പിണറായി വിജയന് റോളില്ലാത്ത ഒരേയൊരു ദിവസം; ഐസക്കിന്‍റെ പൊടിക്കൈകൾ

തനിക്കുമാത്രം ചെയ്യാന്‍ കഴിയുന്ന കാര്യം എന്ന് ഓരോ ധനമന്ത്രിമാരും വിചാരിക്കുന്ന ആ ദിവസമായിരുന്നു ഇന്ന്. ഇടത് സര്‍ക്കാരിലെ കാര്യമെടുത്താന്‍ പിണറായി വിജയന്‍ എന്ന മുഖ്യന് വലിയ റോളില്ലാത്ത അപൂര്‍വ്വ ദിവസം. ഈ ദിവസത്തില്‍ ജുബയിട്ട ഐസക് കേരളത്തിലങ്ങോളമിങ്ങോളം പരക്കെ പെയ്യും. മൂന്നുമണിക്കൂര്‍ പതിനെട്ടുമിനിട്ടായിരുന്നു ഇന്നത്തെ ഐസക്കിന്‍റെ ബജറ്റ് പ്രകടനം. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന വര്‍ഷത്തെ കാര്യം നോക്കാം . ഭരിക്കാന്‍ പോകുന്ന  അടുത്ത അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കാന്‍ കഴിയുമായിരുന്ന ബജറ്റിന്‍റെ വലിപ്പം പോലും ഇത്രയും ഇല്ലായിരുന്നു.  മൂന്നു നാലുമാസം മാത്രം ഭരണം ബാക്കി നില്‍ക്കെ മാരത്തോണ്‍ ബജറ്റവതരിപ്പിച്ച സര്‍ക്കാര്‍ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നുവച്ചാല്‍. സദ്യയൊക്കെ കഴിക്കുമ്പോള്‍ ചിലര്‍ ഇടുന്ന ഒരു നമ്പറുണ്ടല്ലോ. കറി ആദ്യം ചോദിക്കും. എന്നിട്ട് അയ്യോ കറി കൂടിപ്പോയി അതുകൊണ്ട് അല്‍പ്പം ചോറുകൂടി ഇടാന്‍ പറയും. അതുപോലെയാണ്. ബജറ്റില്‍ ഒരുപാട് പ്രഖ്യാപിച്ചുപോയി. അവയൊക്കെ ചെയ്യണമെങ്കില്‍ ഇനിയും കുറഞ്ഞത് ഒരു അഞ്ചുവര്‍ഷമെങ്കിലും വേണം. അതുകൊണ്ട് തുടര്‍ഭരണത്തിന് സഹായിക്കണം. അപ്പോള്‍ ബാക്കി നമ്പറുകള്‍കൂടി കാണാം.

തോമസ് ഐസക്കിന്‍റെ പന്ത്രണ്ടാമത്തെ ബജറ്റാണ്. എന്നുവച്ചാല്‍ ബജറ്റെഴുത്ത് അവതരണം തുടങ്ങിയ പരിപാടികള്‍ കാണാപ്പാഠമാണ്. ബജറ്റ് വരാറായി എന്ന് നമ്മള്‍ മനസിലാക്കുന്നതുതന്നെ തോമസ് ഐസക്കിന്‍റെ സ്റ്റേറ്റ് കാര്‍ വിഴിഞ്ഞം ഭാഗത്തേക്ക് പോകുമ്പോളാണ്. അവിടുത്തെ കടല്‍ക്കാറ്റേറ്റാണ് ബജറ്റ് പിറക്കാറ്. പറഞ്ഞല്ലോ പതിവുകള്‍ക്കൊന്നും ഒരു മാറ്റവുമില്ല. അതുകൊണ്ട് നമ്മള്‍ പറയുന്നതിലോ കാണിക്കുന്നതിലോ ആവര്‍ത്തന വിരസത വന്നാല്‍ അതിന്‍റെ ഉത്തരവാദിത്തമേറ്റ് മുഖ്യമന്ത്രി രാജി വയ്ക്കണം എന്നേ പറയാനുള്ളൂ. 

