‘കൊണ്ടോയി കൊല്ലിച്ചും നീയേ ചാപ്പാ..’; വേറിട്ട ഒരു പാര്‍ട്ടിക്കഥ

കേരളത്തിന്‍റെ പുതിയ ഡിജിപി ആരാകും എന്നതിൽ‍ തീരുമാനമാകുന്നതേയുള്ളൂ. തച്ചങ്കരിയൊക്കെ ലിസ്റ്റില്‍ നിന്ന് പുറത്തായ സ്ഥിതിക്ക് മറ്റ് വിശ്വസ്തരെ തേടേണ്ട ഒരു അവസ്ഥ ഉണ്ട്. ശബരിമലയിലൊക്കെ സര്‍ക്കാരിനു വേണ്ടി ക്രമസമാധാനം നിയന്ത്രിച്ച വല്‍സന്‍ തില്ലങ്കേരിയെ ഒക്കെ വിളിച്ച് സര്‍ക്കാരിന് വേണമെങ്കില്‍ ചുമതല ഏല്‍പ്പിക്കാവുന്നതാണ്. തില്ലങ്കേരി പ്രദേശത്തൊക്കെയാണല്ലോ ഇപ്പോ കൂടുതല്‍ കേസന്വേഷണവും. അപ്പോ കാര്യങ്ങള്‍ എളുപ്പമാകും. 

ഡിജിപി വിഷയം ആമുഖമായി പറഞ്ഞു എന്നുമാത്രം. കേസുകളെക്കുറിച്ച് പറഞ്ഞ് തീര്‍ന്നിട്ട് ഡിജിപിക്ക് യാത്ര അയപ്പു നല്‍കാം എന്നാണ് കരുതുന്നത്. നടക്കുമോ എന്നറിയില്ല. കൊണ്ട് നടന്നതും നീയേ ചാപ്പാ. കൊണ്ടോയി കൊല്ലിച്ചും നീയേ ചാപ്പാ. വടക്കന്‍ പാട്ടിലെ ഈ വരികളാണ് അങ്ങ് വടക്കോട്ടുള്ള ചില ഓണ്‍ലൈന്‍  സഖാക്കളെക്കുറിച്ച് പറയുമ്പോള്‍ ഓര്‍മവരുന്നത്. പാര്‍ട്ടി മരക്കൊമ്പില്‍ തത്തിക്കളിച്ചിരുന്ന സൈബര്‍ കിളികള്‍. പാര്‍ട്ടിയായിരുന്നു അവരുടെ തണലും ധൈര്യവും അത്താണിയും. എന്നാല്‍ ആ സൈബര്‍ സംഘം കൃഷി നശിപ്പിക്കുന്ന വെട്ടുകിളിക്കൂട്ടമാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. പൊതു ഇടങ്ങളിലെ സഖാക്കളേക്കാള്‍ പാര്‍ട്ടി നമ്പിയിരുന്ന ഈ സൈബര്‍ ഇടങ്ങളിലെ സഖാക്കള്‍ നൈസില്‍ പാര്‍ട്ടിയുടെ പേരൊക്കെ ഉപയോഗിച്ച് ചില്ലറ തക്കിട തരികിടകള്‍ കാട്ടി. ചില്ലറ ഇടപാടുകള്‍ എന്നു പറഞ്ഞാല്‍ സ്വര്‍ണ്ണം കള്ളക്കടത്ത്, കള്ളക്കടത്തായി വരുന്ന സ്വര്‍ണം അടിച്ചെടുക്കാനുള്ള ക്വട്ടേഷന്‍ തുടങ്ങിയ ചെറിയേ പരുപാടികള്‍. എന്തായാലും മൂത്ത സഖാക്കളും യൂത്ത് സഖാക്കളും ഈ സൈബര്‍ സഖാക്കളെ തള്ളി. പാര്‍ട്ടിക്ക് എത്ര ലൈക്കും കമന്‍റ്ും വാങ്ങിക്കൊടുത്തവനാണ് അര്‍ജുന്‍ ആയങ്കി. ഒടുവില്‍ ആ സഖാവിന് പാര്‍ട്ടിയുടെ ലൈക്കുമില്ല കമന്‍റാണെങ്കില്‍ വളരേ മോശമാണു താനും. 

ഈ പ്രത്യേക സാഹചര്യത്തില്‍ ഇനിയൊരു സ്റ്റഡി ക്ലാസാണ്. പാര്‍ട്ടി അങ്ങനെയാണ് പണ്ടേ. കൃത്യമായ ക്ലാസുകള്‍ നല്‍കും. ഇപ്പോള്‍ ഇതൊരു തലമുറമാറ്റസമയവും ശൈലീമാറ്റസമയവുമാണെന്ന് പാര്‍ട്ടി തിരിച്ചറിയുന്നു. അതുകൊണ്ട് ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്ലാസ് നിര്‍ബന്ധം. ക്ലാസ് പക്ഷേ ഓണ്‍ലൈനില്ല. പ്രഗത്ഭരായ അധ്യാപകരാണ് ലിസ്റ്റിലുള്ളത്. ഗോവിന്ദന്‍ മാഷ്, എം.വി.ജയരാജന്‍, എ വിജയരാഘവന്‍, അങ്ങനെ നീളുന്നു. അപ്പോ ആദ്യം എം.വി ജയരാജനില്‍ തുടങ്ങാം. വിഡിയോ കാണാം