എസ്എഫ്ഐ കുത്തിയുണർത്തിയ കെ എസ് യു

ഈ പതിറ്റാണ്ടിലൊന്നും ഇങ്ങനെയൊന്ന് കാണാന്‍ സാധിക്കുമെന്ന് കരുതിയതല്ല. ഏത്... കെ.എസ്.യു കാരുടെ സമരം. ഇതിനു വഴിയൊരുക്കിയ എസ്.എഫ്.ഐയ്ക്ക് നൂറു ചുവപ്പന്‍ അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ആരംഭിക്കുകയാണ് തിരുവാ എതിര്‍വ. 

ചരല്‍കുന്നിലും ഇന്ദിരാഭവനിലും ഒക്കെ കൊണ്ടുപോയി ക്ലാസ് നല്‍കിയിട്ടൊന്നും ഈ നാട്ടില്‍ പ്രതിപക്ഷത്തിന്‍റെ റോളില്‍പോലും തിളങ്ങാന്‍ സാധിക്കാത്ത ടീംസാണ് കോണ്‍ഗ്രസ്. വിഷയങ്ങള്‍ ഒരുപാട് പിണറായി സര്‍ക്കാരായിട്ട് വായിലേക്ക് വച്ചുകൊടുത്തിട്ടും ഒരു സമരം നയിക്കാന്‍ ത്രാണിയൊന്നും ചെന്നിത്തലയും കൂട്ടരും കാണിച്ചിട്ടേയില്ല. ഇങ്ങനെ കാരണവന്‍മാര്‍ പൊടിയും പിടിച്ച് വീട്ടില്‍ ഉറക്കം തൂങ്ങി ഇരിക്കുമ്പോഴാണ് പാര്‍ട്ടിയുടെ കുട്ടിസംഘങ്ങള്‍ക്ക് ഒരവസരം വന്നുകിട്ടുന്നത്. എസ്.എഫ്.ഐ എന്തെങ്കിലും ചെയ്താലാണല്ലോ കെ.എസ്.യുവിന് ഇടപെടാന്‍ സാധിക്കുന്നത്. കാരണവന്‍മാരെ കണ്ട് മനസ് മടുത്തിരുന്ന കെ.എസ്.യുകാര്‍ അങ്ങനെ സകല ദേഷ്യവും കടിച്ചുപിടിച്ച്  നാട്ടില്‍ സമരത്തിനിറങ്ങി. അങ്ങ് തലസ്ഥാനത്ത് ഒരു പെണ്‍സിംഹമാണ് സെക്രട്ടറിയേറ്റിലേക്ക് ഓടിക്കയറിയത്. നവോത്ഥാന വനിതാമതിലുകൊണ്ടൊക്കെ ഒരു കാര്യമുണ്ടെന്ന് പിണറായി സഖാവിന് ഇപ്പോള്‍ ബോധ്യപ്പെട്ടുകാണണം.

സത്യത്തില്‍ കോണ്‍ഗ്രസുകാര്‍ ഇനി കെ.എസ്.യുകാരെയെങ്കിലും നോക്കി പഠിക്കണം. അവരൊക്കെ കാട്ടികൂട്ടുന്ന ആവേശത്തിന്‍റെ പകുതിയെങ്കിലും സര്‍ക്കാരിനെതിരെ പുറത്തെടുത്താല്‍ പ്രതിപക്ഷം എന്നെങ്കിലും വിളിക്കാമായിരുന്നു. തല്‍ക്കാലത്തേക്ക് കെ.എസ്.യു സമരവേദികളില്‍ പോയിരുന്ന് സമരത്തില്‍ ആവേശത്തോടെ പങ്കെടുത്താലും മതി. കാരണവരെന്ന നിലയില്‍ പ്രസംഗിക്കാന്‍ ഒരവസരം കിട്ടും. കര്‍ക്കടകമാസമാണ്. മനസിനും ശരീരത്തിനും ചികില്‍സയൊക്കെ ആവശ്യമായി വരും. അതുകൊണ്ട് ഈ കാലത്ത്  ഉറക്കം തൂക്കം ഒന്ന് കുറക്കാന്‍ ഏറ്റവും നല്ല ഔഷധമായിരിക്കും കെ.എസ്.യു സമരങ്ങളില്‍ പോയി പങ്കെടുക്കുന്നത്. 

