പിണറായിപ്പുറത്ത് ഇരുന്നാല്‍ ഇ.ഡിയെ പേടിക്കേണ്ട..!

ബാലേട്ടന്‍ പറയുന്നതുപോലെയല്ല കാര്യങ്ങള്‍. അതിലേക്കു കടക്കും മുന്‍പ് ഫാസിസവും കമ്യൂണിസവും എന്ന വിഷയത്തെക്കുറിച്ചുള്ള ചെറിയൊരു സ്റ്റഡി ക്ലാസ്. ഫാസിസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താറില്ല. തിരിച്ചു പറയാന്‍ അവസരം നല്‍കാതെ റേഡിയോയിലൂടെയാണ് പ്രഭാഷണം. റേഡിയോയെ നോക്കി കൊഞ്ഞനം കുത്താം എന്നല്ലാതെ മറു ചോദ്യം പറ്റില്ലെന്ന് ഇടതന്മാര്‍ കുറ്റം പറയും. ഈ കുറ്റം പറയുന്നവരുടെ കമ്യൂണിസം അല്‍പ്പം ക്രിയേറ്റീവാണ്. വീട്ടിനുള്ളിലെ ചോറൂണ് ഉച്ചയുറക്കം തുടങ്ങിയ കലാപരിപാടികള്‍ സൈബര്‍ സഹോ വഴി സമൂഹമാധ്യമങ്ങളിലൂടെ വൈറലാക്കും. സൈബര്‍ സഹോയോട് ചോദിക്കാന്‍ പോയാലത്തെ അവസ്ഥ അറിയാമല്ലോ. ഈ ഫാസിസത്തില്‍ ഇഷ്ടക്കാരെക്കൊണ്ട് ചോദ്യം ചോദിപ്പിക്കുന്ന സെറ്റിടും. കമ്യൂണിസത്തില്‍ മറ്റ് ചോദ്യകര്‍ത്താക്കള്‍ക്ക് പിന്നാലെ പോയി താല്‍ക്കാലിക സെറ്റിടുന്ന ബൂര്‍ഷ്വാ സെറ്റപ്പില്ല. പാര്‍ട്ടി ചാനലും മാധ്യമ ഉപദേഷ്ടാവും സ്ഥിരമായി സ്വന്തമുണ്ട്. പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ വരുന്നവയൊക്കെ വ്യാജ വാര്‍ത്തകളായതുകൊണ്ട് അവ പരിശോധിക്കാനും തടയാനും ഫാസിസ്റ്റുകള്‍ ശ്രമിക്കാറുണ്ട്. കമ്യൂണിസത്തിലും അത് അങ്ങനെതന്നെയാക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചു. ആ കര്‍മത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് പൊലീസിനെയാണ്. വാര്‍ത്തകളുടെ പിന്നാലെ മാധ്യമങ്ങളും അവരുടെ പിന്നാലെ പൊലീസും.  ഇനി വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിന് പൊലീസ് സുരക്ഷ ഉണ്ടാകും എന്നു ചുരുക്കം

ഈ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ ഒരു കാര്യം. ഒരു കാര്യംമനസില്‍ വയ്ക്കില്ല. എല്ലാം അങ്ങ് പരസ്യമാക്കും. ആ പരസ്യമാക്കല്‍ നിലപാടാണ് കേരളത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ജലീല്‍ സായ്്‍വ് ഒരു ഇലപോലും അറിയാതെ ചെന്നു കേറിക്കടുത്തതാ. നാലാളോട് പറഞ്ഞ് വെറുതെ നാറ്റിക്കാന്‍ മിനക്കെടരുത് എന്ന് ഇറങ്ങാന്‍ നേരം എളിമയോടെ പറഞ്ഞതുമാ. എന്നിട്ടും ഇഡി അത് കേട്ടില്ല. പിന്നെ ഏക ആശ്വാസം ഉയരുന്ന ചോദ്യങ്ങളെ ചവിട്ടി മെതിക്കാന്‍ മലപോലൊരു തണല്‍ ജലീലിനുണ്ട് എന്നതാണ്. ആ പിണറായി മതിലിനു പിന്നില്‍ നിന്നാല്‍ മഴയും വെയിലും കൊള്ളില്ലെന്ന് പലതവണ ജലീല്‍ അനുഭവിച്ചറിഞ്ഞതുമാണ്. പിണറായിപ്പുറത്തിരുന്നാല്‍ ഇഡിയെ പേടിക്കേണ്ട

