ചന്ദനമരങ്ങള്‍ക്കിടയിലെ മമ്മൂട്ടിയാണ് വിലായത്ത് ബുദ്ധ. ഡബിള്‍ മോഹനന്റെ ഈ ഡയലോഗിലുണ്ട് വിലായത്ത് ബുദ്ധയെന്ന ചന്ദനത്തടിയുടെ മൂല്യം. എന്താണ് ഈ വിലായത്ത് ബുദ്ധ?. സിനിമ ഇറങ്ങുന്നതു വരെ ആര്‍ക്കും അത്ര പിടിയില്ലായിരുന്നു. ഇപ്പോള്‍ മനസിലായിക്കാണും. ഒറ്റവാക്കില്‍ വിലായത്ത് ബുദ്ധയെ ഇങ്ങനെ വിശേഷിപ്പിക്കാം, ലോകത്ത് ഏറ്റവും വില കൂടിയ ചന്ദനത്തടി. ബ്രൗൺ നിറം. ബുദ്ധന്മാരുെട പ്രതിമയെ കൊത്തിയെടുക്കാൻ കഴിയുന്ന കണിശമായ അളവുകളുള്ള മരം. അതാണ് ഈ പേരിനു പിന്നിലെ രഹസ്യം. ലോകത്തെ ആദ്യത്തെ ബുദ്ധപ്രതിമ കൊത്തിയെടുത്തത് ചന്ദനത്തടിയിലാണെന്നും പറയുന്നു.
വളരെ അപൂർവമായി മാത്രമേ ലക്ഷണമൊത്ത വിലായത്ത് ബുദ്ധ മരങ്ങൾ ഉണ്ടാവുകയുള്ളൂ. 3500 ഹെക്ടറോളം വരുന്ന മറയൂർ ചന്ദനക്കാടുകളില്‍ വിളഞ്ഞ് നില്‍ക്കുന്നുണ്ട് ഈ അമൂല്യ മരം. പക്ഷെ വളരെ അപൂര്‍വം. കണ്ടെത്താന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ആയിരം ചന്ദനമരങ്ങളില്‍ ഒരെണ്ണം വിലായത്ത് ബുദ്ധയായിരിക്കുമെന്നാണ് ചന്ദനക്കൊള്ളക്കാരുടെ ഒരു കണക്ക്.
വനംവകുപ്പിന്റെ കണക്ക് പ്രകാരം ചന്ദനമരങ്ങളില്‍ 20 ഇനങ്ങളുണ്ട്. അതില്‍ ആദ്യ സ്ഥാനം വിലായത്ത് ബുദ്ധയ്ക്ക് തന്നെ. ചന്ദനമാഫിയയുടെ ഉറക്കം കെടുത്തുന്ന എ വണ്‍ ക്വാളിറ്റിയുള്ള തടി. നല്ല ഉറപ്പ്, 9 കിലോഗ്രാമിൽ കുറയാത്ത ഭാരം, ഒരു ടണ്ണിന് 112 പീസുകള്‍. തടി ഉരുണ്ട് ചെത്തിമിനുക്കിയതു പോലെയുണ്ടാകും. തൊലി, അറക്കപ്പൊളി, കാതല്‍, വെള്ള തുടങ്ങിയവക്കെല്ലാം പ്രത്യേകം വില കൊടുക്കേണ്ടി വരും. ഇന്റര്‍നാഷനല്‍ മാര്‍ക്കറ്റില്‍ വന്‍ഡിമാന്‍ഡ്. സുഗന്ധത്തിലും തൈലത്തിന്റെ ഗുണനിലവാരത്തിലും ഒരു പടി മുന്നില്‍ നില്ക്കും. വിലായത്ത് എന്നാല്‍ ബിലാത്തി അല്ലെങ്കില്‍ ഇംഗ്ളണ്ട് എന്നര്‍ഥം. എക്സ്പോര്ട് ക്വാളിറ്റിയുള്ള ചന്ദനം എന്ന അര്‍ഥത്തിലാണ് വിലായത്ത് ബുദ്ധ എന്ന പ്രയോഗം വരുന്നത്.