TOPICS COVERED

യുഎസ് ഇറാന്‍ യുദ്ധത്തെക്കുറിച്ച് ട്രംപ് പറഞ്ഞ അവസാനത്തെ വാചകങ്ങള്‍ ഒന്ന് നോക്കാം... ‘ഇറാനില്‍ ഒരു ചര്‍ച്ച നടന്നു. എന്തിന് ട്രംപിനെ പരമാധികാരിയാക്കാന്‍. ലോകത്തെ ഏത് ഭരണാധികാരിയാണ് ഇറാനെപ്പോലെ ഒരു ശക്തമായ രാജ്യത്തിന്‍റെ പരമാധികാരിയാകാന്‍ ആഗ്രഹിക്കാത്തത്. പക്ഷെ  എനിക്ക് താല്‍പര്യമില്ല എന്ന് പറഞ്ഞു. ഞാന്‍ അത് ആഗ്രഹിക്കുന്നില്ല.. എനിക്ക് അത് വേണ്ട’.

‌ഏത്.. ഇറാനിലെ  പരമാധികാരിയെ വധിച്ച് യുദ്ധം തുടങ്ങി ലോകം മൊത്തം മൂന്നാം ലോകമഹായുദ്ധ ഭീതി പരത്തി എണ്ണയും ഗ്യാസും മുട്ടിച്ച ട്രംപിനെ പരമാധികാരിയാക്കാന്‍ ഇറാന്‍ ആലോചിച്ചെന്ന്.

ഇവിടെയാണ് രാഷ്ട്രീയ നേതാക്കളുടെ പ്രിവിലേജിനെപ്പറ്റി ചിന്തിക്കേണ്ടത്. എന്ത് മണ്ടത്തരം പറഞ്ഞാലും അത് ന്യായീകരിക്കാനും പിന്തുണക്കാനും ‘ലക്ഷം ലക്ഷം പിന്നാലെ’ എന്ന കണക്കില്‍ അണികള്‍ ഉണ്ടാകും. എന്നാല്‍ ഒരു ലോക രാഷ്ട്രത്തലവന്‍ നിരന്തരം മണ്ടത്തരം പറഞ്ഞാലോ.. ന്യൂക്ലിയര്‍ ബോംബ് അഞ്ച് രൂപയുടെ പൊട്ടാസാണെന്നും ലോകപ്രശ്നങ്ങള്‍ കമിതാക്കള്‍ തമ്മിലുള്ള സൗന്ദര്യപിണക്കങ്ങള്‍ ആണെന്നും അത് ജസ്റ്റ് ഇടപെട്ട് തീര്‍ക്കാം എന്നിട്ട് നൊബേല്‍ സമ്മാനം വാങ്ങാം എന്നും  കരുതുന്ന ലോക നേതാവ്.

ഇതാദ്യമായല്ല ട്രംപ് പച്ചവെള്ളം വിഴുങ്ങുന്ന പോലത്തെ തള്ളുകളും മണ്ടത്തരങ്ങളും പറയുന്നത്. ട്രംപ് പറഞ്ഞ ചില തള്ളുകളും മണ്ടത്തരങ്ങളും നമുക്കൊന്ന് നോക്കാം....

വര്‍ഷം 2019 ട്രംപ് പ്രസിഡന്‍സിയുടെ ആദ്യഘട്ടം. യുഎസില്‍ ഡോറിയന്‍ ചുഴലിക്കാറ്റ്  വീശിയടിക്കുകയാണ്. അപ്പോഴാണ് ട്രംപിന് ബുദ്ധി ഉണരുന്നത്. ചുഴലിക്കാറ്റിന്‍റെ ഒത്ത നടുക്ക് ഓരോ ന്യൂക്ലിയര്‍ ബോംബ് വച്ച് അങ്ങ് പൊട്ടിച്ചാലോ.. ചുഴലിക്കാറ്റിന്‍റെ നടുക്ക് അണുബോംബ് പൊട്ടുന്നതോടെ ചുഴലിക്കാറ്റിന് കറങ്ങാനുള്ള എനര്‍ജി  നഷ്ടപ്പെടുമെന്നും ഇതോടെ ചുഴലിക്കാറ്റ് നശിച്ചുപോകുമെന്നുമായിരുന്നു ട്രംപിന്‍റെ വാദം. ട്രംപിന്‍റെ വാക്കുകേട്ട് ഇത് നടപ്പാക്കാന‍് യുഎസ് ഡിഫന്‍സ് ഫോഴ്സ് ചിന്തിച്ചു എന്നതാണ് ഏറ്റവും ദയനീയം.

