ഓരോരോ 'മമ ധർമ്മ' സങ്കടങ്ങൾ; രാജിവച്ചെങ്കിലും 'ജയ് സംഘശക്തി'..!

ആനയെ പേടിക്കാം. ആനപ്പിണ്ഡത്തെ പേടിക്കാന്‍ പറ്റില്ല. ഈ നിലപാടെടുത്തത് മറ്റാരുമല്ല. സിപിഎമ്മിന്‍റെ ആക്ടിങ് ബുദ്ധിജീവി കം ജൂനിയര്‍ സൈദ്ധാന്തികന്‍ എഎന്‍ ഷംസീറാണ്. സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗമായിരുന്നു വേദി. തന്നെ കാണാന്‍ വരുന്ന എംഎല്‍എമാര്‍ കരാറുകാരെയും കൂട്ടി വരരുതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ആരെ കൂട്ടി വരണം എന്ന് എനിക്കറിയാമെന്നായി ഷംസീര്‍. അതായത്  മുഖ്യന്‍റെ മരുമകന്‍ എന്ന ഗര്‍വ് എന്നോടു വേണ്ട എന്ന്. അപ്പോ ഷ=സീറിന്‍റെ നാക്കും തിരുവാ എതിര്‍വായും പൂജയ്ക്ക് വെച്ചിട്ടില്ല എന്നോര്‍മിപ്പിച്ചുകൊണ്ട് തുടങ്ങുന്നു. 

ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം മിത്രം കം ഡയറക്ടര്‍  അലി അക്ബര്‍ രാജിവച്ചു. സാധാരണ പ്രവര്‍ത്തകനായി തുടരാനാണത്രേ തീരുമാനം. ഇതുവരെ താന്‍ അസാധാരണ പ്രവര്‍ത്തകനായിരുന്നു എന്നൊരു വിചാരം ഈ മിത്രത്തിനുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് സനാതന ധര്‍മവേദിയുടെ സരസ്വതീ പുരസ്കാരം ഒക്കെ കിട്ടിയ സംവിധായകനാണ് . എന്നിട്ടും പാര്‍ട്ടിയില്‍ പച്ചപിടിച്ചില്ല. തന്‍റെ രാജി സംബന്ധിച്ച് മികച്ച ഒരു തിരക്കഥയെഴുതിയ അലിഅക്ബര്‍ അത് ഫേസ്ബുക് വഴി റിലീസ് ചെയ്യുകയായിരുന്നു. ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടിയെന്നു കുറിച്ച അലി അക്ബറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് സസൂക്ഷ്മം വീക്ഷിച്ചാല്‍ സംഘിയായ ഒരു മുസല്‍മാന്‍ പാര്‍ട്ടിയില്‍ നേരിടേണ്ടിവരുന്ന ആത്മസംഘര്‍ഷങ്ങള്‍ എന്നൊരു കഥയുടെ വണ്‍ലൈന്‍ കാണാം. ജനം ടിവിയുടെ തലവനായി സംവിധായകന്‍ പ്രയദര്‍ശന്‍ ഉണ്ടെങ്കിലും പാര്‍ട്ടിക്കുവേണ്ടി ചാവേറായി നിന്ന ഏക സംവിധായകനെയാണ് ബിജെപി സംസ്ഥാന കമ്മിറ്റിക്ക് നഷ്ടമായത്

പാര്‍ട്ടി പുനസംഘടനക്ക് പിന്നാലെ ഇങ്ങനെയൊരു രാജി വരുമ്പോള്‍ സ്വാഭിവികമായും ആളുകള്‍ കരുതുക സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതുകൊണ്ട് രാജിവച്ചു എന്നാകും. എന്നാല്‍ അലി ഇക്ക ആ ടൈപ്പല്ല. പാര്‍ട്ടി എന്ന സംവിധാനത്തക്കാള്‍ എന്തുകൊണ്ടും വലിയവനാണ് പാര്‍ട്ടിയിലെ സംവിധായകന്‍. പോരാത്തതിന് ചാനല്‍ ചര്‍ച്ചകളിലൊക്കെ കയറിയിരുന്ന് സംവിധാനം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങും എന്ന് തെളിയിച്ചവനാണ് കക്ഷി