ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ വിജയ് നായകനായി വന്ന ചിത്രമാണ് 'ലിയോ'. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, തൃഷ, മഡോണ, മാത്യു തോമസ് എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിനുണ്ടായിരുന്നു.
സിനിമയില്‍ അഭിനയിച്ചതില്‍ ലോകേഷ് കനകരാജിനോട് ദേഷ്യമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സഞ്ജയ് ദത്ത്. ലോകേഷ് കനകരാജിനോട് തനിക്ക് ദേഷ്യമാണെന്നും ലിയോയില്‍ വലിയ റോള്‍ തന്നില്ലെന്നും സഞ്ജയ് ദത്ത് പറഞ്ഞു. തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ചെന്നൈയില്‍ മാധ്യമങ്ങളെ കാണവേയാണ് സഞ്ജയ് ദത്തിന്‍റെ പരാമര്‍ശം.
'രജിനികാന്തിനോടും കമല്‍ ഹാസനോടും ബഹുമാനമുണ്ട്. അവരെന്‍റെ സീനിയേഴ്സാണ്. അവരില്‍ നിന്നും ഒരുപാട് പഠിയ്ക്കാനുണ്ട്. രജിനികാന്തിനോടൊപ്പം പല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം വളരെ എളിമയുള്ള വ്യക്തിയാണ്. ദളപതി വിജയ്ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ട്.
ലോകേഷ് കനകരാജിനോട് ദേഷ്യമുണ്ട്. കാരണം ലിയോയില്‍ അദ്ദേഹം എനിക്ക് ഒരു വലിയ റോള്‍ തന്നില്ല, എന്നെ ശരിക്ക് ഉപയോഗിച്ചില്ല. അജിത്ത് സാറിനേയും ഇഷ്ടമാണ്. അദ്ദേഹം എന്‍റെ അടുത്ത സുഹൃത്താണ്. രജിനികാന്തിന്‍റെ നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. കൂലിക്കായി കാത്തിരിയ്ക്കുകയാണ്. കമല്‍ ഹാസനു വേണ്ടി തഗ്ലൈഫും കാണും,' സഞ്ജയ് ദത്ത് പറഞ്ഞു.