പിണറായിയുടെ 'ചങ്ക് പടയാളികൾ; പിന്നെ ബാഷ്പീകരിച്ച ഓണക്കിറ്റും.!

ഏത് ആപത്ഘട്ടത്തിലും അരയും തലയും വാലും മുറുക്കി കൂടെ നില്‍ക്കുന്നവരെ ചങ്കെന്നാണ് ഇക്കാലത്ത് ആളുകള്‍ വിളിക്കുന്നത്. ഇരട്ടച്ചങ്കുണ്ടെന്ന് വച്ചാലും ശരി കാര്യം വരുമ്പോള്‍ ചങ്കുകള്‍ ആളുകളായി വേറെ വേണം എന്നതാണ് സമീപകാല കേരള രാഷ്ട്രീയ ചരിത്രം വെളിവാക്കുന്നത്. സ്വാഗതം തിരുവാ എതിര്‍വായുടെ മറ്റൊരു അധ്യായത്തിലേക്ക്.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍, അതായത് പിണറായി വിജയന്‍ മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് നാലുകൊല്ലം കഴിയുമ്പോഴാണ് ഇതുവരെ ഇല്ലാത്ത പുകിലൊക്കെ ഇന്നീനാട്ടിലുണ്ടായിരിക്കുന്നത്. ഓഖി, പ്രളയം, വീണ്ടും പ്രളയം, നിപ്പ, പിന്നെ ദാ കോവിഡ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും മഹാമാരികളും ഒക്കെ വന്നെങ്കിലും സര്‍ക്കാരിന് കാര്യമായി ദുരന്തങ്ങളൊന്നും സംഭവിച്ചിട്ടില്ലായിരുന്നു. ദുരന്തങ്ങളൊക്കെ നല്ലപേരാണ് സര്‍ക്കാരിന് സമ്മാനിച്ചത്. പക്ഷേ സ്വര്‍ണക്കള്ളക്കടത്ത് ഒരു പ്രകൃതി ദുരന്തമല്ലെന്നും മറിച്ച് മനുഷ്യന്‍മാര് അധികാരവും സ്വാധീനവും കൊണ്ട് ഒപ്പിക്കുന്ന ഒരു പരിപാടി ആയതുകൊണ്ട് ഇത്തവണ പെട്ടത് സര്‍ക്കാരാണ്, മുഖ്യമന്ത്രിയാണ് സിപിഎം പാര്‍ട്ടിയാണ്. കോവിഡ് കാലത്ത് രോഗവ്യാപനം കുതിച്ചുയരുമ്പോഴും കേസിനും കൂട്ടത്തിനും ഒരു കുറവുമില്ല. ആ നേരത്ത് പാര്‍ട്ടി യോഗം ചേര്‍ന്നു.

ജനങ്ങള്‍ക്കിടയില്‍ നല്ലമുഖം വീണ്ടെടുക്കണം. ആദ്യം മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വരുന്നവര്‍ തുടക്കത്തിലേ ഉറഞ്ഞുതുള്ളണം എന്നായിരുന്നു തീരുമാനം. അത് ഗംഭീരമായി നടന്നു. അതിനിടയ്ക്ക് മൂക്കും കുത്തി വീഴുന്നത് പതിവാവുന്നു എന്നു തോന്നിയപ്പോള്‍ മാധ്യമബഹിഷ്കരണമായിരുന്നു അടുത്ത അടവ്. ഇതും കഴിഞ്ഞപ്പോള്‍ മാധ്യമങ്ങളെ കരിവാരിതേച്ച് അവര്‍ മൊത്തം കള്ളത്തരങ്ങളാണ് പറയുന്നത് എന്ന് വരുത്തി തീര്‍ക്കലായിരുന്നു പദ്ധതി. പക്ഷേ ചാനലും പത്രവും ഒക്കെ ശ്രദ്ധിക്കുന്നവരുെട എണ്ണം വല്ലാതെ വര്‍ധിച്ചു എന്നല്ലാതെ വേറെ ഒന്നും സംഭവിച്ചില്ല. അപ്പോഴാണ് എന്നാ പിന്നെ മന്ത്രിസഭയില്‍ നിന്നുള്ള ഒരു രണ്ടുമൂന്നുപേരെ രംഗത്തിറക്കി നമ്മുടെ മുഖ്യമന്ത്രി ഒരു സംഭവമാണെന്നും പ്രസ്ഥാനമാണെന്നും പറയിപ്പിച്ചാലോ എന്ന് തോന്നിയത്. അതാണ് ഈ ആഴ്ചയില്‍ നാട്ടില്‍ അരങ്ങേറിയ ഏറ്റവും വലിയ സംഭവം.

