിത്രത്തിന്റെ നിർമാണ മികവ് കണ്ട് ആരാധന തോന്നിപ്പോയി. മനോഹരമായ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ട് അവരുമായി സംസാരിച്ചു. തമാശകൾക്കിടയിലും സിനിമ മനുഷ്യവികാരങ്ങളേയും സമൂഹത്തിൻ്റെ ഇരുണ്ട നിഴലുകളേയും തീക്ഷ്ണമായിത്തന്നെ നോക്കിക്കാണുന്നു. ഒരു പ്രേക്ഷകൻ എന്ന നിലയിലും സിനിമാക്കാരൻ എന്ന നിലയിലും ഈ ചിത്രം ആകർഷിച്ചു,' കമൽ കുറിച്ചു.
നാളെയാണ് മാരീസന്‍ റിലീസ് ചെയ്യുന്നത്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് വി. കൃഷ്ണമൂര്‍ത്തിയാണ്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എല്‍. തേനപ്പന്‍, ലിവിംഗ്സ്റ്റണ്‍, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.