അഞ്ച് മണിയല്ല സുരേന്ദ്രന്‍ ജി. ആറു മണി. കേരളത്തില്‍ ഏത് കൊച്ചു കുട്ടിക്കുംവരെ അറിയാം ആറുമണിക്കാണ് പിണറായി വരുക എന്നും ആറേമുക്കാലോടെ ചീത്ത വിളി തുടങ്ങി ഏഴുമണിക്ക് കട അടക്കും എന്ന്. മാരാര്‍ജി ഭവനിലെ ക്ലോക്ക് ഒന്ന് റീ സെറ്റ് ചെയ്യേണ്ടതാണ്. 

ഒരിടത്തൊരിടത്ത് ഒരു സ്വര്‍ണക്കടത്തുണ്ടായിരുന്നു എന്നതുപോലെ ഭാവനയില്‍ വിരിഞ്ഞ കഥയാണത്രേ ഇപ്പോള്‍ നാം റിയലായി കണ്ടുകൊണ്ടിരിക്കുന്തന്. മാജിക്കല്‍ റിയലിസത്തിന്‍റെ ഈ അവസ്ഥാന്തരം നമുക്ക് കാട്ടിത്തന്നത് നമ്മുടെ മുഖ്യന്‍ തന്നെ. തള്ളക്കോഴി കുഞ്ഞിനെ ചിറകിന്‍ കീഴില്‍ ഒളിപ്പിക്കുന്നതുപോലെ ജലീലിനെ പിണറായി തന്‍റെ കീഴില്‍ ഒളിപ്പിച്ചു. കെട്ടിച്ചമക്കപ്പെട്ട കഥയാകട്ടെ പാണന്മാര്‍ പാടിനടക്കുകയാണ്. ഇങ്ങനാണെങ്കില്‍  ഒരുപാട് ക്യാപ്സ്യൂളുകള്‍ ചിലവാകും

മാധ്യമങ്ങളെ തെല്ലും വിശ്വാസമില്ല ജലീലിന്. അതുകൊണ്ടാണ് അവരോട് കള്ളം പറയുന്നത്. അല്ലാതെ കള്ളം പറയുന്ന ശീലം ഉള്ളതുകൊണ്ടല്ല. സത്യങ്ങളിങ്ങനെ മനസില്‍ കിടന്ന് വിങ്ങുന്നുണ്ട്. അതൊക്കെ ആരോട് പറയാന്‍. ആര് കേള്‍ക്കാന്‍. മാധ്യമങ്ങളെ എങ്ങനെ ഡീല്‍ ചെയ്യും എന്നാലോചിച്ചപ്പോളാണ് ആരോ ഉപദേശിയുടെ കാര്യം ഉപദേശിച്ചത്. പാര്‍ട്ടിച്ചാനലും മാധ്യമ ഉപദേഷ്ടാവും സ്വന്തമായുള്ള സെറ്റപ്പില്‍ ആരെ പേടിക്കാന്‍. ജലീല്‍ ജംഗ്ഷന്‍ എന്നായിരുന്നു യോജിച്ച പേര്. എന്തായാലും സായ്‍വിന്‍റെ മനസ് ഇപ്പോള്‍ തെളിവെള്ളം പോലെയാണ്. ഉത്തരങ്ങള്‍ ഇങ്ങനെ പ്രേക്ഷകരുടെ ചെവിയിലേക്കെത്തുകയാണ്. ചോദ്യം കേള്‍ക്കാന്‍ പറ്റുന്നില്ല എന്ന് ആരും പരാതി പറയരുത്. ചോദ്യത്തിനൊന്നും വലിയ പ്രസക്തിയില്ലാത്ത കാലമാണ്

ജലീലിന്‍റെ മടക്കയാത്ര സംഭവ ബഹുലമായിരുന്നു. കൊല്ലത്ത് വണ്ടി കുറുകെയിട്ടൊരു കരിങ്കൊടി പ്രകടനം ബിജെപി പിള്ളേര്‍ നടത്തി. ആ പ്രകടനത്തിനുള്ള വടേം ചായേം പിണറായി മുഖ്യന്‍ എടുത്തു വച്ചിട്ടുണ്ട്. കോവിഡ് കാലത്ത് പ്രോട്ടോക്കളോ‍ള്‍ ലംഘിച്ച് സമരം ചെയ്യുക. അതും ചീള് നയന്ത്രപ്രോട്ടോക്കോള്‍ ലംഘിക്കപ്പെട്ടതിന് . അറസ്റ്റു ചെയ്ത് അകത്തിടണ പിള്ളേച്ചാ

