ശത്രുപാളയത്തിലെ അനീതി; പരിഹരിക്കാനിറങ്ങി കോടിയേരി; എന്താ ആത്മാർഥത..!

എകെജി സെന്‍ററില്‍ നിന്നുള്ള ഒരു പ്രത്യേക അറിയിപ്പുണ്ട്. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധിയല്ലാഞ്ഞിട്ടും പങ്കെടുത്ത കോവിഡ് വൈറസിനെ പാര്‍ട്ടി താക്കീത് ചെയ്തു. സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി വി.ശിവന്‍കുട്ടി മുന്‍മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍ എം.വിജയകുമാര്‍ അടക്കം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത ഒട്ടേറെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ ഉണ്ടായ സാഹചര്യത്തിലാണ് താക്കീത്.  ഇനി കോവിഡിന് മുന്നിലുള്ളത് ഒരേ ഒരു പോംവഴിയാണ്. ചൈനയില്‍ നിന്ന് വന്നതാണെന്ന് എകെജി സെന്‍ററിലെത്തി ബോധിപ്പിക്കുക. പറ്റുമെങ്കില്‍ പോകുമ്പോള്‍ ആ എസ് രാമചന്ദ്രന്‍ പിള്ളയെയും കൂട്ടിക്കോ. പുള്ളിക്കാകുമ്പോ ചൈനീസൊക്കെ നന്നായി അറിയാം. അപ്പോള്‍ കൂടുതല്‍ കുത്തിത്തിരിപ്പിലേക്ക് കടക്കുകയാണ്. 

കുളം കലക്കി മീന്‍ പിടിക്കുക, കാടിളക്കി വെടിവയ്ക്കുക തുടങ്ങിയ കലാപരിപാടികളില്‍ നിപുണനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുള്ളി അവധിയെടുത്തപ്പോള്‍ താല്‍ക്കാലിക നിയമനപ്രകാരം സീറ്റുകിട്ടിയ എ വിജയരാഘവന്‍ സഖാവും ഇതിന്‍റെ ഉസ്താതായിരുന്നെങ്കിലും പറയുമ്പോള്‍ മുഖത്ത് ഒരു കള്ളത്തരം വരും എന്നതിനാല്‍ പലപ്പോളും വിജയരാഘവന്‍ പിടിക്കപ്പെട്ടു. പക്ഷേ കോടിയേരി അങ്ങനെയല്ല. നിഷ്കളങ്കമായ മുഖത്തോടെ അങ്ങ് പറഞ്ഞുകളയും. കഴിഞ്ഞ ദിവസം തിരുവനന്തപുരം ശാസ്തമംഗലത്തുകൂടി പോകുമ്പോളാണ് കോടിയേരി ആ പ്രദേശത്തു നിലകൊള്ളുന്ന കെപിസിസി ആസ്ഥാനം ശ്രദ്ധിച്ചത്. അയ്യോ അവിടെ ന്യൂനപക്ഷക്കാരാരുമില്ലല്ലോ എന്നൊരു ഞെട്ടല്‍ അപ്പോള്‍ കോടിയേരിയില്‍ ഉണ്ടായി. ശത്രുവിന്‍റെ പാളയത്താണെങ്കിലും അനീതി അനീതിയാണല്ലോ. ഉടന്‍ തന്നെ അത് പരിഹരിക്കാന്‍ കോടിയേരി തുനിഞ്ഞിറങ്ങി. എന്താ ആത്മാര്‍ത്ഥത. കാണാം തിരുവാ എതിർവാ.