23 കോടി ബജറ്റിൽ എത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആഴ്ചകൾക്കുള്ളിൽ 200 കോടി ക്ലബ്ബിലേക്ക്. തൊട്ടുമുൻപ് ചെറിയ ബജറ്റിൽ ഒരുക്കിയ ‘സർവം മായ’ 150 കോടിയും പിന്നിട്ടു. കരിയറിൽ ദീർഘകാലം നിഴലിച്ച അനിശ്ചിതത്വങ്ങളെയും തുടർച്ചയായ തിരിച്ചടികളെയും ഒറ്റയടിക്ക് മറികടന്ന് നിവിൻ പോളി വീണ്ടും മലയാള സിനിമയുടെ മുൻനിരയിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. മിനിമം ക്വാളിറ്റിയുള്ള ഒരു കഥയുമായി എത്തിയാൽ നിവിനെ നെഞ്ചിലേറ്റാൻ മലയാളി പ്രേക്ഷകർ ഇന്നും തയ്യാറാണ്. മോഹൻലാലിന് ശേഷം സ്ക്രീനിൽ നമ്മെ ഇത്രയേറെ ചിരിപ്പിക്കുകയും ‘ദി ബോയ് നെക്സ്റ്റ് ഡോർ’ എന്ന തോന്നലോടെ കൂടെ നിർത്തുകയും ചെയ്ത, സിംപിൾ, ഹംബിൾ, ഫീൽ ഗുഡ് നായകൻ വേറെയാരുണ്ട്?
ആലുവയിലെ ഒരു സാധാരണക്കാരൻ. എഞ്ചിനീയറിങ് ബിരുദത്തിന് ശേഷം ഇൻഫോസിസിലെ ജോലി രാജിവച്ച് അഭിനയമോഹവുമായി ഇറങ്ങിത്തിരിച്ച യുവാവ്. വിനീത് ശ്രീനിവാസന്‍റെ ‘മലർവാടി ആർട്സ് ക്ലബ്ബി’ലെ പ്രകാശനായി സിനിമയിലെത്തി. പിന്നീട് ‘തട്ടത്തിൻ മറയത്ത്’ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് പുതിയ തലമുറയുടെ പ്രണയനായകനെയാണ്. ആ ലാളിത്യവും നിഷ്കളങ്കമായ ചിരിയും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു.
അൽഫോൺസ് പുത്രന്‍റെ ‘നേരം’, സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ‘1983’, തിയേറ്ററുകളിൽ തരംഗമായ ‘ഓം ശാന്തി ഓശാന’, ‘ബാംഗ്ലൂർ ഡെയ്സ്’... അങ്ങിനെ വിജയങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി.
തുടർന്ന് വന്ന ‘പ്രേമം’ നിവിനെ 50 കോടി ക്ലബ്ബിലെത്തിച്ചു. കേരളത്തിന് പുറത്തും, പ്രത്യേകിച്ച് തമിഴ്നാട്ടിൽ പോലും നിവിൻ പോളിയെന്ന പേര് തരംഗമായി മാറിയ കാലം. അതിനുശേഷമാണ് ‘ആക്ഷൻ ഹീറോ ബിജു’വിലെ സബ് ഇൻസ്പെക്ടർ ബിജു പൗലോസ് എത്തുന്നത്. അന്നുവരെ കണ്ട സിനിമാ പോലീസുകാരിൽനിന്ന് വ്യത്യസ്തമായി, ഏറെ സ്വാഭാവികവും മിതത്വമുള്ളതുമായ പ്രകടനത്തിലൂടെ നിവിൻ ആ കഥാപാത്രത്തെ പ്രേക്ഷകരുടെ മനസ്സിൽ ഉറപ്പിച്ചു. ‘ജേക്കബിന്റെ സ്വർഗരാജ്യം’, ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’, ‘കായംകുളം കൊച്ചുണ്ണി’ തുടങ്ങിയ ചിത്രങ്ങളിലും വ്യത്യസ്ത കഥാപാത്രങ്ങളെ അനായാസമായി അവതരിപ്പിക്കാൻ നിവിന് കഴിഞ്ഞു.
എന്നാൽ ഇടയിൽ എവിടെയോ കാലിടറി. തുടർച്ചയായ പരാജയങ്ങൾ, സോഷ്യൽ മീഡിയയിലെ ബോഡി ഷെയിമിങ് അടക്കമുള്ള പരിഹാസങ്ങൾ... നിവിന്‍റെ കരിയറിനെക്കുറിച്ച് പലവിധ ചർച്ചകളും ഉയർന്നു. പക്ഷേ അപ്പോഴും ആത്മസുഹൃത്തായ വിനീത് ശ്രീനിവാസന് ഉറപ്പായിരുന്നു — ‘നിവിനല്ലേ... അവൻ തിരിച്ചുവരും.’
അതെ, നിവിൻ തിരിച്ചുവന്നു. യാതൊരു മായവും ഇല്ലാതെ. അഖിൽ സത്യന്‍റെ ‘സർവം മായ’യിലൂടെ കുടുംബപ്രേക്ഷകരുടെ ഹൃദയത്തിലേക്ക് വീണ്ടും ഇടം നേടിയ നിവിൻ, ചിത്രത്തിന്‍റെ വിജയത്തോടെ 150 കോടി ക്ലബ്ബും പിന്നിട്ടു. പിന്നാലെ ഇതാ ഗിരീഷ് എ.ഡിയുടെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. നിവിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നത്. അടുത്ത ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിയെഴുതാൻ താൻ വീണ്ടും സജ്ജമാണെന്ന് നിവിൻ ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. ഇനി വരുന്ന സിനിമകളിൽ കഥാപാത്രങ്ങളെ വളരെ സൂക്ഷ്മതയോടെ മാത്രമേ തിരഞ്ഞെടുക്കൂ എന്ന് നിവിൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതീക്ഷകൾ വീണ്ടും ഉയരുകയാണ്.
ഒരിക്കൽ മലയാളിയെ ചിരിപ്പിച്ചും പ്രണയിപ്പിച്ചും ഒപ്പം നിർത്തിയ ആ നിവിൻ പോളി... ഇപ്പോഴിതാ മറ്റൊരു വിജയകാലത്തിന്‍റെ തുടക്കത്തിലാണ്. ഇനിയങ്ങോട്ട്
മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ ഒരുപാട് അധ്യായങ്ങൾ എഴുതാനുണ്ട്. അതിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പേരുകളിലൊന്ന് — നിവിൻ പോളി.