പോസ്റ്റൽ വോട്ടുകളിൽ കയ്യിട്ടുവാരിയെന്ന് സുരേന്ദ്രന്‍; പാലം പണിയുമായി സുധാകരൻ

ഫോനി ചുഴലിക്കൊടുങ്കാറ്റ് കാരണമാണോ എന്നറിയില്ല. വിഷയങ്ങള്‍ക്ക് വലിയ ദാരിദ്ര്യമാണ്. കള്ളവോട്ടും പിവി അന്‍വറിന്‍റെ നാക്കുമായിരുന്നു കഴി‍ഞ്ഞ ദിവസങ്ങളിലെ പ്രതീക്ഷ. എന്നാല്‍ അന്‍വറിന്‍റെ നാവിന് സിപിഎം പൂട്ടിട്ടതോടെ പണി പാളി. മഴ കഴിഞ്ഞ് മരം പെയ്യും എന്നതുപോലെ വോട്ടെടുപ്പു കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് വിവാദങ്ങള്‍ പെയ്യുന്നതുകൊണ്ടുമാത്രം വീണുകിട്ടുന്ന ചെറിയ ചെറിയ ഇരകളുമായി  ഇന്നത്തെ തിരുവാ എതിര്‍വാ. 

പത്തനംതിട്ടയില്‍ വരത്തനായെത്തിയ കെ സുരേന്ദ്രന്‍ വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ മടങ്ങുമെന്നായിരുന്നു പലരുടെയും വിചാരം. എന്നാല്‍ സുരേന്ദ്രന്‍ പോയിട്ടില്ല. ഇടക്കാലത്ത് നെയ്ത്തേങ്ങ ഏറുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം അകത്തായ സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്കുമാറിയ അന്ന് കാലുകുത്തിയതാണ്. പിന്നെ തിരിച്ചെടുത്തിട്ടില്ല. ഒടുവില്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി. വാടക വീട് ഒഴിയണോ വേണ്ടയോ എന്ന തീരുമാനം വരുന്ന ഇരുപത്തിമൂന്നാം തീയതി ഉണ്ടാകു.ം ഇപ്പോള്‍ സുരേന്ദ്രന്‍റെ പ്രശ്നം മറ്റൊന്നുമല്ല. താമരക്ക് കുത്തുമ്പോള്‍ വോട്ടുവീഴുന്നില്ല എന്നൊരു പരാതി തിരഞ്ഞെടുപ്പുദിവസം സുരേന്ദ്രന്‍ ഉന്നയിച്ചു. മണ്ഡലത്തിലുള്ളവര്‍ക്കേ വോട്ടു ചെയ്യാനാകൂ, കോഴിക്കോട്ടുനിന്നും ഉള്ളിയേരിയില്‍ നിന്നും കൊണ്ടുവന്ന സംഘപുത്രന്മാര്‍ അതില്‍ ഞെക്കിയാല്‍ വോട്ടാകില്ല എന്നു പറഞ്ഞാണ് എതിരാളികള്‍ അന്ന് സുരേന്ദ്രനെ പരിഹസിച്ചത്. ഇപ്പോള്‍ മറ്റൊരു പരാതിയുമായാണ് രംഗപ്രവേശം. പോസ്റ്റല്‍ വോട്ടുകളില്‍ എന്‍ജിഒ സഖാക്കള്‍ കൈയ്യിട്ടുവാരിയെന്നാണ് ആരോപണം.

പണ്ടേ സിപിഎമ്മിനെ പ്രത്യേകിച്ച് കോടിയേരി ബാലകൃഷ്ണനെ സുരേന്ദ്രന് ഇഷ്ടമല്ല. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് പതിവായി പൊലീസ് മന്ത്രിയെ വിമര്‍ശിച്ചാണ് കാസര്‍കോട് ഉള്ളിയേരിക്കാരന്‍ സുരേന്ദ്രന്‍ ഇക്കാണുന്ന കെ സുരേന്ദ്രനായി പരിണമിച്ചത്. പഴയ യുവമോര്‍ച്ചക്കാരന്‍റെ നാവിന് മൂര്‍ച്ച കൂടിയതല്ലാതെ തെല്ലും കുറഞ്ഞിട്ടില്ല. എന്‍ജിഒ യൂണിയന്‍റെ കൈയ്യൂക്കിന് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ പോന്നവനാണ് സുരേന്ദ്രന്‍. ഇനി അതിന്‍റെ പേരില്‍ കേസുവന്നാലും പുത്തരിയല്ല. കഴിഞ്ഞ മൂന്നുമാസത്തിനിടക്ക് സുരേന്ദ്രന്‍ കയറിയ അത്ര കോടതി കേരളത്തില്‍ മറ്റാരും കയറിയിട്ടില്ല.

കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടയിലും പത്തനംതിട്ടയില്‍ ജയം തനിക്കാണെന്നു പറയാനും ഭൂരിപക്ഷം ചോദിക്കുമ്പോള്‍ വിനയാന്വിതനാകാനും കക്ഷിക്ക് കഴിയുന്നുണ്ട്. എഴുപത്തിഅയ്യായിരം വോട്ടിന്‍റെ ഭൂരിപക്ഷമാണ് സുരേന്ദ്രന്‍റെ കാല്‍ക്കുലേറ്ററിലുള്ളത്. കണക്കുകൂട്ടലുകള്‍ പിഴച്ച് അതിന്‍റെ എണ്ണം കൂടിയാല്‍ ആരും പരിതപിക്കരുത്. അത്രകണ്ട് വോട്ടുകള്‍ വിവിധ പാര്‍ട്ടികളില്‍ നിന്നും സമുദായങ്ങളില്‍ നിന്നും മതങ്ങളില്‍നിന്നും ഒഴുകിവരുമെന്നാണ് സ്ഥാനാര്‍ഥിയുടെ എക്സിറ്റിറ്റ് പോള്‍ പറയുന്നത്. നവോഥാന മതില്‍ പണിതതിന്‍റെ ക്ഷീണത്തില്‍ രണ്ടുരണ്ടര മാസക്കാലം നവോഥാനത്തിന് അവധി നല്‍കിയ സിപിഎം മണ്ഡലത്തില്‍ മൂന്നാം സ്ഥാനം കൊണ്ട് തല്‍ക്കാലും തൃപ്തിപ്പെടണമെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. നവോഥാനം സിപിഎം പത്തായത്തിലൊളിപ്പിച്ചുവെന്നത് ശരിയാണെങ്കിലും സുരേന്ദ്രന്‍റെ ബാക്കി പ്രവചനങ്ങള്‍ ശരിയാണോ എന്നറിയാന്‍ പെട്ടി പൊട്ടിക്കുന്നതുവരെ കാത്തിരിക്കണം. പെട്ടി പൊട്ടിച്ചുവെന്ന് പറയരുതെന്നാണ് ഷംസീര്‍ പറഞ്ഞിരിക്കുന്നത്. വോട്ടിങ് മെഷീനായതുകൊണ്ട് പുതിയ പേര് കണ്ടുപിടിക്കണമത്രേ

കെ സുരേന്ദ്രനെ കണ്ടുമടുത്ത സ്ഥിതിക്ക് റിഫ്രഷ് ചെയ്യാന്‍ ഒരിടവേള. തിരിച്ചുവന്നാലുടന്‍ പാലാരിവട്ടം പാലം നമ്മള്‍ അടക്കും.

2016 ഒക്ടോബറില്‍ ഐശ്യര്യമായി തുറന്നുകൊടുത്ത കൊച്ചി പാലാരിവട്ടം പാലം രണ്ടരക്കൊല്ലംകൊണ്ട് താറുമാറായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പണിതതെങ്കിലും ഉദ്ഘാടനെ ചെയ്യാനുള്ള ഭാഗ്യം പിണറായി വിജനായിരുന്നു. അതു പക്ഷേ ഭാഗ്യമാണോ നിര്‍ഭാഗ്യമാണോയെന്ന കാര്യത്തില്‍ മന്ത്രി ജി സുധാകരനുമായി പിണറായി ഒരു അന്താക്ഷരി കളിക്കുന്നുണ്ട്. മൂന്നുവട്ടം ബോംബുപൊട്ടിട്ടിട്ടും കുലുങ്ങാത്ത കോട്ടയം നാഗമ്പടം പാലത്തെ കണ്ട് പഠിക്കാന്‍ ടിപ്പര്‍ ലോറി കയറിയാല്‍ കുലുങ്ങുന്ന പാലാരിവട്ടം പാലത്തോട് കവി സുധാകര മന്ത്രി പറഞ്ഞുവെന്നാണ് കരക്കമ്പി. എന്തായാലും പണിയായി. പാലത്തിനും സര്‍ക്കാരിനും

ഇന്ത്ര്യന്‍ രാഷ്ട്രീയത്തിലെ വിഷപ്പാമ്പുകളെക്കാള്‍ ഭേദമാണ് ഒര്‍ജിനല്‍ പാമ്പുകളെന്ന തിരിച്ചറിവ് തനിക്കുണ്ടെന്ന് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി വൈറലായി. റായ്ബറേലിയിലെത്തിയ പ്രിയങ്ക പൂട്ടൂട തുറക്കുന്ന ലാഘവത്തില്‍ പാമ്പിന്‍റെ കൂട് തുറന്നു. ഓലപ്പാമ്പല്ല ഒര്‍ജിനല്‍ പാമ്പുകാട്ടിയും തന്നെ പേടിപ്പിക്കേണ്ടയെന്ന് മോദിക്കും അമിത്ഷായ്ക്കും മുന്നറിയിപ്പു നല്‍കുക കൂടിയാണ് പ്രിയങ്ക.