കിഫ്ബിയിൽ കല്ലെറിഞ്ഞ് പ്രതിപക്ഷം; ഐസക് പേടിക്കുമോ?

ഊരാളുങ്കലില്‍ നിന്ന് സര്‍ക്കാര്‍ തല്‍ക്കാലം തലയൂരി. പക്ഷെ, കിഫ്ബി കാരണമുള്ള കല്ലേറ് തുടരുകയാണ്. അതിന്റെ പേരിലാണ് നിയസഭയില്‍ കച്ചറ തുടരുന്നത്. പിണറായി സ്റ്റൈലില്‍ ചുക്കിന് പിന്നാലെയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയെ ധനമന്ത്രി തോമസ് ഐസക്കിന് ഒരു ചുക്കും അറിയില്ലെന്നാണ് ചെന്നിത്തലയുടെ ആക്ഷേപം. ഐസക്കിന്റെ പറ്റിക്കല്‍പരിപാടി പ്രതിപക്ഷത്തോട് വേണ്ട. അത് ജി. സുധാകരനോട് മതി. ചെന്നിത്തലയുടെ കത്തിക്ക് മുല്ലപ്പള്ളിയാണ് ഈയിടെ മൂര്‍ച്ച കൂട്ടിക്കൊടുക്കുന്നത്. ഐസക് പേടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

അരൂരില്‍ പൊരുതിക്കയറിയ പാവം ഷാനിമോളെ മുല്ലപ്പള്ളി നൈസായിട്ടങ്ങ് തേച്ചുകളഞ്ഞു. ശത്രുവിന്റെ ശത്രു മിത്രം എന്നാണല്ലോ തിയറി. ഐസക്കിനെ ആക്രമിക്കുമ്പോള്‍ ശത്രുവായ സുധാകരനെ ചേര്‍ത്തുനിര്‍ത്തിയുള്ള ഒരു സൈക്കോളജിക്കല്‍ മൂവ്. പൂതന പരാമര്‍ശംനടത്തിയ ജി. സുധാകരന്‍ അതുവഴി ജനശ്രദ്ധ ആകര്‍ഷിച്ചുവെന്നാണ് മുല്ലപ്പള്ളിയുടെ കണ്ടെത്തല്‍. പുരാണങ്ങളിലും ഇതിഹാസങ്ങളിലുമൊക്കെ ആഴത്തിലറിവുള്ള ജി. സുധാകരനെ പ്രശംസിക്കാന്‍ വാക്കുകള്‍കിട്ടാതെ പലപ്പോഴും കെപിസിസി പ്രസിഡന്റ് നിശബ്ദനായിപ്പോയി. ബകപുരാണമായിരുന്നു വിഷയം.

അന്വേഷിക്കണം. അന്വേഷിക്കുവിന്‍ കണ്ടെത്തും എന്നാണല്ലോ. എന്താണ് കിഫ്ബിയില്‍ ഐസക്കും സംഘവും ഒളിച്ചുവച്ചിരിക്കുന്നതെന്ന് എക്കണോമിക്സ് പഠിച്ചവര്‍ മാത്രം അറിഞ്ഞാല്‍പോര. പ്രതിപക്ഷത്തിനും അറിയാനുള്ള അവകാശമുണ്ട്. പക്ഷെ, സ്പീക്കര്‍ മാത്രം ഇതുമനസ്സിലാക്കുന്നില്ല എന്നതാണ് സങ്കടം. ഒരു കാര്യം എല്ലാവരും മനസ്സിലാക്കണം. കിഫ്ബിക്കോ വികസനത്തിനോ എതിരല്ല പ്രതിപക്ഷം. അവര്‍ എതിര്‍ക്കുന്നത് അഴിമതിയെ ആണ്. അഴിമതി എവിടെക്കണ്ടാലും കോണ്‍ഗ്രസിന് രക്തം തിളയ്ക്കും. കാരണം അഴിമതിയെ എല്ലാകാലത്തും പഠിക്കുപുറത്തുനിര്‍ത്തിയ ഏക പാര്‍ട്ടി ഇന്ത്യയില്‍ കോണ്‍ഗ്രസേയുള്ളൂവെന്നാണ് മിനിമം ചെന്നിത്തലയെങ്കിലും വിചാരിക്കുന്നത്.

ഹിന്ദി ഭാഷ പഠിക്കണം എന്ന് പറഞ്ഞതിന് ആ അമിത്ഷായ്ക്കുമേല്‍ കുതിരകയറിതിന് രമേശ് ചെന്നിത്തല ഖേദിച്ച ദിവസംകൂടിയാണിന്ന്. കാരണം തൊട്ടടുത്തിരുന്ന് വിഡി സതീശനൊക്കെ സംസ്കൃതമാണ് തട്ടിവിടുന്നത്. ചക്ഷുശ്രവണ ഗളസ്ഥമാം ദര്‍ദുരം എന്നൊക്കെ ചെന്നിത്തലയ്ക്കും അറിയാവുന്നതാണ്. പക്ഷെ, ഇതതല്ല. ഇത് സ്ഥലജലവിഭ്രമം പോലെ മറ്റൊന്നാണ്. അതുതാനല്ലയോ ഇത് എന്നുചോദിച്ച് ഫണം വിടര്‍ത്തുകയാണ് സതീശന്‍ ഐസക്കിനുനേരെ.

