അങ്ങനെ ഇടിച്ചി താഴ്ത്തേണ്ട ആളാണോ ഈ സ്പീക്കർ?

സ്പീക്കര്‍ കെട്ടി ചില കാര്യങ്ങള്‍ വിളിച്ചു പറയാനുണ്ട്. അതിനാണ് വന്നത്. മറച്ചുവക്കലില്ല, ഊഹാപോഹങ്ങളില്ല. ഉള്ളത് ഉള്ളത്പോലെ ... അപ്പോ സ്വാഗതം, തിരുവാ എതിര്‍വായിലേക്ക്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇന്നാണ് കുറച്ച് രേഖകള്‍ കൈയ്യില്‍ കിട്ടിയത്. കിട്ടിയപ്പോള്‍ തന്നെ അതൊക്കെ വായിച്ച് പഠിച്ച് ഒരു നോട്ടൊക്കെ തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. എന്താണ് നിയമസഭ, എന്താണ് സ്പീക്കര്‍. അതേക്കുറിച്ചൊക്കെ വളരെ മികച്ച ക്ലാസുനല്‍കാന്‍ ചെന്നിത്തല ശ്രദ്ധിച്ചിരുന്നു. ആദ്യം കേട്ടപ്പോള്‍ തോന്നിയത് ഇങ്ങനെ നല്ല കാര്യങ്ങളൊന്നും പറയാന്‍ സാധാരണ ഇവരൊന്നും വാര്‍ത്താസമ്മേളനങ്ങള്‍ വിളിക്കാത്തതാണല്ലോ എന്നാണ്. പക്ഷേ അതൊക്കെ ഒരു ബില്‍ഡ് അപ് പരിപാടി മാത്രമായിരുന്നു. നന്‍മയെ കാണിച്ചുവേണം തിന്‍മയെ അളക്കേണ്ടത്. അതായിരുന്നു ചെന്നിത്തല ലൈന്‍.

സ്വര്‍ണക്കടത്തും റിവേഴ്സ് ഹവാലയും ഒക്കെയായി ഒറു മൂലക്കായിപ്പോകുമോ എന്ന് ഭയപ്പെട്ട നേരത്താണ് ദാ ഈ ചെന്നിത്തല വേറെ ചില കണക്കുകളൊക്കെയായി ഇങ്ങനെ വന്നത്. ഇതൊരുമാതിരി വല്ലാത്ത ചെയ്ത്തായിപ്പോയി. 

ചെന്നിത്തല പറഞ്ഞുവരുന്നത് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെക്കുറിച്ചാണ്. എന്നാല്‍ അങ്ങനെ ഇടിച്ചുതാഴ്ത്തി കളയേണ്ട ആളേയല്ല ഈ സ്പീക്കര്‍. അദ്ദേഹം വെറും ഒരു നിയമസഭാ സ്പീക്കര്‍ അല്ല. ആള് ഇന്‍റര്‍നാഷണല്‍ ലെവല്‍ ആണ്. കേരളത്തിലെ നിയമസഭയില്‍ ഇരുന്ന് ഇവിടുത്തെ കാര്യങ്ങള്‍ നോക്കുന്നതിനിടെ ലോകകേരള സഭ സംഘടിപ്പിച്ച മഹാനാണ് ശ്രീരാമകൃഷ്ണന്‍. ആഗോളവല്‍ക്കരണത്തിന്‍റെ കാലത്ത് ഇടതുജനാധിപത്യസംഹിതകളും അടവുനയങ്ങളും പരിഷ്കരിച്ച് അത് ലോകത്തെ മലയാളികളെ കേരളത്തിലെത്തിച്ച് ഒരു ഹോളില്‍ ഇരുത്തി അതിന് അധ്യക്ഷത വഹിച്ച ആളാണ്. ചില്ലറക്കാരനല്ല. അപ്പോ പിന്നെ കൈകാര്യം ചെയ്യുന്ന കാര്യങ്ങളില്‍ അല്‍പം ധൂര്‍ത്തൊക്കെ കാണും. അത് പിന്നെ ഈ ലോകോത്തര പരിപാടി ഒക്കെ നടത്തുമ്പോള്‍ ദാരിദ്ര്യം കാണിക്കാന്‍ കഴിയില്ലല്ലോ.