കണക്കിന് തോറ്റ മിടുക്കന്റെ അവസ്ഥ; ഐസക്കിനെ കുടുക്കിയ വിജിലന്‍സ്

ഡിസംബറിലാണ് സാധാരണ സ്റ്റാര്‍ ഇടുന്നത്. എന്നാല്‍ നവംബറില്‍ത്തന്നെ സൂപ്പര്‍ സ്റ്റാറായി മാറിയ ഒരാള്‍ ഡിസംബര്‍ പിറന്നപ്പോള്‍ കത്തിയമര്‍ന്ന വാല്‍നക്ഷത്രമായി മാറിയ കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. കണക്കുമാഷിന്‍റെ ജീവിതത്തിലെ കണക്കുകൂട്ടല്‍ തെറ്റില്ല എന്ന് ഒരു ഉറപ്പുമില്ലല്ലോ. അതാണ് കേരളത്തിന്‍റെ കണക്കപ്പിള്ള തോമസ് ഐസക്കിന്‍റെ ജീവിതത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. കണക്കുപരീക്ഷക്കു തോറ്റ ക്ലാസിലെ മിടുക്കന്‍റെ അവസ്ഥയുമായാണ് വരവ്. തിരുവാ എതിര്‍വാ

പലവിധ കച്ചവടം ഒരേ ഒരു തലകൊണ്ട് കൈകാര്യം ചെയ്യുന്ന ആളാണ് കേരളത്തിന്‍റെ പണമന്ത്രി ടിഎം തോമസ് ഐസക്. കണക്കില്ലാതെ ഐസക്കില്ല എന്നതാണ് രാഷ്ട്രീയ ഭേദമന്യേ അംഗീകരിക്കപ്പെട്ട പൊതു വിശ്വാസം. ഒരു കെഎസ്ആര്‍ടിസി ബസില്‍ ഐസക് യാത്ര ചെയ്യുകയാണെന്നു വയ്ക്കുക. അപ്പോളും കണക്കിലുള്ള തന്‍റെ വ്യാപരിക്കലിന് അദ്ദേഹം അവധി നല്‍കില്ല. ബസില്‍ നിന്ന് കിട്ടുന്ന ടിക്കറ്റിലെ സംഖ്യകള്‍ കൂട്ടിക്കിഴിച്ചിരിക്കും. അങ്ങനെയുള്ള ഐസക്കിന് കണക്കറിയില്ല എന്ന് ആദ്യം സിഎജി പറഞ്ഞു. കിഫ്ബിക്കുമേല്‍ അന്വേഷണം നടത്താനുള്ള സാധ്യത തേടി കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറന്നപ്പോള്‍ അന്വേഷണ സംഘത്തിനെതിരെ ആഞ്ഞടിക്കാന്‍ സിപിഎം തീരുമാനിച്ചു. അത് അനുസരിക്കുകയേ ഐസക്കും ചെയ്തൊള്ളൂ. തന്‍റെ കീഴിലുള്ള കെഎസ്എഫ്ഇയില്‍ പരിശോധന. അന്വേഷണ സംഘത്തിനെതിരെ ഐസക് കൊടുങ്കാറ്റായി. തോമാച്ചായന്‍റെ കഷ്ടകാലത്തിന് കുടുംബത്ത് പരിശോധനക്ക് കയറിയത് സ്വന്തം സര്‍ക്കാരിനു കീഴിലുള്ള വിജിലന്‍സായിരുന്നു. അതും പിണറായി മുഖ്യന്‍റെ വിജിലന്‍സ്