പഴയ കാലത്ത് തമ്പുരാന്‍ സേവ എന്നൊക്കെ പറയുമെങ്കിലും പുതിയ നവോത്ഥാന കാലഘട്ടത്തില്‍ ഇതിനെ അങ്ങനെ വിളിക്കരുതെന്നാണ് ഇടതുപക്ഷ ബുദ്ധിജീവികള്‍ പറയുന്നത്. ഇത് കമ്മ്യൂണിസത്തിന്‍റെ ഭാഷയില്‍ സഖാവിനോടുള്ള ഐകദാര്‍ഢ്യം എന്നേ കാണേണ്ടതുള്ളുവത്രെ. പിണറായിയെ പുകഴ്ത്താനുള്ള നിയോഗം ആദ്യം ഏറ്റെടുത്തത് ജി. സുധാകരനായിരുന്നു. തൊട്ടു പിന്നാലേ കടകംപള്ളി സുരേന്ദ്രനെത്തി. അതിനു ശേഷമായിരുന്നു എ.കെ. ബാലന്‍റെ മലര്‍ത്തിയടി. സ്വന്തം വകുപ്പിലെ ഒരു പദ്ധതിയോ മറ്റോ വിശദീകരിക്കാന്‍ എന്ന ലേബലില്‍ വാര്‍ത്തസമ്മേളനം വിളിക്കും. ആദ്യം അതൊക്കെ പറയും. പിന്നെ കൂടെയുള്ള വകുപ്പ് സെക്രട്ടറിമാരേയും മറ്റും പറഞ്ഞ് വിട്ടാണ് തന്നില്‍ അര്‍പ്പിക്കപ്പെട്ട കര്‍ത്തവ്യം ഇവര്‍ നിര്‍വഹിക്കുന്നത്. 

അതെ... കണ്ണ് നിറയിപ്പിക്കുന്ന പെര്‍ഫോര്‍മെന്‍സുകളാണ് കടകംപള്ളിയും സുധാകരനുമൊക്കെ നടത്തിയത്. പക്ഷേ അതിനിടയ്ക്ക് സുധാകരന്‍ സഖാവിന് തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ചില സത്യം പറയേണ്ടി വന്നു. എന്താണെന്ന് വച്ചാല്‍ ഈ ഐഎഎസുകാര്‍ പറയുന്നിടത്ത് ഒപ്പിടുന്നവരല്ലത്രെ കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍. അവരെ വിളിച്ചുവരുത്തി വിറപ്പിച്ച് തിരുത്തിയ ചരിത്രമാണത്രെ സഖാവ് ജിക്കുള്ളത്. എന്നുവച്ചാല്‍ പിണറായി വിജയന്‍ ആ എം. ശിവശങ്കറിനോട് ഇങ്ങനെയൊക്കെ ചെയ്തിരുന്നേല്‍ ഈ പഴിയൊന്നും കേള്‍ക്കേണ്ടി വരില്ലെന്ന് സാരം. സത്യങ്ങള്‍ അങ്ങനെയാണ്, പാര്‍ട്ടി തീരുമാനിച്ച് മൂടിവെക്കാന്‍ നോക്കിയാലും അത് പുറത്തുവരും.

ഇങ്ങനെയുള്ള അനുചരന്‍മാരെ കിട്ടാന്‍ ഭാഗ്യം ചെയ്യണം. ആ ഉമ്മന്‍ചാണ്ടി ഒക്കെ കണ്ടില്ലേ. മുഖ്യമന്ത്രിയായ കാലത്ത് സോളര്‍ വിവാദമുണ്ടായപ്പോ ഇങ്ങനെ പൊക്കിപ്പറയാനും ന്യായീകരിക്കാനും ആരെയെങ്കിലും മഷിയിട്ട് നോക്കിയാല്‍ കാണാന്‍ പറ്റിയിരുന്നോ ഇല്ലേയില്ല. ആകെ ചാനല്‍ ചര്‍ച്ചയില്‍ ആ ടി. സിദ്ദിഖ് ആണ് വന്ന് ഞാന്‍ പറയാം എന്നുപറഞ്ഞത്. എന്നിട്ടോ സിദ്ദിഖിന് ലോക്സഭാ സീറ്റ് കൊടുക്കുകയും പിന്നെ രാഹുല്‍ ഗാന്ധിക്ക് വേണ്ടി തിരിച്ചെടുക്കുകയും ചെയ്തു. പാവം. ഇതൊക്കെ കാണുമ്പോ സിദ്ദിഖും ഉമ്മന്‍ചാണ്ടിയും മുഖാമുഖം നോക്കി കരയുന്നുണ്ടാവണം.

മര്യാദയ്ക്ക് പത്രം പോലും വായിക്കാറില്ല അപ്പോഴാണ് പ്രതിപക്ഷത്തെ ലെനിനിസം അറിയാത്തവരെന്നൊക്കെ കളിയാക്കുന്നത്. ഇതൊന്നും ശരിയല്ല മഹാകവേ. താങ്കളുടെ ബൗദ്ധിക നിലവാരമനുസരിച്ച് പിണറായി സര്‍ക്കാരിന്‍റെ തുടര്‍ഭരണം ഈ ഇന്ത്യാ മഹാരാജ്യത്ത്രാ ഉണ്ടാക്കാന്‍ പോകുന്ന വിപ്ലങ്ങള്‍ എന്തൊക്കെയാവാനാണ് സാധ്യത? ഒന്നു പറഞ്ഞാലും.