‌ഭാഗ്യത്തിന്  യുഎസിലെ ശാസ്ത്രജ്ഞന്‍മാരും യുഎസ് കാലാവസ്ഥാവിഭാഗമായ നാഷണല്‍ ഓഷ്യാനിക്ക് ആന്‍ഡ് അറ്റ്മോസ്ഫിയര്‍ അഡ്മിനിസ്ട്രേഷനും വിഷയത്തില്‍ ഇടപെട്ടു. ന്യൂക്ലിയര്‍ ബോംബിനെക്കാള്‍ പലമടങ്ങ് ശക്തമാണ് ചുഴലിക്കാറ്റെന്നും സ്ഫോടനം ചുഴലിക്കാറ്റിനെ നശിപ്പിക്കില്ലെന്നും ട്രംപിനെ പറഞ്ഞുമനസിലാക്കാന്‍ ശാസ്ത്രജ്ഞര്‍ ഏറെ ബുദ്ധിമുട്ടിയെന്നാണ് വിവരം. മാത്രമല്ല ന്യൂക്ലിയര്‍ ബോബ് പൊട്ടിച്ചാല്‍ അണുവികിരണവും കൊണ്ടായിരിക്കും അത് കറങ്ങുക. ഇനി ഈ മണ്ടത്തരത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഒരു കാര്യം കൂടി.  2000ത്തില്‍ ഡിജിമോന്‍ ദ് മൂവി എന്ന അനിമേഷന്‍ സിനിമയില്‍  ആണ് ചുഴലിക്കാറ്റിനെ നേരിടാന്‍ ആറ്റംബോബ് പ്രയോഗിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത്. അതായത് ട്രംപിന് ഈ ആശയം കിട്ടിയത് ഒരു കാര്‍‌ട്ടൂണ്‍ സിനിമയില്‍ നിന്നായിരിക്കാം എന്നര്‍ഥം...

2020 കോവിഡ് കാലത്ത് ട്രംപ് പറഞ്ഞ ആശയമായിരുന്നു ഡിസിന്‍ഫെക്ടന്‍റ് പ്രയോഗം. അതായത് പാത്രം കഴുകാനും നിലം തുടക്കാനുമായി ഉപയോഗിക്കുന്ന ലിക്വിഡ് ശരീരത്ത് കുത്തിവച്ചും കുടിച്ചും  കൊറോണ വൈറസിനെ കൊന്നുകൂടേ എന്ന്. എലിയെ പേടിച്ച് ഇല്ലം ചുടുന്ന ഏര്‍പ്പാട്. ഉടന്‍ തന്നെ ക്ലീനിങ് പ്രോഡക്റ്റ് കമ്പനിയായ ലൈസോള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കുടിക്കാനും ശരീരത്തില്‍ കുത്തിവയ്ക്കാനുമുള്ളതല്ല എന്ന് വാര്‍ത്താക്കുറിപ്പിറക്കി. ഓര്‍ക്കണം ഒരു ക്ലീനിങ് കെമിക്കല്‍ കമ്പനിക്ക് പ്രസിഡന്‍റിന്‍റെ വാദത്തിനെതിരെ വാര്‍ത്താക്കുറിപ്പ് ഇറക്കേണ്ടി വരുന്ന അവസ്ഥ. താന്‍ തമാശ പറഞ്ഞതാണെന്നാണ് ട്രംപ് പിന്നീട് പറഞ്ഞത്. ചാടെടാ എന്ന് പറഞ്ഞാല്‍ ചാടുന്ന അണികളുള്ള ഒരു രാഷ്ട്രീയ നേതാവ് ഇത്തരമൊരു പ്രസ്താവന നടത്തിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച് എന്തേ ട്രംപിന് ബോധമുണ്ടായില്ല എന്നതാണ് ശരിക്കുള്ള പ്രശ്നം.