\

സത്യത്തില്‍ എസ്.എഫ്.ഐ കുത്തിയുണര്‍ത്തിയതാണ് കെ.എസ്. യുവിനെ. ഒന്നാമത് ഈ കെ.എസ്.യുകാരെകൊണ്ട് സമരത്തിനൊന്നും കൊള്ളില്ലെന്നും വേണ്ടത്ര തന്‍റേടം ഇല്ലെന്നും പറഞ്ഞ് നടക്കുന്നതിലെ മുന്നണിപ്പോരാളികള്‍ കുട്ടിസഖാക്കളാണ്. ആക്രമിക്കുമ്പോഴും തല്ലുമ്പോഴും കുത്തുമ്പോഴുമൊക്കെ എസ്എഫ്ഐ രീതികളാണ് മാതൃകാപരമെന്നാണ് അവര്‍ തന്നെ സ്വയം കരുതുന്നത്. അതുകൊണ്ട് എസ്.എഫ്.ഐപോലെ ആവാനുള്ള സമരമല്ല കെ.എസ്.യു നടത്തേണ്ടതെന്ന് പുതിയ സാഹചര്യത്തില്‍ പ്രത്യേകം ഓര്‍മിപ്പിക്കേണ്ട കാര്യവുമില്ല. പൊലീസ് ലാത്തിവീശുമ്പോള്‍ ഓടിപ്പോവുന്ന കെ.എസ്.യുവിനെ ഈ നാട്ടുകാര്‍ക്കൊക്കെ നല്ല പരിചയമാണ്. ആ പരിചയം തിരുത്താന്‍ പറ്റിയാല്‍ ഭാഗ്യം. അത് കോണ്‍ഗ്രസിന്‍റെ കൂടെ ഭാഗ്യമായിരിക്കും. 

ഇങ്ങനെ കനപ്പെട്ട സമരങ്ങള്‍ നടക്കുമ്പോ സന്തോഷം തീര്‍ച്ചയായും കോണ്‍ഗ്രസിനുതന്നെയാണ്. കെ.എസ്.യുവിന് രക്തസാക്ഷിയെ ഉണ്ടാക്കാനൊക്കെ ഉമ്മന്‍ ചാണ്ടി സഹിച്ച സഹനം ഒന്നുവേറെ തന്നെയാണല്ലോ. എറണാകുളം തേവര കോളജിലെ സമരത്തിനിടെ ഓടയില്‍ വീണ് മരിച്ച ഹിന്ദിക്കാരന്‍ മുരള്‍ജിയെ രക്തസാക്ഷി മുരളിയായി പുനരവതരിപ്പിച്ച ചാണ്ടിച്ചന്‍ തന്ത്രങ്ങളൊക്കെ പില്‍ക്കാലത്ത് പുസ്തകത്തിലൂടെ പുറത്തുവന്നതാണല്ലോ. പക്ഷേ എസ്.എഫ്.ഐ ഈ നാട്ടില്‍ ഉണ്ടാവേണ്ടതിന്‍റെ ആവശ്യം കെ.എസ്.യുവിന് നന്നായി അറിയാം. നാട്ടുകാരെ വെറുപ്പിക്കുന്നതില്‍ നിന്ന് സിപിഎം നേതാക്കള്‍ പിന്നാക്കം പോവുമ്പോഴാണല്ലോ എസ്.എഫ്.ഐക്കാര്‍ ആ റോള്‍ ഏറ്റെടുക്കുന്നത്. അതുവഴിമാത്രമാണല്ലോ കെ.എസ്.യുവിന് നാട്ടുകാരുടെ മുന്നില്‍ വല്ലതും ചെയ്യാന്‍ സാധിക്കുന്നത്. അതുകൊണ്ട് യൂണിവേഴ്സിറ്റി കോളജ് മാറ്റിസ്ഥാപിക്കണമെന്നൊന്നും കെ.മുരളീധരന്‍ പറയാന്‍ പാടില്ലായിരുന്നു, ആ കോളജ് അവിടെയിങ്ങനെ നില്‍ക്കുന്നതുകൊണ്ട് മാത്രം ആ ഭാഗത്ത് കോണ്‍ഗ്രസിന് ഒരു പാട് വോട്ടാണ് കിട്ടുന്നത്. അത് മറക്കരുത്. 

കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അദ്ദേഹം തന്നെയാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതും. ഇപ്പോ ഓക്കെ ആയില്ല. ഇനി കാര്യത്തിലേക്ക് വരാം. ഈ പിണറായി വിജയന്‍ പൊലീസ് യോഗത്തില്‍ പറയുകയാണ്, ശബരിമല സംഭവവികാസങ്ങളില്‍ പൊലീസ് ആര്‍എസ്എസിന് വേണ്ടി ചാരപ്പണി ചെയ്തൂന്ന്. സഖാവേ...ഇതുതന്നെയല്ലേ ഇവിടുത്തെ പ്രതിപക്ഷം പറയുന്നതും. ‍‍ഡിജിപി ലോക്നാഥ് ബഹ്റയുടെ പൊലീസ് ആര്‍എസ്എസ് നയമാണ് നടപ്പാക്കുന്നതെന്ന്. അല്ല, താങ്കളുടെ കീഴിലല്ലേ ഈ ഇന്‍റലിജന്‍സ് വിഭാഗമൊക്കെ. അവര്‍ ഇതൊന്നും അന്ന് പറഞ്ഞുതന്നില്ലേ. എട്ടുമാസമായി, അങ്ങനെ ചാരപ്പണി നടത്തിയ പൊലീസുകാര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുത്തോ എന്നിട്ട്? ആ പോട്ടെ. നമുക്കിപ്പോ യൂണിവേഴ്സിറ്റി കോളജിലേക്ക് വരാം.

ഇതിപ്പോ ഡിജിപി തന്നെ ചോര്‍ത്തിക്കൊടുത്തപോലെയാണ്  മുഖ്യമന്ത്രിയുടെ പരാതികേട്ടാല്‍ തോന്നുക. ശബരിമലവിഷയത്തിലൊക്കെ കേന്ദ്രകമ്മിറ്റി കാര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് ഒക്കെ തയ്യാറാക്കിയതാണ്. പക്ഷേ പിണറായി സഖാവിന് മനീതി സംഘത്തെ ശബരിമലയില്‍ കയറ്റാന്‍ സാധിക്കാത്തതിന്‍റെ വിഷമമാണ് ഇപ്പോഴും. വാശിയുടെ കാര്യത്തില്‍ വിജയേട്ടന്‍ ഏവര്‍ക്കും ഒരു മാതൃകയാണ്. നെടുങ്കണ്ടം കസ്റ്റഡികൊലപാതക്കേസോ യൂണിവേഴ്സിറ്റി കോളജില്‍ കത്തിക്കുത്ത് നടന്നപ്പോള്‍ പൊലീസ് നോക്കിനിന്നതോ ഒന്നും പിണറായിക്കൊരു പ്രശ്നമേയല്ല. 

ഇതിപ്പോ പൊലീസിന്‍റെ പിടിപ്പുകേടുകൊണ്ട് നാട്ടില്‍ മുഴുവന്‍ ഓരോ വീട്ടിലും ഒരു സര്‍ക്കാര്‍ ജോലിയുള്ളവര്‍ ഉണ്ടാവും. ഈ നഷ്ടപരിഹാരം കൊടുക്കുന്ന ലക്ഷങ്ങളെങ്കിലും പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാനെങ്കിലും ആഭ്യന്തര മന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രി ശ്രമിക്കണം. 

തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് പരിസരങ്ങളില്‍ സമരങ്ങളിങ്ങനെ പലവിധം ഉണ്ടെങ്കിലും കള്ളുകുടിയന്‍മാരുടെ ക്ഷേമത്തിനും നന്‍മയ്ക്കും വേണ്ടി അരങ്ങേറിയ രണ്ടംഗ സമരത്തെ കാണാതിരിക്കാനാവില്ല തിരുവാ എതിര്‍വായ്ക്ക്. അല്ലെങ്കിലേ എണ്ണത്തില്‍ ബഹുഭൂരിപക്ഷം വരുമെങ്കിലും സര്‍ക്കാര്‍ നേരിട്ട് കടതുറന്ന് 500 ശതമാനമൊക്കെ നികുതിയിട്ട് കുടിക്കാന്‍ സാധനം നല്‍കുന്ന നാട്ടില്‍ കുടിയന്‍മാര്‍ക്കും ചില അവകാശങ്ങളൊക്കെയുണ്ട്. കണ്ടില്ലെന്ന് നടിക്കരുത്.

അങ്ങനെ ലോക്കല്‍ ആളുകളൊന്നുമല്ല സമരം സംഘടിപ്പിച്ചത്. കേരള കുടിയന്‍സ് അസോസിയേഷന്‍റെ സംസ്ഥാനനേതാവാണ് നേരിട്ട് സമരത്തിന് നേതൃത്വം കൊടുക്കുന്നത്. അല്ലേ അങ്ങനെയല്ലേ . അപ്പോ അതാണ് അവസ്ഥ. എന്തൊക്കെ പ്രശ്നങ്ങളാണ് ഈ നാട്ടില്‍. പറഞ്ഞാല്‍ തീരില്ല.