പഴയ മുഖ്യനെ സോളാര്‍ കേസ് സമയത്ത് കരിങ്കല്ലിനെറിഞ്ഞ ടീംസാണ് ഇപ്പോള്‍ ഈ വിടലൊക്കെ വിടുന്നത്. കരിങ്കല്ലിനും ഇഷ്ടികക്കും ഒരു പ്രത്യേത ഉണ്ട്. ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അവ മാരകായുധങ്ങളാകും. വലത് സര്‍ക്കാര്‍ ഭരിക്കുമ്പോളാകട്ടെ യൂണിവേഴ്സിറ്റി കോളജിലെ സിലബസിന്‍റെ ഭാഗവും. ഇങ്ങനെയൊക്കെ അപകടകരമായ രീതിയില്‍ സമരം ചെയ്യാമോ. ശിവ ശിവ. ഈ കുട്ടികളെന്താ ഇങ്ങനെ അപ്പോ ബാക്കി പകുതിക്കായി ചങ്കുറപ്പോടെയിരിക്കുക. ഉടന്‍ വരാം

ലോക്കലിന്‍റെ കത്തുണ്ടെങ്കില്‍ മന്ത്രിയെ കാണാം. അമ്മാതിരി പദവിയാണ് പാര്‍ട്ടിയില്‍ ലോക്കല്‍ സെക്രട്ടറിക്ക്. എന്നാലിപ്പോള്‍ ലോക്കല്‍ എന്ന് പറയാന്‍ പാര്‍ട്ടിക്കാര്‍ക്ക് പേടിയാണ്. അറിയാതെ ലോക്കര്‍ എന്നെങ്ങാണും നാക്കു പിഴച്ചാല്‍ വല്യ പണിയാകും.   ലോക്കറുണ്ടോ സഖാവേ താക്കോലെടുക്കാന്‍ എന്നതാണ് ഇപ്പോള്‍ വിവാദ ലൈന്‍. സഖാവ് ഇപി ജയരാജന്‍ ക്വാറന്‍റീനിലാണ്. ആ സമയത്ത് മന്ത്രി പത്നി ഒന്ന് ബാങ്കില്‍ പോയി. അതേ ബാങ്കിലെജീവനക്കാരി ആയിരുന്നതുകൊണ്ട് ഇക്കണ്ട കാലമത്രയും പതിവായി പോകാറുണ്ടായിരുന്നു. അന്നൊന്നും വിവാദം കുടെ ചെന്നില്ല. ഇന്ന് അങ്ങനെയല്ലതാനും. ലോക്കറില്‍ നിന്നറങ്ങിയ വിവാദം പാര്‍ട്ടിയെ വലക്കുകയാണ്. മന്ത്രി പത്നിക്ക് കോവിഡ് എന്നു വ്യാജവാര്‍ത്ത കൊടുത്ത ദേശാഭിമാനിയെ നമ്മുടെ ബഹ്റ പൊലീസ് പൊക്കുമാരിക്കും. 

ജലീല്‍ വധം കഥകളിയുടെ നാലാം ദിനമായിരുന്നു ഇന്ന്. പ്രതിപക്ഷ സംഘടനകള്‍ മുന്‍ദിവസങ്ങളിലെയെന്നപോലെ അരങ്ങ് തകര്‍ത്തു. വെള്ളം ചീറ്റാന്‍ ഫയര്‍ഫോഴ്സിനെ വിളിക്കേണ്ട സ്ഥിതിയിലാണ് സര്‍ക്കാര്‍. പാലക്കാട്ട് യുവമോര്‍ച്ചയുടെ തകര്‍പ്പന്‍ പ്രകടനം. ജലീല്‍ തലയില്‍ മുണ്ടിട്ടുപോയി എന്നാണ് പരാതി. ആ പരാതി ഉന്നയിച്ച സമരം ചെയ്യുന്നവരുടെ വീറും വാശിയും ചോര്‍ത്താന്‍ പൊലീസ് പലവിധം ശ്രമിക്കുന്നുണ്ട്.