കലിഫോര്‍ണിയയിലെ കാട്ടുതീ നിയന്ത്രണത്തിന് ട്രംപ് കണ്ടെത്തിയ ആശയമാണ് അടുത്തത്. കാടെന്ന് പറഞ്ഞാല്‍ മരങ്ങള്‍ ഒക്കെ ഉണ്ടാവുമല്ലോ... ഈ മരങ്ങള്‍ ഇല പൊഴിക്കുമല്ലോ.. കരിയിലകള്‍ ഈസി ആയി തീപിടിക്കും. ഇത് തടയാന്‍ കാട് മൊത്തം അടിച്ചുവാരി കരിയിലകള്‍ മാറ്റിയാല്‍ പോരേ എന്നാണ് ട്രംപിന്‍റെ ചോദ്യം. നല്ല ഐഡിയ, അല്ലേ?

ഫിന്‍ലന്‍ഡ് പ്രസിഡന്‍റാണ് തന്നോട് ഈ ഐഡിയ പറഞ്ഞതെന്നാണ് ട്രംപ് പിന്നീട് തള്ളിയത്. ഫിന്‍ലന്‍ഡില്‍ തീപിടിത്തമില്ലാത്തതിന് കാരണം കാട് അടിച്ചുവാരുന്നതാണെന്ന് അവിടത്തെ പ്രസിഡന്‍റ് ട്രംപിനോട് പറഞ്ഞെന്ന്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഫിന്‍ലന്‍ഡ് പ്രസിഡന്‍റിന് ആണയിടേണ്ടിവന്നു. ട്രംപിന്‍റെ പ്രസ്താവന ട്രോളാക്കിയാണ് ഫിന്‍ലന്‍ഡുകാര്‍ പ്രതികരിച്ചത്. കാട്ടിലെ കരിയിലകള്‍ അടിച്ചുവാരുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് അവര്‍ അതിന് മേക്ക് അമേരിക്ക റേക്ക് എഗെയിന്‍ എന്ന് ഹാഷ്ടാഗുമിട്ടു.

പല യുദ്ധവിമാനങ്ങളും ശത്രുക്കളുടെ കണ്ണില്‍ പെടാതിരിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് സ്റ്റെല്‍ത്ത് മോഡ്. അതായത് യുദ്ധവിമാനങ്ങള്‍ നിരീക്ഷിക്കുന്ന റഡാറുകള്‍ക്ക് യുദ്ധവിമാനങ്ങളുടെ റഡാര്‍ സിഗ്നേച്ചര്‍ ലഭിക്കില്ലെന്ന് അര്‍ഥം. അമേരിക്കയുടെ എഫ് 35 യുദ്ധവിമാനങ്ങളും ഇത്തരമൊരു സിസ്റ്റം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈ വിദ്യയെ ട്രംപ് മനസിലാക്കിയത് വിമാനങ്ങള്‍ക്ക് അപ്രത്യക്ഷമാകാനുള്ള കഴിവുണ്ട് എന്ന രീതിയിലാണ്. അതായത് നിന്ന നില്‍പ്പില്‍ വിമാനം അപ്രത്യക്ഷമാകും എന്ന്. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യ അവകാശപ്പെടുന്ന രാജ്യത്തിന്‍റെ തലവന്‍ ഇങ്ങനെയൊക്കെ പറയാമോ... 

കാറ്റ് ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന വിന്‍ഡ്മില്‍ ടര്‍ബൈനുകളെ അഥവാ കാറ്റാടികളെ കടന്നാക്രമിച്ചായിരുന്നു 2025ലെ ട്രംപിന്‍റെ പ്രസ്താവന. ടര്‍ബൈനുകള്‍ കറങ്ങുമ്പോള്‍ കടലില്‍ നീന്തുന്ന തിമിംഗലങ്ങള്‍ക്ക് വൈബ്രേഷന്‍ കാരണം ബുദ്ധിമുട്ടുണ്ടാകുമെന്നും അവ കരയില്‍ കയറി സ്വയം ജീവനൊടുക്കുമെന്നുമായിരുന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇത് കൂടാതെ വിന്‍ഡ് മില്ലുകള്‍ കാന്‍സര്‍ ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു. ഒരു ശാസ്ത്രീയ അടിത്തറയും ഇതിനില്ല എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.

