രാജീവ് ഗാന്ധി വിളിച്ച മുദ്രാവാക്യം 2019ല്‍ എടുത്തിടുന്ന പ്രധാനമന്ത്രി

അച്ഛനെ പറയല്‍ അത്ര ശരിയല്ലെങ്കിലും നിത്യജീവിതത്തില്‍ പലര്‍ക്കും സാധാരണയാണ്. പക്ഷേ പത്താംക്ലാസുവരെയെങ്കിലും പഠിച്ചിട്ടുണ്ടെങ്കില്‍ അത് വിളിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാനുള്ള വിവേകം മനുഷ്യനുണ്ടാവും. പക്ഷേ ചിലര്‍ പ്രധാനമന്ത്രിയായാല്‍ പോലും ആ വിവേകം കിട്ടണമെന്നില്ല. ചില നിര്‍ണായകഘട്ടങ്ങളില്‍ എന്നുവച്ചാല്‍ അല്‍പം പതറി നില്‍ക്കുന്ന ഘട്ടങ്ങളില്‍ എതിരാളിയുടെ അച്ഛന് വിളിച്ചുപോകും ചിലര്‍. മനുഷ്യരല്ലേ പറ്റിപ്പോകും എന്നൊക്കെ പറയാം. പക്ഷേ ഇടയ്ക്കെങ്കിലും വിവേകം ശാന്തത ഒക്കെ പ്രകടിപ്പിക്കേണ്ടതല്ലേ. ഒന്നുല്ലെങ്കിലും ലോകാ സമസ്താ സുഖിനോ ഭവന്തു എന്നൊക്കെ നാളെയും നമുക്ക് പറയേണ്ടതല്ലേ എന്നെങ്കിലും ഓര്‍ക്കാമായിരുന്നു.

അപ്പോ പറഞ്ഞുവന്നത് പ്രധാനമന്ത്രിയുടെ പൊളപ്പന്‍ പ്രസംഗങ്ങളെപ്പറ്റിയാണ്. ഇതൊക്കെ കേള്‍ക്കുമ്പോഴാണ് കോപം നിയന്ത്രിക്കാന്‍ പേടി കുറക്കാന്‍ ആശങ്കയില്ലാതാക്കാനൊക്കെ യോഗ ചെയ്യുന്നതില്‍ വല്യകാര്യമൊന്നും ഇല്ലായെന്ന് മനസിലാകുന്നത്. കുറഞ്ഞ പക്ഷം ഒന്നും കിട്ടിയില്ലെങ്കിലും താന്‍ ആരാണെന്ന് ബോധമെങ്കിലും ഉണ്ടായിക്കണ്ടാ മതിയായിരുന്നു. 

അതേതായാലും ഗംഭീരമായി. 1980ലെ മുദ്രാവാക്യം ഒക്കെ എടുത്ത്, എന്നുവച്ചാല്‍ രാജീവ് ഗാന്ധി ജീവിച്ചിരിക്കുമ്പോ ഇലക്ഷനെ നേരിടുമ്പോ ഉണ്ടാക്കിയ മുദ്രാവാക്യം ഈ 2019ല്‍ എടുത്തിടുന്ന ആ ബുദ്ധിയെ നമിക്കണം. പിള്ളാജി മുത്താണ്. നേരത്തെ പറഞ്ഞതുപോലെ നമ്മുടെ ഓരോ ഭാഗ്യങ്ങളെ. 

രാഹുല്‍ പക്ഷേ ഇടയ്ക്ക് നാടുവിട്ട് പോയി ചിലതൊക്കെ പഠിച്ചത് കൊള്ളാം. അതുകൊണ്ട് പ്രതികരണങ്ങള്‍ ഒക്കെ വളരെ സമാധാനപരമാണ്. അച്ഛനെ പറഞ്ഞ മോദിയ്ക്ക് ഒരു മുറുകിയ കെട്ടിപ്പിടിത്തമൊക്കെയാണ് രാഹുല്‍ ഓഫര്‍ ചെയ്യുന്നത്. പക്ഷേ മോദിജിയും പണ്ട് കുറേ കൊല്ലം നാടുവിട്ടിരുന്നു കെട്ടോ.