നാടകക്കാർക്ക് കഷ്ടക്കാലം; രാഷ്ട്രീയനാടകങ്ങൾ തകൃതി

വിശ്വാസം അതല്ലേ എല്ലാം. അദ്ദേഹം അദ്ദേഹം എന്ന് നൂറുവട്ടം പറഞ്ഞ  ആ ദേഹം വിശ്വസിച്ചോട്ടെ. ഇനിയാണ് സംഗതി ലോക്കല്‍ വിട്ട് സംസ്ഥാന തലത്തിലേക്ക് ഉയരുന്നത്. നായകന്‍റെ എന്‍ട്രി ടൈമാണ്. പൂജപ്പുര മൈതാനത്തെ പൊടിപടലങ്ങള്‍ ഇപ്പോള്‍ ഉയരും. പുല്ലും പുല്‍ച്ചാടിയുമെല്ലാം പുളകിതരാകും. വരവായ് നായകന്‍ ദൈവത്തെപ്പോലെയാണ് നാട്ടിന്‍പുറത്തെ അണികള്‍ ചെന്നിത്തലയെ കാണുന്നത്. അത് അവരുടെ വിശ്വാസം. വിശ്വാസം രക്ഷിക്കട്ടേ.

സ്വര്‍ണക്കടത്തുകേസില്‍ ജയിലിലുള്ള സ്വപ്ന സുരേഷിന്‍റേതെന്ന പേരില്‍ ഒരു ശബ്ദ രേഖ പുറത്തുവന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പു സാക്ഷിയാക്കാമെന്ന് കേന്ദ്ര ഏജന്‍സികള്‍ പറഞ്ഞത്രേ. ഇതോടെ ആകെ പൊല്ലാപ്പായി. ശബ്ദരേഖയുടെ പിന്നാലെയായി അന്വേഷണം. കിലോക്കണക്കിന് സ്വര്‍ണം വിദേശത്തുനിന്ന് കടലിനു മീതേ കടത്തിയ സ്വപന സുരേഷിന് സ്വന്തം ശബ്ദം ജയിലിനുള്ളില്‍ നിന്ന് പുറത്തേക്ക് കടത്താന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടാകാന്‍ വഴിയില്ല. എന്നിട്ടും എന്തോ അല്‍ഭുതം സംഭവിച്ചതുപോലെയാണ് എല്ലാവരുടെയും പെരുമാറ്റം. ടിപി കേസ് പ്രതികളൊക്കെ ജയിലില്‍ കിടന്ന് ഫേസ്ബുക്ക് പോസ്റ്റുകള്‍ നടത്തിയ അതേ ജയിലുകള്‍ തന്നെയാണ് നാട്ടില്‍ ഇപ്പോളുമുള്ളത്. കേന്ദ്ര ഏജന്‍സിയാണ് സ്വപ്നയെ അറസ്റ്റുചെയ്തതെങ്കിലും ഇട്ടിരിക്കുന്നത് സംസ്ഥാനത്തിന്‍റെ ജയിലിലാണ്. ജയിലുകളെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണം എന്ന ആവശ്യം വല്യ താമസമില്ലാതെ ഉയര്‍ന്നു വരുമായിരിക്കും.

മൊത്തത്തില്‍ നാടകമാണെന്നതില്‍ തെല്ലും സംശയമില്ല. രചനയും സംവിധാനവും ആരുനടത്തിയതാണെങ്കിലും പടം ബോക്സ് ഓഫീസില‍ ഹിറ്റാണെന്നതില്‍ തര്‍ക്കമില്ല. ഒടിടി റിലീസിനു പകരം വാട്സ് ആപ് റിലീസായിരുന്നുവെന്നുമാത്രം. 

