പാലം മോശമായാലെന്ത്?; സ്വന്തം വീട് നന്നായി പണിതു

സാധാരണ കുരുക്കഴിക്കാനാണ് പാലമൊക്കെ പണിയുന്നത്. എന്നാല്‍ നാട്ടുകാരെ കുരുക്കാനായി ഒരു പാലം പണിതു. അതാണ് പാലാരിവട്ടം പാലം. ശശി പാലാരിവട്ടം എന്ന് അതുവരെ പറഞ്ഞിരുന്ന മലയാളി പതിയെ തിരിച്ചറിഞ്ഞു, ആ പാലത്തിലൂടെ സഞ്ചരിക്കാന്‍  കാത്തിരുന്ന നമ്മളാണ് ശരിക്കും ശശി എന്ന്. പാലം പണിത ഇബ്രാഹിം കുഞ്ഞ് വീട്ടില്‍ എത്തുന്നതിനു മുന്നേ അതിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായി. അത്രക്ക് മികച്ചതായിരുന്നു അഴിമതിക്കായുപയോഗിച്ച സാങ്കേതിക വിദ്യ. പാലം പൊളിച്ചു പണിയാന്‍ വന്നവര്‍ക്ക് പൊളിക്കാന്‍ അധികം ചിലവ് വന്നില്ല. പാലത്തില്‍ പണി തുടങ്ങി. ഒപ്പം  ഇബ്രാഹിം കുഞ്ഞിനിട്ടും.  അതാണ് ഈ സര്‍ക്കാരിന്‍റെ സാങ്കേതിക വിദ്യ

***********************

നാലുകൊല്ലം അന്വേഷിച്ചു. നാലാളെ ആറസ്റ്റു ചെയ്തു. കുറ്റപത്രം കോടതിയിലേക്ക് പുറപ്പെടുന്ന സ്റ്റേജെത്തി. ഇബ്രാഹിം കുഞ്ഞിന്‍റെ കഷ്ടകാലത്തിന് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും. ചിലപ്പോള്‍ കുടിക്കാനുള്ള വെള്ളം തിരഞ്ഞെടുപ്പ് അടുക്കുമ്പോളാണ് കിട്ടുക എന്നുമാത്രം. പൊതുവെ പച്ചനിറം ലീഗിന് ഇഷ്ടമാണ്. അതുകൊണ്ടാകാം അറസ്റ്റിന് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്. ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടിലെത്തിയ വിജിലന്‍സ് സംഘം ഞെട്ടി. തൂക്കുപാലം കണക്കെ ആടുന്ന രീതിയില്‍ പാലാരിവട്ടം പാലം മോശമായി പണിതെങ്കിലും ആലുവയിലെ സ്വന്തം വീട് കക്ഷി നന്നായി പണിതു. വീടിന്‍റെ മികവ് പുറത്തുനിന്നു മാത്രമല്ല ഉദ്ദ്യോഗസ്ഥര്‍ കണ്ടത്. അകത്ത് ഓരോ മുറിയും കയറിയിറങ്ങി അത് ആസ്വദിച്ചു. കൂടെ അവിടെ കുഞ്ഞ് ഉണ്ടോ എന്ന് വെറുതെ നോക്കുകയും ചെയ്തു. ഇബ്രാഹിം കുഞ്ഞിന്‍റെ കാര്യത്തില്‍ നിരാശപ്പെടേണ്ടിവന്നെങ്കിലും വീടിന്‍റെ കാര്യത്തില്‍ അതിന് ഇടവന്നില്ല. ഭാഗ്യം.