പരിശോധന ആരുടെ വട്ടാണ് എന്ന് ഐസക് ചോദിച്ചത് നേരാണ്. സത്യം പറഞ്ഞാല്‍ അപാര ഫോമില്‍ നിന്നപ്പോള്‍ പറ്റിപ്പോയതാണ്. കിഫ്ബിയില്‍ തൊട്ട സിഎജിയെയൊക്കെകൊണ്ട് കണക്കു പറയിക്കാന്‍ ഐസക് ഇറങ്ങിപ്പുറപ്പെട്ടതിന് പല ലക്ഷ്യങ്ങള്‍ ഉണ്ടാരുന്നു. ചക്രവ്യൂഹത്തില്‍ പെട്ടുകിടക്കുന്ന പിണറായിയെ ഒന്ന് സഹായിക്കുക. ആരോപണക്കാരുടെ ശ്രദ്ധ ഒന്ന് തിരിക്കുക. അല്‍പ്പം കാറ്റും വെട്ടവും മുഖ്യന് കിട്ടാന്‍ ഇടവരുത്തുക. ആദ്യ ഓവര്‍ നന്നായെറിഞ്ഞ ഐസക്കിന് പിന്നീട് ബൗളിങ് പിഴച്ചു. വന്നവരെല്ലാം നന്നായി പ്രഹരിച്ചു. എന്നിട്ടും നിലപാടുമാറ്റിയും മയപ്പെടുത്തിയും മാറ്റിപ്പറഞ്ഞും ഐസക് പിടിച്ചു നിന്നു. സാക്ഷാല്‍ പിണറായി മുഖ്യന്‍ തന്‍റെ ധനമന്ത്രിക്കുവേണ്ടി ശബ്ദമുയര്‍ത്തുകവരെ ചെയ്തു. അതൊക്കെ കേട്ട് ആവേശപ്പെട്ടുനിന്നപ്പോള്‍ നില ഒന്ന് മറന്നു. അതാണ് സംഭവിച്ചത് . അതിന്‍റെ പേരില്‍ ഇങ്ങനെ ഒറ്റപ്പെടുത്തരുതാരുന്നു. 

അറിയാവുന്ന പൊലീസായാല്‍ രണ്ടിടി കൂടുതല്‍ എന്നാണല്ലോ. ഈ പ്രമാണത്തിലൂന്നിയാണ് സഖാവ് ജി സുധാകരന്‍ എന്ന അമ്പലപ്പുഴക്കാരന്‍ തൊട്ടപ്പുറത്തെ മണ്ഡലത്തിലുള്ള സഖാവ് തോമസ് ഐസക്കിനോട് പെരുമാറുന്നത്. വീണുകിടക്കുമ്പോള്‍ ചവിട്ടുന്ന ആ ശീലത്തിന് ഭാഗ്യത്തിന് ഒരു മാറ്റവും ഉണ്ടായില്ല ഐസക് നിലപാട് മാറ്റിയെന്നാണ് ജി സുധാകരന്‍ പറയുന്നത്. അല്ലെങ്കിലും കവികള്‍ എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണല്ലോ. മാറ്റങ്ങള്‍ ആദ്യം അറിയുന്നവരും അവരാണ്. നേരാണോ ഐസക് സഖാവേ. വട്ട് ആര്‍ക്കാണെന്ന് തിരിച്ചറിവുണ്ടായോ സത്യം പറഞ്ഞാല്‍ ആ വരവും സഡന്‍ ബ്രേക്കിട്ടുള്ള നില്‍പ്പുമൊക്കെ കണ്ടപ്പോള്‍ ഒരുപാട് പ്രതീക്ഷിച്ചാരുന്നു. ഇതിപ്പോ കുറിക്കമ്പനിയില്‍ കാശിറക്കിയതുപോലെയായി. പൊളിഞ്ഞ് പാളീസ്. കെഎസ്എഫ്ഇ യില്‍ പരിശോധനക്കെത്തിയ വിജിലന്‍സുകാര്‍ക്ക് ചായയും പരിപ്പുവടയും നല്‍കാഞ്ഞതാണ് ഇപ്പോള്‍ മന്ത്രിയെ വിഷമിപ്പിക്കുന്നത്. അപ്പോ പാര്‍ട്ടി ഷരിക്കും ചെവിക്ക് പിടിച്ചല്ലേ

