സ്പീക്കര്‍മാര്‍ ഇനി പേടിച്ചേ പറ്റൂ; താഴെ ഇരിക്കേണ്ടി വരും..!

നമ്മള്‍ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമൊക്കെ അയക്കുന്ന ഉപഗ്രഹങ്ങള്‍ ചിലപ്പോള്‍ ഭ്രമണപഥം തെറ്റും. എന്നിട്ട് അതിങ്ങനെ ശൂന്യാകാശത്ത് കറങ്ങിനടക്കും. അതിന്‍റെ ചില പൊട്ടും പൊടിയുമൊക്കെ പലയിടത്തും ചെന്നിടിക്കുകയും പല സ്ഫോടനങ്ങളും ഉണ്ടാക്കുകയും ചെയ്യും. ഇതുപോലെ അങ്ങ് അറബിനാട്ടില്‍നിന്ന് ഡിപ്ലോമാറ്റിക് റൂട്ടില്‍ പുറപ്പെട്ട സ്വര്‍ണവും അതേ വഴിയില്‍ തിരിച്ചു പുറപ്പെട്ട നോട്ടുകെട്ടുകളുമൊക്കെ കേരളത്തില്‍ റൂട്ടുമാറി സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. അതിന്‍റെ ചില കഷ്ണങ്ങള്‍ ചിലര്‍ക്കൊക്കെ നാശനഷ്ടമുണ്ടാക്കുന്നുണ്ട്. പിടിവിട്ട പോക്കാണ് ഇനി എന്നു സാരം. 

സ്പീക്കര്‍ ഡയസില്‍ ഇരിക്കുന്നവന് പ്രതിപക്ഷത്തെ പേടിക്കേണ്ട. അങ്ങനെയൊരു ചൊല്ലുണ്ട്. എന്നാല്‍ പ്രതിപക്ഷത്തെ സ്പീക്കര്‍ പേടിക്കണം എന്ന കീഴ്‍വഴക്കമുണ്ടാക്കിയത് ഇടതുപക്ഷമാണ്. അവര്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍. അതിന്‍റെ ഭാഗമായാണ് അന്നത്തെ സ്പീക്കറുടെ കസേരയൊക്കെ അന്തരീക്ഷത്തില്‍ കറങ്ങിനടന്നത്. ഇന്നത്തെ സ്പീക്കറൊക്കെയായിരുന്നു ആ കലാപരിപാടിയുടെ സംഘാടകന്‍. ഒടുവില്‍ ആ കസേര നേരെയിട്ട് ശ്രീരാമകൃഷ്ണന് ഇരിക്കേണ്ടി വന്നു. സഭയില്‍ കീഴ്‍വഴക്കങ്ങക്ക് വലിയ സ്ഥാനമുണ്ട്. അതുകൊണ്ട് പ്രതിപക്ഷത്തെ ഇനിയങ്ങോട്ട് എല്ലാ സ്പീക്കര്‍മാരും പേടിച്ചേ പറ്റൂ. കുറിയടിച്ച് കാത്തിരുന്നിട്ടും കോവിഡ് കാരണം കല്യാണം പോലുള്ള പല ചടങ്ങുകളും നാട്ടില്‍ മാറ്റിവയ്ക്കേണ്ടിവന്നിട്ടുണ്ട് . എന്നാല്‍ കോവിഡ് മാനദണ്ഡം ബാധകമല്ലാതിരുന്നിട്ടും സ്പീക്കര്‍ക്കെതിരായ പ്രമേയം പലതവണ മാറ്റിവയ്ക്കപ്പെട്ടു. ഒടുവില്‍ ഇന്ന് ആ ചടങ്ങ് ഭംഗിയായി നടന്നു. അവസാന നിമിഷവും ഇടങ്ങോലിടുന്ന ഒരു അമ്മാവന്‍ എല്ലായിടത്തും കാണുമല്ലോ. എസ് ശര്‍മക്കായിരുന്നു ഇവിടെ ആ റോള്‍..

കാണാം, തിരുവാ എതിര്‍വാ