മുല്ലപ്പള്ളി എന്ന 'സ്ത്രീപക്ഷനേതാവ്'; മഹിളാ കോണ്‍ഗ്രസ് വക ആദരവും..!

26 മണിക്കൂര്‍‌ നീണ്ട ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിന്‍റെ ബാക്കി പത്രം എന്താണെന്ന് ചോദിച്ചാല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ എത്തിയ ബന്ധുക്കളോട് ഇനി ഒരു കാരണവശാലും പുറത്തിറങ്ങി മിണ്ടരുത് എന്ന് പറയാന്‍ സിപിഎം സെക്രട്ടറിയേറ്റ് ചേര്‍ന്ന് പ്രമേയം പാസാക്കേണ്ട അവസ്ഥയിലേക്ക് എത്തിച്ചു എന്നതാണ്. റെയ്ഡ് നടത്തിയ ഇഡിക്ക് കാര്യമായി എന്തെങ്കിലും കിട്ടിയോ എന്നതിനേക്കാള്‍ ബന്ധുക്കളുടെ പ്രതികരണശേഷി കാരണം റെയിഡില്‍ കിട്ടാത്ത കാര്യങ്ങളും ഉപായങ്ങളും ഒക്കെയാണ് നാട്ടുകാര്‍ക്ക് കിട്ടിയത്. അപ്പോ സ്വാഗതം.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് ഒത്ത ഒരു എതിരാളിയെ കിട്ടിയത് ഇപ്പോഴാണ്. സ്വര്‍ണക്കടത്ത് കേസിന്‍റെ തുടക്കം മുതല്‍ പ്രതിപക്ഷത്തു നിന്ന് രമേശ് ചെന്നിത്തലയ്ക്ക് ഒരു തണലാവാനേ മുല്ലപ്പള്ളി ശ്രമിച്ചുള്ളു. ആകെ സ്വന്തമായി വല്ല ആരോപണവും കൊണ്ടുവരാന്‍ ശ്രമിച്ചില്ലെന്ന് മാത്രമല്ല മൈക്ക് കൈയ്യില്‍ കിട്ടിയ നേരത്തൊക്കെ വാര്‍ത്ത ഉണ്ടായത് വെറെ ചില കാര്യങ്ങള്‍ക്കായിരുന്നു. പ്രത്യേകിച്ചും സ്ത്രീവിരുദ്ധമായ പ്രസംഗങ്ങള്‍ക്ക്. അങ്ങനെ ഇരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡി നോട്ടിസ് അയച്ചത്. രവീന്ദ്രന്‍ മുല്ലപ്പള്ളിയുടെ പഴയ മണ്ഡലത്തിലെ ആളാണ്. വടകരയില്‍. ആ ബന്ധം വച്ച് മുല്ലപ്പള്ളി ചിലത് പറയാന്‍ ഇറങ്ങിയിട്ടുണ്ട്.