അധികം ചേസിങ്ങിനുള്ള സമയമില്ലായിരുന്നു. വേഗത്തില്‍ വണ്ടി നിയമസഭക്കു മുന്നിലെത്തി. രണ്ടാം ഘട്ട ഷോ അരങ്ങേറുന്നത് ഇവിടെയാണ്. ബജറ്റില്‍ എന്താണ് എന്ന് നമ്മള്‍ അറിയാന്‍ പോകുകയാണ്. സഭക്കുള്ളിലെ അല്ലറ ചില്ലറ ചടങ്ങുകള്‍ക്കൂടി കഴിഞ്ഞാല്‍ പിന്നെ ഖാണ്ഡ ഖാണ്ഡം ഒറ്റപ്പോക്കാണ്. താമരശേരി ചുരത്തില്‍ നിന്ന് പാഞ്ഞ പപ്പുവിന്‍റെ റോഡ് റോളര്‍ പോലെ. പ്രതിപക്ഷം സൂക്ഷിച്ചിരുന്നോണം. പ്രഖ്യാപനങ്ങളില്‍ പെട്ട് ചതഞ്ഞരയരുത്

പള്ളിപ്പെരുന്നാളിനായി വെടിക്കെട്ടുകാരന്‍ വരുമ്പോള്‍ കമ്മറ്റിക്കാര്‍  പതിയെ ചെന്ന് അന്വേഷിക്കും. ചേട്ടാ അമിട്ടന്‍ സാധനങ്ങളെക്കെ സഞ്ചിയില്‍ ഉണ്ടല്ലോ അല്ലേ എന്ന്. കമ്മിറ്റിക്കാരുടെ എതിരാളികളാകട്ടേ വെടിക്കെട്ടുകാരനെ നൈസ് ആയി ഒന്ന് ചൊറിയും. ഇതുവല്ലോം പൊട്ടുമോടേ എന്ന്. അതുപോലെയാണ്. ഇവിടെയും. ഇനിയും ആചാരങ്ങള്‍ തുടരും. മണിയടി. സ്പീക്കര്‍ എത്തല്‍. പിന്നെ ഡയലോഗടി.

തോമസ് ഐസക്കിന്‍റെ ബജറ്റ് ഉണ്ടാക്കുന്ന വിധം എന്ന് ആര്‍ക്കും യു ട്യൂബ് വീഡിയോ ചെയ്യാവുന്നതാണ്. എളുപ്പമാണ്. കവിത ഒരു പത്തുപന്ത്രെണ്ടെണ്ണം, കിഫ്ബി ഇടക്കിടക്ക് അനാവശ്യത്തിന്, നൂറുകോടിയുടെ നാല് പദ്ധതികള്‍, ആര്‍ക്കും മനസിലാകാത്ത ഉടായിപ്പ് പദ്ധതി രണ്ടെണ്ണം , ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന, മോഹന വാഗ്ദാനം എന്നിവ ഇടക്കിക്ക്, ലോട്ടറി അടിക്കാത്തത് ഒന്ന് . വകയിരുത്തല്‍ എഴുതിത്തള്ളല്‍ എന്നീ തള്ളുകള്‍ തോന്നും പടി.

ഐസക് ഇരുന്നാലുടന്‍ എഴുനേല്‍ക്കുക എന്നതാണ് പ്രതിപക്ഷം ചെയ്യേണ്ടത്. ഇത് പഴയ ബജറ്റുതന്നെയാണ്. പുറംചട്ട മാറിയതേയുള്ളൂ എന്നതൊക്കെയാണ് സാധാരണ ഡയലോഗ്. ഇന്നും മാറ്റമില്ല

ഐസക്കിന്‍റെ ബജറ്റ് ഗ്യാസാണെന്നാണ് പറയുന്ന യുഡിഎഫ് കഴിഞ്ഞ ദിവസം അവരുടെ മാനിഫെസ്റ്റോ പ്രഖ്യാപിച്ചിരുന്നു. അതും ഇതും തമ്മില്‍ തള്ളിന്‍റെ കാര്യത്തില്‍ വലിയ വ്യത്യാസങ്ങളില്ല. പാവം ജനങ്ങള്‍ അവര്‍ ഈ കണക്കുകള്‍ കേട്ട് കണ്ണും തള്ളിയിരിക്കുകയാണ്. ഇതുവല്ലതും നടക്കുവോടേ എന്നു ചോദിച്ച്. കണക്ക് പറഞ്ഞ് കണക്ക് പറഞ്ഞ് അവസാനം ആരുടെ കണക്കുകൂട്ടലാണ് തെറ്റുന്നത് എന്നാണ് ഇനി അറിയേണ്ടത്. അപ്പോ നമ്മുടെ ബജറ്റ് പെട്ടിയും അടക്കാന്‍ സമയമായി.