ഐസക്കിന്റെ സാമ്പത്തികശാസ്ത്രപരീക്ഷണങ്ങളുടെ പേരില്‍ ചുറ്റുമുള്ളവര്‍ കലഹിക്കുമ്പോഴാണ് സത്യസന്ധനായ കെ.എന്‍.എ ഖാദര്‍ എഴുന്നേറ്റുനില്‍ക്കുന്നത്. ബിജെപി സൂപ്പറാണെന്നാണ് ഇക്കയുടെ കണ്ടുപിടുത്തം. ഒപ്പം പാര്‍ട്ടി ക്ലാസില്‍പോയവര്‍ക്ക് നേരെ ചെറിയൊരുകൊട്ടും. ഇടതുപക്ഷത്തുനിന്ന് മുസ്ലിംലീഗിലേക്ക് ചാടിപ്പോയ കെഎന്‍എ ഖാദറുടെ ബിജെപി പ്രശംസ ഒരു അബ്ദുല്ലക്കുട്ടി ലൈനാണോയെന്നാണ് ബാലന്റെ സംശയം. രണ്ടുപേരും നാടകക്കാരായതുകൊണ്ട് ഡയലോഗ് ചറപറാന്ന് വന്നുവീഴുകയായി.

പക്ഷെ, അത്ഭുതം ഇതല്ല. വരികള്‍ക്കിടയില്‍ അര്‍ഥം നിക്ഷേപിക്കുന്ന മഹാകവി ജി. സുധാകരനുപോലും കെഎന്‍എ ഖാദറുടെ വാക്കുകള്‍തിരിച്ചറിയാന്‍ പറ്റിയില്ല. കഷ്ടം. ഉപമയ്ക്കൊന്നും സഭയില്‍ കസേരയില്ലാതായോ. ബിജെപിക്കെതിരെ മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കുപോലും പിന്തുണ ഒരുനിമിഷം ചിന്തിക്കാതെ നല്‍കണമെന്ന ചിന്തക്കാരനാണ് കെഎന്‍എ ഖാദര്‍. സഭയില്‍ അടികൂടിയാലും നമ്മളൊന്നല്ലേ എന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്. പക്ഷെ, അത് പലര്‍ക്കും മനസിലാകാതെ പോയി. അത് ഇക്കാന്റെ കുഴപ്പമല്ല. കാരണം ഇരുപതുവര്‍ഷം സൂര്യനസ്തമിക്കില്ലെന്ന് കരുതുന്ന ബിജെപി സാമ്രാജ്യത്തിനെതിരെ പുതിയ സ്വാതന്ത്ര്യസമരം നടത്താനുള്ള ആലോചനയിലാണ് ഖാദര്‍ക്ക.

കെപിസിസി കണ്ട് ഏക്കാലത്തെയും മികച്ച പ്രസിഡന്റ് ആരാണെന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ശ്രീമാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇനി അദ്ദേഹമാരാണെന്ന് സംശയിക്കണ്ട. മുല്ലപ്പള്ളി തന്നെയാണ്. കേരളീയ പൊതുസമൂഹത്തില്‍ മുല്ലപ്പള്ളി നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകള്‍ കാണാതെ പോവുകയാണ് ഇവിടുത്തെ മാധ്യമങ്ങള്‍. തീര്‍ത്തും സങ്കടകരം. എന്തുപറഞ്ഞാലും കൂസലില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയനെകുറിച്ചൊക്കെ പല മുന്നറിയിപ്പുകളും നല്‍കിയിട്ടും ഈ മാധ്യമങ്ങള്‍ മൈന്‍ഡ് ചെയ്യുന്നില്ല. നേരത്തെ പറഞ്ഞ പൊതുസമൂഹത്തിനാകട്ടെ പ്രതികരണശേഷിയുമില്ല. ആ രണ്ടുകൂട്ടരോടുമാണ് മുല്ലപ്പള്ളി ചിലത് പറയാനുള്ളത്.

എന്നാല്‍ ചിലത് അങ്ങോട്ട് ചോദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. അങ്ങ് പറഞ്ഞതെല്ലാം ശരി. പറഞ്ഞ കാര്യങ്ങള്‍ ചിലതെങ്കിലും കൊടുത്ത സ്ഥിതിക്ക് അങ്ങോട്ടും ചോദിക്കാന്‍ അവകാശമുണ്ടല്ലോ. എന്തായി നമ്മുടെ ലിസ്ററ്റ് ? വല്ലതും നടക്കുമോ. അതോ ബകനെ പോലെ ആര്‍ത്തി മാറാതെ ഇനിയും നേതാക്കള്‍ പട്ടികയിലേക്ക് കടന്നുവരുമോ ? അവസാനിപ്പിക്കുമുമ്പ് ഒറ്റക്കാര്യം. നാളെ ശബരിമല വിധി വരാന്‍ പോവുകയാണ്. വാട്സാപ്പ് അഡ്മിന്‍ ഓണ്‍ലിയാക്കിയിട്ടൊന്നും വലിയ കാര്യമില്ല. അനുഭവമുള്ളവര്‍ പറയുന്നത് കേള്‍ക്കണം. മറ്റാരുമല്ല, ബിജെപിയുടെ ശക്തിയില്‍ വിശ്വാസം പ്രകടപ്പിച്ച ശ്രീമാന്‍ കെ.എന്‍.എ ഖാദറാണ് കാര്യം പറയുന്നത്. ഇടതുപക്ഷത്തെയും വലതുപക്ഷെത്തെയും ഇപ്പോള്‍ ബിജെപിയും ഇത്രയധികം മനസിലാക്കിയ മറ്റൊരു മതേതരനേതാവ് ഇല്ലാത്ത സ്ഥതിക്ക് അദ്ദേഹം പറയുന്ന കഥ ശ്രദ്ധിച്ചുകേള്‍ക്കണം.