****************************

കുഞ്ഞുമനസില്‍ കള്ളമില്ല. കുഞ്ഞാലിക്കുട്ടിക്ക് അത് നന്നായറിയാം. ഇബ്രാഹിം കുഞ്ഞിനെ ആര് അവിശ്വസിച്ചാലും കുഞ്ഞാലിക്കുട്ടി അതിന് തയ്യാറുമല്ല. നാട്ടുകാര്‍ പല പഴികളും ഇക്കാര്യത്തില്‍ പറഞ്ഞുവെന്നു വരാം. ഇതിലും വലുത് കണ്ടിട്ടുള്ള കുഞ്ഞാപ്പക്ക് ഈ ആരോപണമൊക്കെ വെറും പാലാരിവട്ടം പാലമാണ്. ആശുപത്രിയിലേക്ക് മുങ്ങാനുള്ള ഉപദേശം കുഞ്ഞിന് ആര് കൊടുത്തതാണ് എന്നറിയില്ല. എന്തായാലും അകത്താകും എന്നുകാണുമ്പോള്‍ രാഷ്ട്രീയക്കാര്‍ പയറ്റുന്ന സ്ഥിരം പരിപാടിക്ക് ഇന്നും മുടക്കമുണ്ടായില്ല. ആലുവയില്‍ നിന്ന് തിരിച്ച അന്വേഷണ സംഘം പാലാരിവട്ടം പിന്നിട്ട് നെട്ടൂരിലെ ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിന്‍റെ സുഖവിവരം തിരക്കി. വന്നതല്ലേ, വെറുതെ മടങ്ങണ്ട എന്നു കരുതി വറുതെ അറസ്റ്റും രേഖപ്പെടുത്തി.

******************************* 

അതാണ് കുഞ്ഞാലിക്കുട്ടി. പൊലീസും വലിജലന്‍സും അനങ്ങിയാല്‍ പാണ്ടിക്കടവത്തിരുന്ന് കുഞ്ഞാപ്പ അറിയും. പാലാരിവട്ടം പാലം കുലുങ്ങിയപ്പോള്‍ അറിയാതിരുന്നത് അന്നൊക്കെ താവളം ഡല്‍ഹി ആയിരുന്നതുകൊണ്ടാണ്. താനറിഞ്ഞത് മനസില്‍ വച്ച് നടക്കുന്നവനല്ല കുഞ്ഞാപ്പ. എല്ലാവരോടും ഉറക്കെ വിളിച്ച് പറയും. അല്ലെങ്കില്‍ പിന്നെ എന്താണ് ത്രില്ല്?.

******************************* 

പാലാരിവട്ടം പാലത്തിന്‍റെ പ്രത്യേകത അതുമായി ബന്ധപ്പെട്ടവരെല്ലാം കുഞ്ഞുങ്ങളാണ് എന്നതാണ്. കുഞ്ഞൂഞ്ഞിന്‍റെ കാലത്ത് കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടിക്കാരന്‍ ഇബ്രാഹിം കുഞ്ഞ് പണിത പാലം. സത്യം പറഞ്ഞാല്‍ ഇതൊരു കുഞ്ഞുകളിയായിരുന്നു. പൊളിഞ്ഞില്ലെങ്കിലേ അല്‍ഭുതമുള്ളൂ. മൂന്നുകൊല്ലം പൂട്ടിയിട്ട പാലം പുതുക്കിപ്പണിയാന്‍ ഒന്നര കൊല്ലം മതിയത്രേ. രണ്ടുതവണ പുതുക്കി പണിയാനുള്ള സമയമായി എന്നു ചുരുക്കം. പക്ഷേ അങ്ങനെ പണിതാന്‍ ഒരു ത്രില്ലില്ലല്ലോ. ഇബ്രാഹിം കുഞ്ഞിനെതിരായ അറസ്റ്റില്‍ ഉമ്മന്‍ ചാണ്ടി നാലുചക്ര വാഹനം കയറുമ്പോള്‍ പാലാരിവട്ടം പാലം കുലുങ്ങുന്നതുപോലുള്ള ഒരു  നടുക്കം രേഖപ്പെടുത്തി. 

******************************* 

ലീഗ് എംല്‍എമാര്‍ക്കായി ജയിലില്‍ പ്രത്രേക സെല്ല് പണിതുതുടങ്ങിയെന്നാണ് തോന്നുന്നത്. സെല്ലിന്‍റെ രണ്ടു കമ്പികള്‍ തമ്മില്‍ യോജിപ്പിച്ച് ഒരു കോണി മാതൃകയിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോണിയെണ്ണിക്കിടക്കാമല്ലോ. ഒരു ആശ്വാസം കിട്ടു.ം കമറുദ്ദീനില്‍ തുടങ്ങിയതാണ്. കെഎം ഷാജിക്കുള്ള വല വിരിച്ചിട്ടിട്ടുണ്ട്. ഓവര്‍ടേക്ക് ചെയ്ത് ഇബ്രാഹിം കുഞ്ഞ് കയറി എന്നുമാത്രം. തിരക്കുവേണ്ട. സമയം ധാരാളമുണ്ട്. 

