നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' ബോക്‌സ് ഓഫീസിലും തിയേറ്ററുകളിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമ്മിച്ച ഈ ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറിന് കേരളത്തിന് പുറമെ തെലുങ്കിലും തമിഴിലും വൻ വരവേൽപ്പ് ലഭിച്ചു. പ്രേക്ഷക പിന്തുണ വർധിച്ചതോടെ ചിത്രത്തിന്റെ സക്സസ് ട്രെയ്‌ലര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
സക്സസ് ട്രെയിലറിനൊപ്പം ഇപ്പോള്‍ ശ്രദ്ധ നേടുന്നത് നിവിന്‍ പോളിയുടെ പോസ്റ്റാണ്. 'ഐ ആം ഗെയിം' സക്സസ് ട്രെയിലര്‍ പങ്കുവച്ച് 'അഭിനന്ദനങ്ങള്‍ ബ്രദര്‍, മുഴുവന്‍ ടീമിനും ആശംസകള്‍' എന്നാണ് നിവിന്‍ കുറിച്ചത്. നിവിന് ദുല്‍ഖര്‍ നന്ദിയും പറഞ്ഞു. 'താങ്ക്യൂ ഡാ, ലവ് യൂ' എന്നായിരുന്നു ദുല്‍ഖറിന്‍റെ മറുപടി. സിനിമയുടെ റിലീസിന് മുന്നേ തന്നെ 'ഐ ആം ഗെയി'മിന്‍റെ പോസ്റ്ററുകള്‍ പങ്കുവച്ചുള്ള നിവിന്‍റെ പോസ്റ്റുകളും അതിനുള്ള ദുല്‍ഖറിന്‍റെ മറുപടിയും ചര്‍ച്ചയായിരുന്നു.
ആന്റണി വർഗീസ്, കയാദു ലോഹർ, മിഷ്‌കിൻ, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് 'ഐ ആം ഗെയിം' ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.