ajith-01

സൂപ്പര്‍സ്റ്റാര്‍ അജിത്തിന്‍റെ ഏറ്റവും പുതിയ ചിത്രം ‘വിടാമുയര്‍ച്ചി’ പൊങ്കലിന് റിലീസ് ചെയ്യില്ല. നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങള്‍’ കാരണം റിലീസ് മാറ്റിവയ്ക്കുന്നു എന്നാണ് നിര്‍മാതാക്കളുടെ പോസ്റ്റ്. ‘കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കാം. കാത്തിരിപ്പ് വെറുതെയാവില്ല. എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍...’ ഇതാണ് അറിയിപ്പിന്‍റെ തുടര്‍ന്നുള്ള ഭാഗം.

അജിത് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിടാമുയര്‍ച്ചി’. മകിഴ് തിരുമേനി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷ, ശിവകാര്‍ത്തികേയന്‍, സഞ്ജയ് ദത്ത്, പ്രിയ ഭവാനി ശങ്കര്‍, റജീന കസാന്‍ഡ്ര, അര്‍ജുന്‍ സര്‍ജ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ഈമാസം ഒന്‍പതിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. റിലീസ് നീട്ടിവച്ചതോടെ ആരാധകര്‍ നിരാശയിലായി.

അസര്‍ബൈജാനിലാണ് ‘വിടാമുയര്‍ച്ചി’യുടെ മിക്ക രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ആക്ഷന്‍ പാക്ക്ഡ് റോഡ് ത്രില്ലറാണ് ചിത്രം. അജിത്തിന്‍റെ ആക്ഷന്‍ ചിത്രങ്ങളില്‍ തികച്ചും വേറിട്ട ഒന്നായിരിക്കും ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. അജിത്തിന്‍റെ അറുപത്തിരണ്ടാമത്തെ സിനിമയാണ് ‘വിടാമുയര്‍ച്ചി’.

ajith-02-n

‘വിടാമുയര്‍ച്ചി’ക്ക് പുറമേ ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രം കൂടി താരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൈത്രി മൂവീമേക്കേഴ്സിന്‍റെ ബാനറില്‍ ആദിക് രവിചന്ദ്രനാണ് ‘ഗുഡ് ബാഡ് അഗ്ലി’ ഒരുക്കുന്നത്. തൃഷയാണ് നായിക. നസ്‍ലിന്‍, സുനില്‍, യോഗി ബാബു, ശ്രീകല തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഈ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 

ENGLISH SUMMARY:

Ajith's latest film Vidaamuyarchi will not release for Pongal as initially announced, with producers Lyca Productions citing "unavoidable circumstances" and promising further updates soon. Directed by Magizh Thirumeni, the action-packed road thriller features an ensemble cast including Trisha, Sanjay Dutt, and Siva Karthikeyan, with most scenes shot in Azerbaijan. Fans are disappointed by the delay, while Ajith has also completed another film, Good Bad Ugly, directed by Adhik Ravichandran under the Mythri Movie Makers banner.