രാഷ്ട്രീയ കേരളത്തിന്റെ ‘അരമന’രഹസ്യങ്ങള്‍

നമുക്കൊരു യാത്രപോകാം. അധികം ദൂരത്തേക്കല്ല. ഇവിടെ മധ്യകേരളത്തില്‍ കോട്ടയം ജില്ലയിലെ പാല എന്ന സ്ഥലത്തേക്ക്. അവിടെ ഒരു ബിഷപ്പ് ഹൗസ് ഉണ്ട്. ഈ നാട്ടിലെ സകല രാഷ്ട്രീയക്കാരും ഇപ്പോ വച്ച് പിടിക്കുന്നത് അങ്ങോട്ടാണ്. പാലാക്കാരന്‍തന്നെയായ കേരള കോണ്‍ഗ്രസിന്‍റെ ജോസ് കെ. മാണി തൊട്ട്, ബിജെപിയുടെ രാജ്യസഭാ എംപി സുരേഷ് ഗോപിയും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും തൊട്ട് കണ്ണൂരുകാരന്‍ സംഘപരിവാര്‍ നേതാവ് വരെ അരമനയിലെത്തുന്നുണ്ട്. എങ്കില്‍ പിന്നെ നമ്മളായിട്ട് മാറിനില്‍ക്കുന്നത് ശരിയല്ലല്ലോ.മലയാളി സമൂഹത്തിന് മുന്നിലേക്ക് പുതിയൊരു വാക്ക് സമ്മാനിച്ച ആളിരിപ്പുണ്ട് ആ അരമനയില്‍. നാര്‍ക്കോട്ടിക് ജിഹാദ് എന്നതാണത്. ജിഹാദ് എന്നു കേള്‍ക്കുമ്പോഴേ സംഗതി ആരെയാണെന്നും എന്താണെന്നും ഉദ്ദേശിക്കുന്നതെന്ന് മാസ്ക് ധരിക്കുന്ന ആര്‍ക്കും മനസിലാകും.അതുകൊണ്ട് അക്കാര്യത്തിലേക്ക് കടക്കുന്നില്ല. പ്രശ്നം മതവര്‍ഗീയതയാണ്. ബഹുസ്വര സമൂഹത്തില്‍ വേര്‍തിരിവുകളും അകല്‍ച്ചയും സൃഷ്ടിക്കുന്ന ഒന്ന്. ഇതുവരെ പ്രതിപക്ഷ കക്ഷികളെ നേതാക്കളാണ് വന്നതെങ്കില്‍ ഇന്ന് സാക്ഷാല്‍ ഭരണപക്ഷത്തെ ഒരു മന്ത്രി തന്നെ അരമനയിലെത്തി. വകുപ്പ് സഹകരണമായതുകൊണ്ട് ഒരു സഹകരണബന്ധം തേടിയാണ് വന്നത്. മന്ത്രി പി.കെ. വാസവന്‍. സഖാവ് കോട്ടയംകാരനായതുകൊണ്ട് എപ്പോ വേണേലും തനിക്ക് ബിഷപ്പിനെ കാണാന്‍ വരാം എന്നതാണ് വരവിനെക്കുറിച്ചുള്ള വിശദീകരണം. പാലം, അതേതായലും നല്ലൊരു കാര്യമാണ്. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്നാണല്ലോ. എത്രയും വേഗം പണി പൂര്‍ത്തിയാവട്ടെ എന്നാശംസിക്കുന്നു.സഖാവിനൊട് ഒരു കാര്യം. ഇതിപ്പോ കുറെപേര്‍ അവിടെ വന്നല്ലോ. കഴിഞ്ഞ ദിവസം കെ. സുധാകരനും സുരേഷ് ഗോപിയും ഒക്കെ വന്നു. ആ വരവും ഈ വരവും തമ്മില്‍ ഒരു ബന്ധവുമില്ല എന്നല്ലേ പ്രബുദ്ധ മലയാളികള്‍ മനസിലാക്കേണ്ടത് ? 

അല്ലെങ്കിലും സമൂഹത്തില്‍ ഒരു പ്രബലവിഭാഗത്തിനെതിരെ ഒരു തെളിവും ഹാജരാക്കാതെ ഗുരുതരമായ ആക്ഷേപം ഉന്നയിക്കുക. സമൂഹം ആ വിഭാഗത്തെ വെറുക്കുന്ന രീതിയിലുള്ള ഗുരുതരമായ ആരോപണം. എന്നിട്ട് ആരോപണം ഉന്നയിച്ച വ്യക്തിയെ ഇവിടുത്തെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ എംപിയും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ മന്ത്രിയും അപ്പോയിന്‍മെന്‍റ് എടുത്ത് ക്യൂ നിന്ന് ആശ്വസിപ്പിക്കുക. കേന്ദ്രകക്ഷി സമ്പൂര്‍ണ സുരക്ഷ ഓഫര്‍ ചെയ്യുക. ആഹാ... പൊളിയാണ് ഈ കേരളം.  വാസവന്‍ സഖാവാണെങ്കില്‍ ഇങ്ങനെയൊരു സംഭവമേ നാട്ടില്‍ നടന്നതായി അറിഞ്ഞിട്ടില്ല എന്നുമാത്രമല്ല എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ തന്നെ അതില്‍ ഒരു കുഴപ്പവുമില്ല എന്ന നിലപാടുകാരനാണ്. സഖാവ് ഒരു രക്ഷേം ഇല്ല.