ധനുഷിന് പിന്നാലെ നയന്‍താരയുമായി നിയമയുദ്ധത്തിന് എപി ഇന്‍റര്‍നാഷണലും. രജിനികാന്ത് നായകനായ 'ചന്ദ്രമുഖി'യിലെ ദൃശ്യങ്ങള്‍ അനുമതിയോടയല്ല ഉപയോഗിച്ചത് എന്നാണ് ചന്ദ്രമുഖിയുടെ പകര്‍പ്പവകാശം കൈവശമുള്ള എപി ഇന്‍റര്‍നാഷണലിന്‍റെ ആരോപണം. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ നയന്‍താരയുടെ ഡോക്യുമെന്‍ററിയില്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ മുമ്പ് നയന്‍താരയ്ക്കും നെറ്റ്ഫ്ളിക്സിനും നോട്ടിസ് അയച്ചിരുന്നു.
പിന്നാലെയാണ് എ.പി. ഇന്റര്‍നാഷ്ണലും മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. എപി ഇന്‍റര്‍നാഷണല്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നെറ്റ്ഫ്ളിക്സിനും ടാര്‍ക് സ്റ്റുഡിയോസിനും മദ്രാസ് ഹൈക്കോടതി രണ്ടാഴ്ചക്കകം മറുപടി ആവശ്യപ്പെട്ട് നോട്ടിസ് അയച്ചു.
ചിത്രത്തിലെ ദൃശ്യങ്ങള്‍ നീക്കണമെന്നും നഷ്ടപരിഹാരമായി അഞ്ച് കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടും ദൃശ്യങ്ങള്‍ ഡോക്യുമെന്‍ററിയില്‍ ഉപയോഗിച്ചു. ഡോക്യുമെന്‍ററിയില്‍ നിന്ന് ദൃശ്യങ്ങള്‍ നീക്കാന്‍ ഉത്തരവിടണമെന്ന് കോടതിയോട് ആവശ്യപ്പെട്ട എ.പി ഇന്‍റര്‍നാഷണല്‍, ഡോക്യുമെന്‍ററിയില്‍ നിന്നും ലഭിച്ച വരുമാനം വെളിപ്പെടുത്തണമെന്നും പറഞ്ഞു.
നയൻതാരയുടെ 40-ാം പിറന്നാൾ ദിനത്തിലായിരുന്നു 'നയൻതാര: ബിയോണ്ട് ദ ഫെയ്‌റി ടെയ്ൽ' എന്ന ഡോക്യുമെന്‍ററി നെറ്റ്ഫ്ളിക്സിലൂടെ പുറത്തുവന്നത്. ഡോക്യുമെന്‍ററിയില്‍ 'നാനും റൗഡി താൻ' എന്ന സിനിമയിലെ മൂന്ന് സെക്കൻഡ് ദൃശ്യങ്ങൾ ഉപയോഗിച്ചരുന്നു. ഇതിന്‍റെ പേരിൽ സിനിമയുടെ നിര്‍മാതാവായ ധനുഷ് നയൻതാരയ്ക്കെതിരെ പകർപ്പവകാശ ലംഘനത്തിന് 10 കോടിയുടെ വക്കീൽ നോട്ടീസ് അയച്ചു. ധനുഷിനെതിരെ നയന്‍താരയും രംഗത്തെത്തിയിരുന്നു.