എന്‍റമ്മോ.... ബംഗാളിനേയും ത്രിപുരയേയും ഓര്‍ത്തെങ്കിലും പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ഉണ്ടാവണമെന്ന് മലയാളി ആഗ്രഹിക്കണമെന്ന് ചുരുക്കം. ഇത്രേം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഈ തുടര്‍ഭരണം നല്‍കുമെങ്കില്‍ അത് സൂക്ഷിക്കണം. കേന്ദ്രസര്‍ക്കാരോ അമേരിക്കന്‍ ചാരസംഘടനയോ അടുത്ത തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ സാധ്യതയുണ്ട്. അതുപോട്ടെ. ബാലന്‍ സഖാവ് എന്തിനും റെഡിയായിരിപ്പുണ്ട്. തകര്‍പ്പന്‍ പെര്‍ഫോര്‍മെന്‍സാണ്. ശ്വാസമടക്കിപ്പിടിച്ച് വേണം ആസ്വദിക്കാന്‍.

പണം.. അതൊരു പ്രശ്നമല്ലെന്നായിരുന്നു പണ്ടൊക്കെ ഈ തൊഴിലാളി പാര്‍ട്ടി പറഞ്ഞിരുന്നത്. കാരണം നാളത്തെ മുതലാളിമാരാവാന്‍ പോകുന്നവരാണല്ലോ. അതുകൊണ്ട് മുതലാളിത്ത മൂലധനത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് എന്തിനാണ് ഈ വലതുപക്ഷരുടെ കൈയ്യില്‍ നിന്ന് പണം? അതു ശരിയല്ലല്ലോ. ജനാധിപത്യത്തില്‍ അഭിപ്രായവും വിമര്‍ശനവും ഒക്കെ ഒരു പ്രീപെയ്ഡ് പരിപാടിയാണെന്ന് നമ്മളാരും അറിഞ്ഞില്ല. കണ്‍സള്‍ട്ടന്‍സിയെ വച്ചുണ്ടാക്കിയ നയരൂപീകരണമായിരുന്നിരിക്കണം. അതാവും അറിയാതെ പോയത്.

എന്തായാലും വിട്ടുകൊടുക്കരുത്. പാര്‍ട്ടി  ഒരു വ്യക്തിയല്ലെന്ന് നമ്മള്‍ കുറെ കേട്ടതാണ്. ഇപ്പോ കണ്ടു, ഏത്.. പാര്‍ട്ടി ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണ്. പക്ഷേ ആ പ്രസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ വ്യക്തി എന്നു പറയും എന്നുമാത്രം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രശ്നം ബാലനും സുധാകരനും സുരേന്ദ്രനുമല്ല. എവിടെ എല്‍ഡിഎഫ് ഘടകക്ഷികള്‍ എന്നാണ്. സിപിഐ ഒന്നും പറയുന്നില്ല എന്നതാണ് പരാതി. അവരെന്ത് പറയാനാണ്. പറയാതിരിക്കുന്നതും ഒരു രാഷ്ട്രീയമാണല്ലോ. പറഞ്ഞ് പറഞ്ഞ് വളിച്ചുപോകുന്നതിലും നല്ലത് മിണ്ടാതിരിക്കുന്നതല്ലേ. പണ്ട് ഉമ്മന്‍ചാണ്ടി പെട്ടപ്പോള്‍ നിങ്ങള്‍ സ്വീകരിച്ച നയവും അങ്ങനെയായിരുന്നല്ലോ.

ഇതിനിടെ വേറെ ഒരു സംഭവമുണ്ടായി. ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മിഷന്‍ തുകയുടെ വ്യക്തമായ കണക്കും മറ്റും പാര്‍ട്ടി ചാനലിലൂടെ മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവ് വിളിച്ചുപറഞ്ഞു. അതൊരു ബ്രേക്കിങ് ന്യൂസായിരുന്നു. പക്ഷേ ബ്രേക്കിട്ടത് കിട്ടിയില്ല. ചെന്നങ്ങ് ഇടിച്ചു. അത്രേ ഉള്ളു. അധികം പറയുന്നില്ല. ഓണക്കിറ്റില്‍ അഞ്‍ൂറുരൂപയ്ക്കുള്ളതൊന്നും ഇല്ല. അധികം വിശദീകരിച്ച് പറയേണ്ടില്ലല്ലോ. ആഗോള താപന പ്രതിഭാസം എന്നൊക്കെ പറയുംപോലെ ബാഷ്പീകരണ പ്രതിഭാസമാണത്രെ കിറ്റിലെ അളവ് കുറച്ചത്. എല്ലാത്തിനും പ്രകൃതി ദുരന്തങ്ങളുണ്ടാവുന്നോണ്ട് കുഴപ്പല്ല. എല്ലാം കോംപ്രമൈസാക്കി ഇന്നത്തേക്ക് നിര്‍ത്തുന്നു.