പിണറായി വിജയനെതിരെ രണ്ടുപറയണം. മൈക്ക് മുന്നില്‍ കണ്ടാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിയുടെ മനസില്‍ ആദ്യം വരുന്നത് അതാണ്. മൈക്ക് ഓഫ്ചെയ്യുന്നതുവരെയോ കറണ്ട് പോകുന്നതുവരെയോ അതു തുടരുകയും ചെയ്യും. ശീലമായിപ്പോയി. കൂടാതെ നാടകം കണ്ടാല്‍ തിരിച്ചറിയാനുള്ള കഴിവും മുല്ലപ്പള്ളിക്കുണ്ട്. കാണും. കോണ്‍ഗ്രസുകാരനാണല്ലോ. അവിടെ നടക്കുന്നത്ര നാടകങ്ങള്‍ നാട്ടിലെ വേറെ ഒരു വേദിയിലും നടക്കാറുമില്ലല്ലോ

എഴുതുന്നതുപോലെയല്ല വായിക്കുന്നതുപോലെയാണ് പലപ്പോഴും ഭാഷയുടെ അര്‍ത്ഥം മനസിലാകുക. ഉദാഹരണത്തിന് നമ്മുടെ ധനമന്ത്രി തോമസ് ഐസക്കിന്‍റെ കാര്യമെടുക്കാം. ഐസക്കിനെ നോക്കി എല്ലാവരും ഇത്രയും കാലം പറഞ്ഞു, പുള്ളി ആള് കണക്കാ. രണ്ടുമൂന്നു ദിവസമായി നാട്ടുകാര്‍ പറയുന്നതില്‍ ചെറിയൊരു ടോണ്‍ വ്യത്യാസമുണ്ട്. പുള്ളി ആള് കണക്കാ. ശുദ്ധനാണ് ഐസക്. പക്ഷേ വായില്‍ കോലിട്ടു കുത്തിയാല്‍ ആരും കടിക്കും. അതേ താനും ചെയ്തൊള്ളൂവെന്നാണ് ധനമന്ത്രി പറയുന്നത്. എജി എന്നു പറഞ്ഞാല്‍ എഗനിസ്റ്റ് ഗവണ്‍മെന്‍റ് എന്നാണ് ഐസക് മനസിലാക്കിയത്. അതുകൊണ്ടാണ്.

ഇതാണ് ഐസക്കിയന്‍ പാണ്ഡിത്യം. ബജറ്റിലൊക്കെ ഈ സാഹിത്യ പാടവം പതിവായി നാം കാണുന്നതും അനുഭവിക്കുന്നതുമാണല്ലോ. വാക്കുകള്‍ കൊണ്ടും സംഖ്യകള്‍ കൊണ്ടും അമ്മാനമാടുന്നിനിടക്ക് ചെറിയൊരു കൈയ്യബദ്ധം. കരടാണെന്നുപറഞ്ഞ് റിപ്പോര്‍ട്ടുമായി വന്ന ഐസക് കേന്ദ്രത്തിന്‍റെ കണ്ണിലെ കരടായി. കെ സുരേന്ദ്രന്‍ പറഞ്ഞാല്‍ നമ്മള്‍ മുഖവിലക്കെടുക്കില്ല എന്നുകരുതയാകണം മന്ത്രി വി മുരളീധരന്‍ നേരിട്ടുവന്നത്.

ഫോട്ടോസ്റ്റാറ്റും ഒര്‍ജിനലും കണ്ടാല്‍ തിരിച്ചറിയണമെങ്കില്‍ തലയില്‍ എന്തെങ്കിലും വേണം എന്നാണ് ചെന്നിത്തല പറയുന്നത്. നിയമഭയുടെ അവകാശങ്ങള്‍ ധനമന്ത്രി ലംഘിച്ചുവെന്നാണ് ആരോപണം. അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. അവകാശമല്ലേ ലംഘിക്കാനാകൂ എന്ന ലൈനിലാണ് ഐസക്. എന്തായാലും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

രണ്ടിലയിലായ കേരള കോണ്‍ഗ്രസിന്‍റെ ഇലക്കുവേണ്ടിയുള്ള കടിപിടിയില്‍ തല്‍ക്കാലത്തേക്ക് തീരുമാനമായാരുന്നു. ആ ഇല ആരും വിരിക്കേണ്ട എന്നാണ് കോടതി തീരുമാനം. പകരം ജോസിന് ഫാനും ജോസഫിന് ചെണ്ടയും ചിഹ്നമായി അനുവദിച്ചു. എല്ലാവരും ഉറങ്ങിക്കഴിഞ്ഞ് ആരെയും ബുദ്ധിമുട്ടിക്കാതെ ജോസഫ് ചെണ്ടയടിക്കാന്‍ പഠിക്കുന്നുണ്ട്. നാട്ടിലെ ചെണ്ടക്കാരെയെല്ലാം ബുക്ക് ചെയ്തുകഴിഞ്ഞു.