******************************* 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ വിചാരം കേരളത്തിലെ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് കേന്ദ്രസര്‍ക്കരാണ് എന്നാണ്. അതോ കേരളത്തിലെ ആഭ്യന്തര കാര്യങ്ങള്‍ ‍നോക്കുന്ന തൊപ്പിയില്ലാത്ത ഉദ്യോഗസ്ഥനാണ് താന്‍ എന്ന തെറ്റിദ്ധാരണയുണ്ടോ എന്നും അറിയില്ല. കേന്ദ്രത്തിന്‍റെ അന്വേഷണ സംഘങ്ങളെ ഭയന്നാണ് സംസ്ഥാന സരപ്‍ക്കാര്‍ ഇപ്പോള്‍ പെറ്റിക്കേസുപോലും എടുക്കുന്നത് എന്നാണ് സുരേന്ദ്രന്‍ തിയറി

******************************* 

ഇനി അറിണ്ടത് ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റിനു പിന്നില്‍ ഗൂഡാലോചന ഉണ്ടോ  എന്നതാണ്. ഗൂഡാലോചന കണ്ടാല്‍ തിരിച്ചറിയാനുള്ള കഴിവുള്ള ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയല്ലാതെ മറ്റാരുമല്ല. 

******************************* 

എന്തായാലും ഇത്രയുമായി. എന്നാല്‍ പിന്നെ മുന്‍ ലീഗുകാരുടെ അഭിപ്രായംകൂടി ഇക്കാര്യത്തില്‍ തേടാവുന്നതാണ്. കേസും അന്വേഷണവും തലക്കുമീതേ എത്തി തുടഹ്ങിയപ്പോള്‍ മന്ത്രി കെടി ജലീലിലെ സാഹിത്യകാരന്‍ ഉണര്‍ന്നിരുന്നു. ഫേസ്ബുക്കിലൊക്കെ അത് നമ്മള്‍ കണ്ടതാണ്. ആ സാഹിത്യകാരന്‍ ഉറങ്ങിയിട്ടില്ല

******************************* 

ചെയ്തതിന് കണക്കു പറയതുത് എന്നാണ്. പക്ഷേ കണക്ക് പറയാതെ വയ്യ. പ്രത്യേകിച്ച് മസാല കണക്ക്. ബോണ്ടും ബോണ്ടയും തമ്മിലുള്ള വ്യത്യാസം മലയാളിക്ക് പറഞ്ഞുതന്ന തോമസ് ഐസക്കിനോട് പ്രതിപക്ഷം ചെയ്യുന്നത് ക്രൂരതയാണ്. കടം വാങ്ങി ലാവിഷായി ജീവിക്കുക എന്നത് ബൂര്‍ഷ്വകളുടെ മാത്രം കുത്തകയാണെന്നു കരുതരുത്. ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കുന്നത് കമ്യൂണിസത്തിന്‍റെ ഭാഗമാണ്. പലിശ ഏത് ഇനത്തില്‍ പെടും എന്നറിയില്ല. 

*********************

തോമസ് ഐസക് ശരിക്കും അമേരിക്കയുട ധനമന്ത്രിയാണെന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. ആഗോളകാര്യങ്ങള്‍ പറയുന്നവനെ ആഗോളഭീകരനായി പ്രഖ്യാപിക്കുകയാണ് ബിജെപി. മാവേലിയുടെ കാലം കഴിഞ്ഞാല്‍ പിന്നെ പിണറായിയുടെ കാലത്താണ് സമൃദ്ധിയെന്നാണ് തോമസ് ഐസക് വരെ പറയുന്നത്. ആ സമൃദ്ധിക്കായി കുറച്ചു കോടികള്‍ പലിശക്കെടുത്തു. അത്രേ പുള്ളി ചെയ്തൊള്ളൂ.