ധർമ്മസങ്കടത്തിൽ തരൂർ; എല്ലാം തോന്നലെന്ന് കെസി വേണുഗോപാൽ

മനസില്‍ വിങ്ങിനിന്ന വിഷമങ്ങള്‍  ശശി തരൂര്‍ തുറന്നു പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ഒരാവശ്യം വന്നാല്‍ അത് ആരോട് തുറന്നു പറയുമെന്നതാണ് തരൂരിന്‍റെ ഇപ്പോളത്തെ പ്രശ്നം. എഐസിസിക്ക് പ്രസിഡന്‍റ് ഇന്നുവരും നാളെവരും എന്ന് കരുതിയിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇതിനിടക്ക് മിക്ക സംസ്ഥാനങ്ങളില്‍ നിന്നും നേതാക്കള്‍ ബിജെപി പാളയത്തിലെത്തുകയും ചെയ്തു. കര്‍ണാടകയില്‍ സര്‍ക്കാര്‍തന്നെ ഒലിച്ചുപോയി. ശൂന്യതയില്‍ നിന്ന് തുടങ്ങാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നു തോന്നുന്നു. എന്നാല്‍ എല്ലാം തരൂരിന്റെ തോന്നലാണെന്നാണ് കെസി വേണുഗോപാല്‍ പറയുന്നത്. ലേറ്റായി വന്താലും ലേറ്റസ്റ്റാവരും എന്ന രജനി ഡയലോഗില്‍ ജീവിക്കുകയാണ് കെസി.

കൊച്ചി പാലാരിവട്ടം പാലത്തിന് പിന്‍തുണ പ്രഖ്യാപിക്കാന്‍ വൈറ്റില പാലവും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നത് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് തെല്ലും ഇഷ്ടമായില്ല. അതുകൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് പണികൊടുത്തു. വിവരമറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടി തോമസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധിക്കാനിറങ്ങി.

ഇതാണ് കോണ്‍ഗ്രസുകാരുടെ പ്രശ്നം. സമരത്തിന് ആളില്ല എന്നതു പോട്ടെ. വിളിക്കുന്ന മുദ്രാവാക്യം അണികള്‍ക്കെങ്കിലും മനസിലാകുന്നതുപോലെ വിളിക്കണ്ടേ. പാലാരിവട്ടത്ത് ഇടതുമുന്നണി നടത്തിയ സമരമൊക്കെ കണ്‍മുന്നില്‍ കണ്ട വലതുപക്ഷമാണല്ലോ കിട്ടിയ അവസരം വിനിയോഗിക്കാന്‍ കഴിയാതെ ഇങ്ങനെ വഴിയാധാരമായി ഇരിക്കുന്നത് എന്നോര്‍ക്കുമ്പോളാ. കുറ്റം പറയരുതല്ലോ ഈ സമയം കെട്ടിട നിര്‍മാണത്തിലെ നൂതന വശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന തിരക്കിലായിരുന്നു പിഡ‍ബ്ലിയുഡി മന്ത്രി.