ടോയ്‌ലറ്റ് ഉപയോഗിച്ചശേഷം ഫ്ലഷ് ചെയ്യുന്നത് സാധാരണ ഏര്‍പ്പാടാണല്ലോ.. എന്നാല്‍ ഇതിനെതിരെയും ട്രംപ് രംഗത്തുവന്നു. ആളുകള്‍ 10 മുതല്‍ 15 തവണ വരെയാണ് ടോയ്‌ലറ്റുകള്‍ ഫ്ലഷ് ചെയ്യുന്നത്. ഇതിന് പകരം ഒരു തവണ എന്ന നിലയിലാക്കുകയാണെങ്കില്‍ അത് ജലദൗര്‍ലഭ്യത്തിന് പരിഹാരമാവില്ലേ. അതായത് ദിവസംമുഴുവന്‍ ടോയ്‌ലറ്റ് യൂസ് ചെയ്ത് വൈകീട്ട് കിടക്കും മുന്‍പ് അത് ഫ്ലഷ് ചെയ്താല്‍ മതി എന്നര്‍ഥം... ട്രംപ് ഈ ടെക്നോളജി സ്വയം പരീക്ഷിച്ച് പറഞ്ഞതാണോ എന്ന് അറിയില്ല.. പക്ഷെ കെട്ടിക്കിടക്കുന്ന വേസ്റ്റ് ഒന്നൊന്നര അനുഭവമായിരിക്കും.

2019ലെ അമേരിക്കന്‍ സ്വാതന്ത്രദിനത്തില്‍ ട്രംപ് പറഞ്ഞതുകൂടി ഓര്‍മിക്കാം. "നമ്മുടെ സൈന്യം വായുവിൽ സഞ്ചരിച്ചു, കൊത്തളങ്ങൾ തകർത്തു, വിമാനത്താവളങ്ങൾ ഏറ്റെടുത്തു, ചെയ്യേണ്ടതെല്ലാം ചെയ്തു." ഇത് കേള്‍ക്കുമ്പോള്‍ ഇപ്പൊഴത്തെ കാര്യമാണെന്ന് കരുതാം. 1775നെക്കുറിച്ചാണ് ആശാന്‍ പറയുന്നത്. അതായത് റൈറ്റ് സഹോദരന്‍മാര്‍ വിമാനം കണ്ടെത്തുന്നതിന് 128 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശത്രുക്കളുടെ വിമാനത്താവളങ്ങള്‍ അമേരിക്കന്‍ സൈന്യം കയ്യേറിയെന്ന്.

ഇങ്ങനെ നീളുന്നു ട്രംപിന്‍റെ ഹിമാലയന്‍ ബ്ലണ്ടറുകള്‍. അതെല്ലാം ഉള്‍ക്കൊള്ളിക്കാന്‍ ഒരു വിഡിയോ മതിയാകും എന്ന് തോന്നുന്നില്ല. മൂന്ന് മണിക്കൂര്‍ സിനിമ എങ്കിലും വേണ്ടി വരും. എന്തായാലും ഇതുപോലെ കിടിലന്‍ പ്രസ്താവനകള്‍ നടത്തുന്ന രാഷ്ട്രീയ നേതാക്കളെയോ രാഷ്ട്ര നേതാക്കളെയോ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അവരെയും അവരുടെ പ്രസ്താവനകളെയും കമന്‍റില്‍ രേഖപ്പെടുത്തൂ. എല്ലാവര്‍ക്കും ഒരുമിച്ച് ചിരിക്കാമല്ലോ.

ENGLISH SUMMARY:

Donald Trump's unconventional statements have often raised eyebrows, from suggesting nuclear bombs to combat hurricanes to proposing disinfectant injections for COVID-19. These incidents highlight a pattern of unconventional thinking that has characterized his political career.