കഷ്ടകാലം തീവണ്ടിയുടെ ബോഗി കണക്കെ ഒന്നിനു പിന്നാലെ ഒന്നായി വരുന്നത് കഷ്ടമാണ്. KSFE യുടെ പേരില്‍ പൊരിഞ്ഞ പോരാട്ടം നടത്തിയ ഐസക്കിന് വിശ്രമിക്കാനുള്ള സമയം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നല്‍കിയിലല്ല. സഭയില്‍ വയ്ക്കാത്ത സിഎജി റിപ്പോര്‍ട്ട് തോന്നിയിടത്തൊക്കെ വച്ച ഐസക്കിനെതിരായ പരാതി നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടും. എത്തിക്സ് പ്രശ്നമുള്ള പരാതിയാണെന്ന് സ്പീക്കര്‍ക്ക് മനസിലായി എന്നു സാരം. ഇതാദ്യമായാണ് ഒരു മന്ത്രിയുടെ മറുപടി എത്തിക്സ് കമ്മിറ്റിക്ക് വിടുന്നതത്രേ. അക്കാര്യത്തില്‍ ഐസക്കിന് ഒരു പ്രത്യേക ഭാഗ്യമുണ്ട്. പുള്ളിക്കാരന്‍ എന്തുചെയ്താലും അത് വലിയ സംഭവമായിരിക്കും. മറ്റാരും ചെയ്യാത്തതുമായിരിക്കും.  എന്നുവച്ചാല്‍ തന്‍റെ ആവശ്യപ്രകാരം എത്തിക്സ് കമ്മിറ്റിക്ക് വിട്ടു എന്ന്.  ഈ നാക്കും തെള്ളും തന്നെയാണ് ഈ ജുബാക്കാരന്‍റെ നിലനില്‍പ്പ്. അപ്പോ ഇടവേളയാണ്. ഐസക്കിനെ പൊരിക്കാന്‍ നാട്ടുകാരനായ രമേശ് ചെന്നിത്തല വരും. കാത്തിരിക്കണം.  തോമസ് ഐസക് രാജിവയ്ക്കണം. ഒരു തവണയല്ല. നാല് തവണ. ആവശ്യപ്പെടുന്നത് പ്രതിപക്ഷ േനതാവാണ്. മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന ആവശ്യം ഒരു കാരണവശാലും പിണറായി അംഗീകരിക്കില്ലെന്ന തിരിച്ചറിവിനെത്തുടര്‍ന്നാണ് സ്വന്തം അയലന്തരത്തുകാരനായ ഐസക്കിനോട് ചെന്നിത്തല കണക്കു ചോദിക്കുന്നത്.  തനിക്കു നേരെ വിജിലന്‍സിന്‍റെ കൂരമ്പുകള്‍ അണിയറയില്‍ തയ്യാറാകുന്നത് ചെന്നിത്തലക്ക് നന്നായറിയാം. പാര്‍ട്ടിയെ തള്ളി മുഖ്യമന്ത്രി നടത്തുന്ന ഏതാധിപത്യ പ്രവര്‍ത്തനത്തിലൊക്കെ രമേശ് അസ്വസ്ഥനാണ്. എങ്കിലും തോമസ് ഐസക് രാജി വയ്ക്കണം.

സ്വര്‍ണക്കടത്തിന്‍റെ റൂട്ടാണ് ഇനി പറയുന്നത്. ഒപ്പം ഇപ്പോള്‍ വിവാദമായിരിക്കുന്ന സ്വര്‍ക്കടത്തില്‍ സിപിഎമ്മിന് എന്തുകൊണ്ട് പങ്കില്ല എന്ന കാര്യത്തിലും വിശദീകരണമുണ്ട്. ഈ ക്യാപ്സ്യൂള്‍ ക്ലാസ് നയിക്കുന്നത് മുതിര്‍ന്ന സഖാവും കവിയും ക്രാന്തദര്‍ശിയുമായ മന്ത്രി ജി സുധാകരന്‍. സ്വര്‍ണ ലിപികളിലാണ് ഈ മൊഴികള്‍ പാര്‍ട്ടി പത്രം അച്ചടിച്ചത് എന്നാണ് കേള്‍വി