എഫ്ഐആറിൽ 'സെഞ്ചുറി'യടിച്ച് കമറുദീൻ; കോടിയിൽ കുറഞ്ഞ അഴിമതിയില്ല

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് എന്‍ഐഎ കസ്റ്റംസ് സിബിഐ എന്നിവരൊക്കെ അവരുടെ കഷ്ടകാലത്തിനാണ് കേരളത്തിലേക്ക് വന്നത് എന്നു തോന്നുന്നു. സാധാരണ ഇവര്‍ ഒരു അന്വേഷണത്തിന് വന്നാല്‍ പണിയും കഴിഞ്ഞ് ഉടന്‍ തിരിച്ച് മടങ്ങാറാണ് പതിവ്. ഇത്തവണ പക്ഷേ ഏജന്‍സികളെല്ലാം കേരളത്തില്‍ ലോക്ഡൗണായിപ്പോയി. ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി അന്വേഷണത്തിന്‍റെ ചാകരക്കാലം. നിലവിലെ കാലാവസ്ഥ കണ്ടിട്ട് എഫ്ഐആര്‍ പെരുമഴക്കാണ് സാധ്യത. സ്വാഗതം തിരുവാ എതിര്‍വാ

എംസി കമറുദീന്‍ എംഎല്‍എ സെഞ്ചറിയടിച്ചു. സാധാരണ സെഞ്ച്വറിയടിച്ചാല്‍ കിട്ടുന്നത് അനുമോദനങ്ങളാണ്. ഇവിടെ പക്ഷേ എഫ്ഐആറുകളുടെ എണ്ണത്തിലാണ് സ്വഞ്ച്വറി. നൂറ്റിപതിനഞ്ചെണ്ണം. ചെറിയ കേസുകളാണ്. പതിനഞ്ച് കോടിയുടെ വളരെ ചെറിയ തട്ടിപ്പ്. പണ്ടൊക്കെ ബംബര്‍ ലോട്ടറിയുടെ സമയത്തായിരുന്നു കോടിയുടെ കണക്കുകള്‍ നാം കേട്ടിരുന്നത്. ഇപ്പോള്‍ കോടിയില്‍ കുറഞ്ഞൊരു അഴിമതി കേള്‍ക്കാനേയില്ല. മറ്റുള്ള വരുടെ കൈയ്യിലെ പണം കണ്ടിട്ട് സ്വന്തമായി പോക്കറ്റ് തയിച്ചു എന്നതാണ് കമറുദീന്‍ ചെയ്ത കുറ്റം. വന്നുവന്ന് കോടീശ്വരന്മാരെയൊന്നും ആര്‍ക്കും ബഹുമാനമില്ലാത്ത നാടായി ഇവിടം മാറിയിരിക്കുന്നു. കഷ്ടം.

കമറുദീന്‍ പണം പിരിച്ചു. കക്ഷി ലീഗ് എംഎല്‍എ ആണല്ലോ. അപ്പോള്‍ പാര്‍ട്ടി കട്ടക്ക് ഇടപെട്ടു. ആറുമാസത്തെ സമയം കമറുദീന് പാര്‍ട്ടി നല്‍കി. പക്ഷേ കേരള പൊലീസിന് ലീഗിനെ അത്ര വിശ്വാസമില്ലെന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ കുഞ്ഞാലിക്കുട്ടിയുടെ ഉറപ്പൊന്നും മുഖവിലക്കെടുക്കാതെ അവര്‍ എംഎല്‍എയെ പൊക്കിയത്. ഫുട്ബോള്‍ ലീഗൊക്കെ വന്നപ്പോള്‍ താരങ്ങളുടെ ലേലം വിളി സമയത്ത് നാം കോടികളുടെ ഇടപാട് ധാരാളം കണ്ടു. ആ നിലവാരത്തിലേക്ക് തന്‍രെ പാര്‍ട്ടിയെയും എത്തിക്കാനാണ് ലീഗ് എംഎല്‍എ ശ്രമിച്ചത്. പക്ഷേ ഒത്തില്ല. ഒടുവില്‍ അടികൊള്ളാന്‍ ചെന്ന് കവിള്‍വച്ച അവസ്ഥയിലാണ് ലീഗ്.  

ഫാഷന്‍ ഗോള്‍ഡ് കേസ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ഗുമ്മൊക്കെയുണ്ടെങ്കിലും സംഗതി തട്ടിപ്പു കേസ് തന്നെയാണ്. എന്തായാലും ഈ വര്‍ഷം കേരളത്തില്‍ സ്വര്‍ണത്തിന് വലിയ മാര്‍ക്കറ്റായിരുന്നു. പച്ചയില്‍ നിറഞ്ഞുനിന്ന ലീഗിന് സ്വര്‍ണവര്‍ണം നല്‍കാന്‍ കഴിഞ്ഞവന്‍ എന്നും കമറുദീന്‍ അറിയപ്പെടും

കുഞ്ഞാലിക്കുട്ടി സാഹിബിന്  കഞ്ചാവ് കേസും ലഹരി ഇടപാടും തമ്മില്‍ തിരിച്ചറിയാന്‍ പറ്റിയിട്ടില്ല. കാര്യമാക്കേണ്ട. നിഷ്കളങ്കതകൊണ്ടാണ്. അരുതാത്തതെന്തോ ബിനീഷ് കോടിയേരി ചെയ്തു. അത്രയും തിരിച്ചറിഞ്ഞാല്‍ മതി. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുകയും ചെയ്തു എന്നാല്‍ കേരളത്തില്‍ ക്ലച്ചു പിടിച്ചുമില്ല എന്ന അവസ്ഥയിലായതുകൊണ്ട് നിലനില്‍പ്പിനായി പൊരുതുകയാണ്. അതിനിടയിലാണ് എംഎല്‍എയുടെ ഹലാക്കിലെ ഇടപാടുകള്‍. ബിസിനസ് പൊളിഞ്ഞ കമറുദീനെ അനാവശ്യമായി പീഡിപ്പിക്കുന്നു എന്നാണ് യുഡിഎഫ് ആവലാതിപ്പെടുന്നത്. മറ്റുള്ളവരുടെ പണം വാങ്ങിയശേഷം അത് തിരിച്ചു കൊടുക്കാതിരിക്കുന്നതിന് തട്ടിപ്പ് എന്നാണ് നാട്ടില്‍ ഇപ്പോളും പേര്