ആരാധകര്‍ക്ക് ദീപാവലി സമ്മാനമായി പുതിയ ചിത്രം 'മേള'യുടെ പ്രത്യേക പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് പ്രിയ താരം മമ്മൂട്ടി. ദീപവലി ആഘോഷം മൂഡിലുള്ള പോസ്റ്ററില്‍ മമ്മൂട്ടി തന്നെയാണ് അറ്റന്ഷന് താരം. കറുത്ത നിറത്തിലുള്ള മുണ്ടും ഷർട്ടും ധരിച്ച് കസേരയിലിരക്കുന്ന മമ്മൂട്ടിക്ക് ചുറ്റും മറ്റ് കഥാപാത്രങ്ങൾ നിൽക്കുന്നത് പോസ്റ്ററിൽ കാണാം. എല്ലാവരുടെയും കയ്യില്‍ ദീപാവലി ആഘോഷിക്കാനുള്ള പടക്കങ്ങളും മറ്റ് സാമഗ്രികളുമുണ്ട്.
മമ്മൂട്ടി ആദ്യകാല ചിത്രങ്ങളിലൊന്നായിരുന്നു ‘മേള’. കെ.ജി. ജോര്‍ജിന്റെ സംവിധാനത്തില്‍ 1980ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിജയന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. നാലരപ്പതിറ്റാണ്ടിനു ശേഷം മമ്മൂട്ടി വീണ്ടും മേളയുമായി എത്തുമ്പോള്‍, ആക്ഷനും കോമഡിയും മാസ് ഘടകങ്ങളും കോർത്തിണക്കി ഒരുക്കുന്ന ചിത്രമെന്നാണ് റിപ്പോർട്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിലൊരുങ്ങുന്ന ഒൻപതാമത്തെ ചിത്രം നിതീഷ് സഹദേവാണ് സംവിധാനം ചെയ്യുന്നത്. മലയാള ചിത്രം ‘ഫാലിമി’, തമിഴ് ചിത്രം ‘തലൈവർ തമ്പി തലൈമയിൽ’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സൂര് ഹിറ്റ് ചിത്രം 'കളങ്കാവലി'ന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണിത്. നേരത്തെ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയ മേളയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ബിജിഎമ്മും വലിയ തരംഗമായിരുന്നു. വിഷ്ണു വിജയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു.
വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം 2027 ൽ തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന. ചിത്രത്തിന്റെ താരനിര, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും.